കരോൾ ഗാനമത്സരം: ഒന്നാം സ്ഥാനം ഓക്സ്ഫോർഡ് കർദിനാൾ ന്യൂമാൻ മിഷന്
ഷൈമോൻ തോട്ടുങ്കൽ
Wednesday, December 11, 2024 12:39 PM IST
ലെസ്റ്റർ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത കമ്മീഷൻ ഫോർ ചർച്ച് ക്വയറിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ക്രിസ്മസ് കരോൾ ഗാനമത്സരത്തിൽ "കൻദിഷ്' ഒന്നാം സ്ഥാനം ഓക്സ്ഫോർഡ് കർദിനാൾ ന്യൂമാൻ മിഷൻ കരസ്ഥമാക്കി.
രണ്ടാം സ്ഥാനം മാൻസ് ഫീൽഡ് ആൻഡ് സട്ടൻ മാർ യൗസേഫ് കമ്മ്യൂണിറ്റിയും മൂന്നാം സ്ഥാനം ലിവർപൂൾ മാർ സ്ലീവാ മിഷനും കരസ്ഥമാക്കി. ലെസ്റ്റർ മദർ ഓഫ് ഗോഡ് പള്ളി ഹാളിൽ നടന്ന കരോൾ ഗാന മത്സരത്തിൽ രൂപതയുടെ വിവിധ ഇടവക മിഷനുകളെ പ്രതിനിധീകരിച്ച് പതിനാല് ടീമുകൾ ആണ് പങ്കെടുത്തത്.
വിജയികൾക്ക് രൂപത ചാൻസിലർ റവ. ഡോ. മാത്യു പിണക്കാട്ട് കാഷ് പ്രൈസും സമ്മാനങ്ങളും വിതരണം ചെയ്തു. കമ്മീഷൻ ഫോർ ചർച്ച് ക്വയർ ചെയർമാൻ റവ. ഫാ. പ്രജിൽ പണ്ടാരപ്പറമ്പിൽ, ലെസ്റ്റർ മദർ ഓഫ് ഗോഡ് പള്ളി വികാരി റവ. ഫാ. ഹാൻസ് പുതിയകുളങ്ങര, കോഓർഡിനേറ്റർ ജോമോൻ മാമ്മൂട്ടിൽ, കമ്മീഷൻ ഫോർ ക്വയർ അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ലെസ്റ്റർ മദർ ഓഫ് ഗോഡ് പള്ളി വിമൻസ് ഫോറം അംഗങ്ങൾ, പള്ളി കമ്മിറ്റി അംഗങ്ങൾ എന്നിവരും പരിപാടിയുടെ സുഗമമായ നടത്തിപ്പിന് സഹായകമായി.