പ്രവർത്തനങ്ങൾ വിപുലമാക്കാൻ ഐജെഎസ് യുകെ; പരിപാടികളുടെ സമയക്രമം പ്രഖ്യാപിച്ചു
വിൽസൺ പുന്നോലിൽ
Monday, December 2, 2024 11:17 AM IST
ലണ്ടൻ: യുകെയിലെ സംഗമങ്ങളുടെ സംഗമമായ ഇടുക്കി ജില്ല സംഗമത്തെ(ഐജെഎസ്) കൂടുതൽ ജനകീയവും ശക്തവും സംഘടിതവുമായ കൂട്ടായ്മയായി മാറ്റുവാൻ ഐജെഎസ് ഭരണ സമിതി തീരുമാനമെടുത്തു.
ഐജെഎസ് ഭാരവാഹികളുടെ റെഡിംഗിൽ ചേർന്ന യോഗത്തിൽ സംഘടനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യുകെയിൽ എത്തി ചേർന്ന എല്ലാ ഇടുക്കികാരെയും സംഗമത്തിൽ അംഗങ്ങളാക്കുവാനുള്ള ശ്രമത്തിലാണ്.
ജനപങ്കാളിത്വവും അംഗങ്ങളുടെ ആത്മാർഥ സഹകരണവും വൈവധ്യപൂർണമായ കലാ സംസ്കാരിക പരിപാടി കൊണ്ടും ബ്രിട്ടനിലെ ഏറ്റവും പ്രധാന സംഗമങ്ങളിലൊന്നാണ് ഇടുക്കി ജില്ലാ സംഗമം എങ്കിലും കൂട്ടായ്മയെ കൂടുതൽ ശക്തവും ജനകീയവുമാക്കി തീർക്കുവാനുള്ള ശ്രമത്തിലാണ് കമ്മിറ്റി.
മുൻ വർഷങ്ങളിലേതുപോലെ തന്നെ സംഗമവുമായി ബന്ധപ്പെട്ടു നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങൾ, കായിക മത്സരങ്ങൾ, സംസ്കാരിക കൂട്ടായ്മ തുടങ്ങിയവയെക്കുറിച്ച് ചർച്ചകൾ നടത്തുകയും അവ കൂടുതൽ ജനപങ്കാളിത്വത്തോടെ കൂടുതൽ വിപുലമായി സംഘടിപ്പിക്കുവാനും കമ്മിറ്റി തീരുമാനിച്ചു.
ഇത്തവണത്തെ ഇടുക്കി ജില്ലാ സംഗമ കുടംബ കൂട്ടായ്മ ഇംഗ്ലണ്ടിലെ തെക്ക് കിഴക്കൻ നഗരമായ ബാസിൽഡണിൽ മേയ് 24ന് നടത്തും. സംഗമത്തിൽ എത്തുന്നവർ കുടുംബാംഗങ്ങളുമായി എത്തണമെന്നും പരിപാടി വിജയകരമായി തീർക്കുവാൻ ഓരോ അംഗങ്ങളും മുന്നോട്ടു വരണമെന്നും ഐജെഎസ് ഭരണസമിതി അഭ്യർഥിച്ചു.
മുൻ വർഷങ്ങളിൽ ഇടുക്കി ജില്ല സംഗമം അഭിമാനകരമായി സംഘടിപ്പിച്ച വടംവലി മത്സരത്തിനു നേതൃത്വം കൊടുത്ത ഇടുക്കി ജില്ല സംഗമം മുൻ കൺവീനർ ബാബു തോമസിന്റെയും സാൻറ്റോ ജേക്കബിന്റെയും നേതൃത്വത്തിൽ തന്നെ മേയ് നാലിന് നോർത്താംപ്ടണിൽ വച്ച് ഓൾ യുകെ വടംവലി മത്സരം സംഘടിപ്പിക്കുന്നതാണ്.
ബാഡ്മിന്റൺ ടൂർണമെന്റ് മാർച്ച് അവസാനത്തിൽ ഐജെഎസ് മുൻ കൺവീനർ ജെസ്റ്റ്യൻ എബ്രാഹമിന്റെ നേതൃത്വത്തിൽ നോട്ടിംഗ്ഹാമിൽ വച്ച് നടത്തുന്നതായിരിക്കും.
പ്രസിഡന്റ് സിബി ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന ഭരണ സമിതി യോഗത്തിൽ സെക്രട്ടറി ജോമോൻ ചെറിയാൻ സ്വാഗതവും ട്രഷറർ റോയ് ജോസഫ് നന്ദിയും പറഞ്ഞു.
ദ്വദിന മീറ്റിംഗിൽ മുൻ കൺവീനറമാരായ ജിമ്മി ജേക്കബ്, ബാബു തോമസ്, പിആർഒ വിൽസൺ പുന്നോലിൽ, സാജു ജോർജ്, ജോഷി ജോസഫ്, ബാബു മക്കുഴിയിൽ, ജിനേഷ് ലൂക്ക എന്നിവർ പങ്കെടുത്തു.
ഇടുക്കി ജില്ല സംഗമ കൂട്ടായ്മയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്ത് സംഗമത്തിന്റെ വാട്സ്അപ് ഗ്രൂപ്പിൽ ചേരണമെന്ന് സംഘാടകർ അറിയിച്ചു.
Follow this link to join my WhatsApp group: https://chat.whatsapp.com/8vrUQ4rG4OSGhjNk4EZvvZ