അവിശ്വാസം പാസായി; ബാർണിയെ കാവൽ പ്രധാനമന്ത്രിയായി തുടരും
Friday, December 6, 2024 8:00 AM IST
പാരീസ്: ഫ്രഞ്ച് സർക്കാരിനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. പ്രധാനമന്ത്രി മിഷേൽ ബാർണിയെ രാജിവച്ചു. എന്നാൽ, അദ്ദേഹത്തോട് കാവൽ പ്രധാനമന്ത്രിയായി തുടരാൻ പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ നിർദേശിച്ചു.
1962നു ശേഷം ആദ്യമായിട്ടാണു ഫ്രഞ്ച് സർക്കാർ അവിശ്വാസത്തിൽ വീഴുന്നത്. 90 ദിവസം മാത്രം ഭരിച്ച ബാർണിയെയ്ക്ക് ഏറ്റവും കുറഞ്ഞ കാലം പ്രധാനമന്ത്രിയായിരുന്നതിന്റെ റിക്കാർഡും ലഭിച്ചു.
പാർലമെന്റിൽ ഭൂരിപക്ഷമില്ലാത്ത ബാർണിയേ സർക്കാർ പൊതുബജറ്റ് വോട്ടിനിടാതെ, പ്രത്യേക അധികാരങ്ങളുപയോഗിച്ചു പാസാക്കാൻ നടത്തിയ നീക്കങ്ങളാണ് അവിശ്വാസപ്രമേയത്തിലേക്കു വഴിവച്ചത്.
സർക്കാരിന്റെ പതനം പ്രസിഡന്റ് മക്രോണിനെ കൂടുതൽ ദുർബലനാക്കും. ജൂൺ, ജൂലൈ മാസങ്ങളിലെ ഇടക്കാല തെരഞ്ഞെടുപ്പു മുതൽ അദ്ദേഹം തൊടുന്നതെല്ലാം പിഴയ്ക്കുകയാണ്. യൂറോപ്യൻ യൂണിയൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ തീവ്രവലതുപക്ഷം മുന്നിലെത്തിയതുകൊണ്ടാണ് മക്രോൺ ഫ്രാൻസിൽ ഇടക്കാല തെരഞ്ഞെടുപ്പു നടത്തിയത്.
തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ റിനൈസെൻസ് പാർട്ടി പിന്നിലാവുകയും ഇടതുപക്ഷം ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുകയും ചെയ്തു. പക്ഷേ, വലതുപക്ഷ നേതാവും യൂറോപ്യൻ യൂണിയന്റെ മുൻ ബ്രെക്സിറ്റ് ചർച്ചാ മേധാവിയുമായ മിഷേൽ ബാർണിയേയെ പ്രധാനമന്ത്രിയാക്കാനാണു മക്രോൺ തീരുമാനിച്ചത്.
യൂറോപ്പിലെ രണ്ടാമത്തെ സാന്പത്തികശക്തിയായ ഫ്രാൻസിൽ മാസങ്ങളായി തുടരുന്ന രാഷ്ട്രീയാസ്ഥിരത യൂറോപ്യൻ യൂണിയനെ പ്രതിസന്ധിയിലാക്കുന്നു. ഒന്നാമത്തെ സാന്പത്തികശക്തിയായ ജർമനി കൂട്ടുകക്ഷി ഭരണം തകർന്ന് തെരഞ്ഞെടുപ്പിലേക്കു നീങ്ങുകയാണ്.