നോത്ര്ദാം കത്തീഡ്രൽ ഫ്രഞ്ച് പ്രസിഡന്റ് സന്ദര്‍ശിച്ചു
ജോസ് കുമ്പിളുവേലിൽ
Wednesday, December 4, 2024 4:08 PM IST
പാരീസ്: പാരീസിലെ നവീകരിച്ച നോത്ര്ദാം കത്തീഡ്രൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ സന്ദർശിച്ചു. പ്രസിഡന്റിന്റെ സന്ദർശനം തത്സമയം ടെലിവിഷനിൽ സംപ്രേഷണം ചെയ്തിരുന്നു.
കത്തീഡ്രലിന്റെ പുനര്‍നിര്‍മാണ പ്രക്രിയ വിജയകരമാക്കിയതിലും പുരാതന ഗോത്തിക് വാസ്തുവിദ്യയുടെ തനിമ അതേപടി നിലനിർത്തികൊണ്ടുളള ഇന്റീരിയറുകളിലും പ്രസിഡന്റ് സന്തോഷം പ്രകടിപ്പിച്ചു.
പുനർനിർമാണത്തിന് ശേഷം ടെലിവിഷനിലൂടെയാണെങ്കിലും ഇതാദ്യമായാണ് കത്തീഡ്രലിലെ കാഴ്ചകൾ പുറം ലോകം കാണുന്നത്. ഭാര്യ ബ്രിജിറ്റ്, പാരീസ് ആര്‍ച്ച്ബിഷപ് ലോറന്റ് ഉള്‍റിഷ് എന്നിവരും പ്രസിഡന്റിന് ഒപ്പമുണ്ടായിരുന്നു.
ഡിസംബർ ഏഴിന് നടക്കുന്ന പുനർക്കൂദാശാകർമത്തിലും തൊട്ടടുത്ത ദിവസം പുതിയ അൾത്താരയിൽ നടക്കുന്ന കുർബാനയിലും പ്രസിഡന്റ് പങ്കെടുക്കും. ഡിസംബർ എട്ട് മുതൽ കത്തീഡ്രലിൽ പൊതുജനങ്ങൾക്ക് പ്രവേശനം നൽകും. പ്രതിവര്‍ഷം ഏകദേശം 15 ദശലക്ഷം സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്.
തീപിടിത്തത്തിൽ കത്തീഡ്രലിന്റെ ഉൾഭാഗം നേരത്തെ നശിച്ചിരുന്നു. ഏകദേശം ആയിരം വർഷം പഴക്കമുള്ള കത്തീഡ്രൽ പുനർനിർമിക്കാൻ അഞ്ചു വർഷത്തോളം വേണ്ടിവന്നു. 700 ദശലക്ഷം ഡോളർ ചെലവിട്ടാണ് കത്തീഡ്രൽ പുനർനിർമിച്ചത്. 2019 ഏപ്രിലിലാണ് കത്തീഡ്രലിൽ തീപിടിത്തമുണ്ടായത്.