അയർലൻഡിൽ കൂട്ടുമന്ത്രിസഭയ്ക്കായുള്ള ചർച്ചകളാരംഭിച്ചു
ജെയ്സൺ കിഴക്കയിൽ
Tuesday, December 3, 2024 1:35 PM IST
ഡബ്ലിൻ: ഐറിഷ് പാർലമെന്റിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിൽ ആർക്കും ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ കൂട്ടുമന്ത്രിസഭയ്ക്കായുള്ള ചർച്ചകളാരംഭിച്ചു.
തിങ്കളാഴ്ച രാത്രിയോടെയാണ് വോട്ടെണ്ണൽ പൂർത്തിയായത്. നിലവിലെ ഭരണ പക്ഷത്തെ പ്രമുഖ പാർട്ടികളായ ഫിനാഫാളും ഫിനെഗിലും ചേർന്ന് മന്ത്രിസഭ രൂപീകരിക്കാനുള്ള ചർച്ചകളാണ് പ്രധാനമായും പുരോഗമിക്കുന്നത്.
ഇതിനിടെ ഇടതു കക്ഷികൾ തമ്മിലുള്ള ചർച്ചകളും പുരോഗമിക്കുന്നുണ്ട്. ബുധനാഴ്ച ഫിനഫാൾ, ഫിനഗേൽ സിൻഫെയ്ൻ തുടങ്ങിയവരുടെ പാർലമെന്ററി പാർട്ടി യോഗം ചേരും.
മൊത്തം 174 അംഗ സഭയിൽ ഫിനാഫാൾ 48 ഫിനഗേൽ 38 സിൻഫെയ്ൻ 39 എന്നിങ്ങനെയാണ് പ്രധാന പാർട്ടികൾ നേടിയ സീറ്റുകൾ. നിലവിൽ കൂട്ടുഭരണത്തിലുണ്ടായിരുന്ന ഗ്രീൻ പാർട്ടിക്ക് ഒരു സീറ്റ് മാത്രമേ നേടാനായുള്ളൂ.
തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയും സോഷ്യൽ ഡെമോക്രാറ്റും 11 വീതം സീറ്റുകൾ നേടി. 16 സ്വതന്ത്രരും വിജയിച്ചു. 88 സീറ്റുകളാണ് ഭരണത്തിലേറാൻ വേണ്ടത്.
ഫിനഫോളും ഫിനഗേലും ചെറുപാർട്ടികളുടെയോ സ്വതന്ത്രരുടെയോ പിന്തുണയോടെ സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങളാണ് ആരംഭിച്ചിട്ടുള്ളത്.
ഫിനാഫാൾ പാർട്ടി ടിക്കറ്റിൽ മത്സരിച്ച മലയാളി മഞ്ജു ദേവിക്ക് വിജയിക്കാനായില്ല.