ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഇലക്ട്രിക് പോപ്പ് മൊബീൽ
Saturday, December 7, 2024 11:08 AM IST
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ പൊതുസന്ദർശന വേളയിലെ ഉപയോഗത്തിനായി പുതിയ ഇലക്ട്രിക് പോപ്പ് മൊബീൽ സൗജന്യമായി നിർമിച്ചുനൽകി ജർമൻ ആഡംബര വാഹന നിർമാണ കന്പനിയായ മെഴ്സിഡസ് ബെൻസ്.
2030ഓടെ വായുമലിനീകരണമില്ലാത്ത വാഹനങ്ങൾ മാത്രം ഉപയോഗിക്കാനുള്ള തീരുമാനമെടുത്തിട്ടുള്ള വത്തിക്കാനിൽ മാർപാപ്പയുടെ ആവശ്യത്തിനായി ഇലക്ട്രിക് ജി-ക്ലാസ് അടിസ്ഥാനമാക്കി പ്രത്യേകമായി നിർമിച്ചതാണ് ഈ വാഹനം.
മാർപാപ്പയുടെ ആഗ്രഹപ്രകാരം കന്പനി സിഇഒ ഓല കല്ലേനിയൂസ് ഉൾപ്പെടെ, വാഹനനിർമാണത്തിൽ ഏർപ്പെട്ട എല്ലാ തൊഴിലാളികളും വാഹനം കൈമാറിയ ചടങ്ങിൽ പങ്കെടുത്തു. ജൂബിലിവർഷത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് പുതിയ പോപ്പ് മൊബീൽ നിർമിച്ചുനൽകാൻ കന്പനി തീരുമാനിച്ചത്.
മാർപാപ്പയ്ക്കായി ഇത്തരമൊരു സേവനം ചെയ്യാൻ സാധിച്ചത് വലിയൊരു ബഹുമതിയായാണു തങ്ങൾ കാണുന്നതെന്ന് മെഴ്സിഡസ് ബെൻസ് സിഇഒ ഓല കല്ലേനിയൂസ് പറഞ്ഞു. 1930 മുതൽ കഴിഞ്ഞ ഏതാണ്ട് നൂറു വർഷത്തോളമായി മാർപാപ്പമാരുടെ യാത്രകൾക്കുപയോഗിക്കുന്ന വാഹനങ്ങളുമായി ബന്ധപ്പെട്ട് തങ്ങൾ പ്രവർത്തിച്ചുവരുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
1930ൽ പതിനൊന്നാം പിയൂസ് മാർപാപ്പയ്ക്കാണ് മെഴ്സിഡസ് ആദ്യമായി പോപ്പ് മൊബീൽ നൽകിയത്. നിലവിൽ പ്രത്യേകം തയാറാക്കിയ ജി-ക്ലാസ് വാഹനമാണു മാർപാപ്പ പൊതുസന്ദർഷന വേളകളിൽ ഉപയോഗിക്കുന്നത്. എന്നാൽ അതിൽ പെട്രോളാണ് ഇന്ധനമായി ഉപയോഗിക്കുന്നത്.
ഫ്രാൻസിസ് മാർപാപ്പയുടെ പ്രത്യേകമായ ആവശ്യങ്ങൾ കൂടി പരിഗണിച്ച്, കന്പനിയുടെ വിവിധ പ്ലാന്റുകളിൽനിന്നുള്ള വിദഗ്ധർ ഉൾപ്പെടുന്ന സംഘം കഴിഞ്ഞ ഒരു വർഷത്തെ പരിശ്രമത്തിനൊടുവിലാണ് പുതിയ പോപ്പ് മൊബീൽ നിർമിച്ചത്.
മാർപാപ്പയുടെ യാത്ര ആയാസരഹിതമാക്കുക എന്ന ഉദ്ദേശ്യത്തോടെ എളുപ്പത്തിൽ വട്ടം കറങ്ങാൻ സാധിക്കുന്ന സീറ്റാണ് ഇതിലുള്ളത്. കുറഞ്ഞ വേഗതയിൽ സഞ്ചരിക്കാനായി പ്രത്യേകമായി ഒരുക്കിയതാണ് SCV1 (വത്തിക്കാൻ സിറ്റി സ്റ്റേറ്റ് 1) എന്ന നമ്പറോടുകൂടിയ ഈ വെള്ളനിറത്തിലുള്ള വാഹനം.