ഭാരതസഭയ്ക്കാകെ അഭിമാന നിമിഷം: മാർ തോമസ് തറയിൽ
Saturday, December 7, 2024 11:18 AM IST
വത്തിക്കാൻ സിറ്റി: മാർ ജോർജ് കൂവക്കാട്ടിന്റെ കർദിനാൾ സ്ഥാനലബ്ധി ഭാരതസഭയ്ക്കും പ്രത്യേകിച്ച് സീറോമലബാർ സഭയ്ക്കും അഭിമാനകരമായ നിമിഷങ്ങളാണെന്ന് ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ. വളരെ ഹൃദ്യമായ ഒരന്തരീക്ഷത്തിലാണ് എല്ലാവരുമെന്നും മാർ ജോർജ് കൂവക്കാട്ട് കർദിനാളായി ഉയർത്തപ്പെടുന്ന കൺസിസ്റ്ററിയിൽ പങ്കെടുക്കാൻ വത്തിക്കാനിലെത്തിയ മാർ തോമസ് തറയിൽ ദീപികയോടു പറഞ്ഞു.
ഭാരതസഭയ്ക്കു മുഴുവൻ ഉത്സവത്തിന്റെ അന്തരീക്ഷമാണ്. ഭാരതസഭയോടുള്ള ഫ്രാൻസിസ് മാർപാപ്പയുടെ പ്രത്യേക പരിഗണനയാണ് മാർ ജോർജ് കൂവക്കാട്ടിന്റെ കർദിനാൾ സ്ഥാനം.
ഭരാതത്തിൽനിന്നുള്ള ഒരാൾ വേണമെന്ന് ചിന്തിച്ചപ്പോൾ ആദ്യം വന്നപേര് മാർ കൂവക്കാട്ടിന്റേതായിരിക്കും. അദ്ദേഹത്തന്റെ എളിമയും ദൗത്യനിർവഹണത്തിലെ ആത്മാർഥതയും സഭയ്ക്കു നൽകിയ സംഭാവനകളും ദീർഘവീക്ഷണവുമെല്ലാം മാർപാപ്പയെ സ്വാധീനിച്ചിട്ടുണ്ടാകാം.
പുതിയ കർദിനാൾ നിയമനത്തിൽ വ്യത്യസ്തമായ തെരഞ്ഞെടുപ്പാണ് ഇക്കുറി മാർപാപ്പ സ്വീകരിച്ചിരിക്കുന്നത്. ഏഷ്യൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്ക് പ്രത്യേക പ്രാതിനിധ്യം നൽകിക്കൊണ്ടാണ് . മാർപാപ്പ ഇത്തവണത്തെ കർദിനാൾ സംഘത്തെ തെരഞ്ഞെടുത്തിരിക്കുന്നത്.
കേരളസഭയിലെ കർദിനാൾമാരിൽ മൂന്നുപേർ ചങ്ങനാശേരിയിൽനിന്നാണ് എന്നത് അതിരൂപതയ്ക്ക് വലിയ സന്തോഷം നൽകുന്നു. എക്കാലവും സാർവത്രികസഭയോടു ചേർന്നുള്ള നിലാപാടാണ് അതിരൂപത എടുത്തിട്ടുള്ളത്.
സഭയോടും മാർപാപ്പയോടുമുള്ള വിധേയത്വം എന്നും ചങ്ങനാശേരി അതിരൂപതയുടെ മുഖമുദ്രയാണ്. അതിനുള്ള ദൈവാനുഗ്രഹമായാണ് ഈ കർദിനാൾ പദവിയെയും കാണുന്നത്.
മാർ കൂവക്കാട്ടിനെ കർദിനാളായി ഉയർത്തുന്ന ചടങ്ങിനു സാക്ഷ്യംവഹിക്കാൻ കേന്ദ്രസർക്കാർ പ്രത്യേക പ്രതിനിധി സംഘത്തെ അയച്ചതിൽ അതിയായ സന്തോഷമുണ്ട്.
കേന്ദ്രസഹമന്ത്രി ജോർജ് കുര്യന്റെ നേതൃത്വത്തിലുള്ള ഏഴംഗസംഘം വത്തിക്കാനിലെത്തിയത് അഭിമാനകരമാണെന്നും മാർ തോമസ് തറയിൽ പറഞ്ഞു.
മാർ കൂവക്കാട്ടിന്റെ ശ്ലൈഹിക മുദ്രയുടെ അർഥതലങ്ങൾ
മുദ്രയുടെ കേന്ദ്രസ്ഥാനം അലങ്കരിക്കുന്നത്, പുഷ്പിത അഗ്രങ്ങളോടുകൂടിയ മാർത്തോമ്മാസ്ലീവായുടെ പ്രധാന ഭാഗമാണ്. സ്ലീവായിൽ പതിച്ചിരിക്കുന്ന അഞ്ചു ചുവന്ന രത്നങ്ങൾ തന്റെ പീഡാസഹനവും മരണവും ഉത്ഥാനവും വഴി നമ്മെ രക്ഷിച്ച മിശിഹായുടെ സ്നേഹത്തിന്റെ പ്രകാശനമായി നിലകൊള്ളുന്ന അവന്റെ അഞ്ചു തിരുമുറിവുകളെ പ്രതീകാത്മകമായി ചിത്രീകരിക്കുന്നു.
ചുവന്ന പശ്ചാത്തലത്തിൽ ചിറകുകൾ വിരിച്ച രീതിയിൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്ന പ്രാവ് പരിശുദ്ധാത്മാവിന്റെ പ്രതീകമാണ്. ചുവപ്പുനിറം സുവിശേഷത്തിന്റെ യഥാർഥ നായകനും സഭയുടെ ഭൗമിക തീർഥാടനത്തിന്റെ ചുക്കാൻപിടിക്കുന്നവനും ലോകം മുഴുവനിലും ദൈവസ്നേഹം വ്യാപിപ്പിക്കുന്നവനുമായ റൂഹായുടെ ദാനങ്ങളെ പ്രതിനിധാനം ചെയ്യുന്നു.
റൂഹായുടെ പ്രതീകമായ പ്രാവ് ഇന്ത്യയുടെ ദേശീയപുഷ്പമായ താമരയെ പ്രകാശിപ്പിക്കുന്നു. താമരയുടെ ദളങ്ങൾ ഇന്ത്യൻ ദേശീയപതാകയുടെ നിറങ്ങളായ കുങ്കുമം, വെള്ള, പച്ച എന്നിവയെ സന്നിഹിതമാക്കുന്നു.
ഫ്രാഗ്രാൻസിയാം ക്രിസ്റ്റി കാരിത്താസിന് എഫുൻദരെ (മിശിഹായുടെ സ്നേഹത്തിന്റെ പരിമളം പരത്തുക) എന്ന ആപ്തവാക്യം പ്രതിഫലിപ്പിക്കുന്നത്, താമരപ്പൂവ് തീവ്രവും മധുരമുള്ളതുമായ സുഗന്ധം പുറപ്പെടുവിക്കുന്നതുപോലെ ഈ ലോകത്തിൽ മിശിഹായുടെ സ്നേഹത്തിന്റെ പരിമളമാകാൻ നാമും വിളിക്കപ്പെട്ടിരിക്കുന്നു (2 കോറി. 2:15) എന്ന സത്യമാണ്.
ഈശോ മിശിഹായുടെ സന്ദേശം എന്ന ഗ്രന്ഥത്തിൽ മഹാത്മാഗാന്ധി ഇപ്രകാരം നിരീക്ഷിച്ചു: “ഒരു റോസപ്പൂവിനു പ്രസംഗിക്കേണ്ട ആവശ്യമില്ല, അത് അതിന്റെ പരിമളം പരത്തുന്നു. ആ സുഗന്ധം അതിന്റെ സ്വന്തം പ്രഭാഷണമാണ്”.
താമരപ്പൂവിന്റെ ഇടത്തുവശത്ത് നീല പശ്ചാത്തലത്തിൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്ന അഷ്ടഭുജങ്ങളുള്ള സുവർണതാരകം, സമുദ്രതാരകവും മിശിഹായുടെയും സഭയുടെയും മാതാവുമായ കന്യകാമറിയത്തിന്റെ പ്രതീകമാണ്. ഒപ്പം ഫ്രാൻസിസ് മാർപാപ്പയുടെ സ്ഥാനികമുദ്രയിൽനിന്നു കടംകൊണ്ട ഈ നക്ഷത്രം അദ്ദേഹത്തോടുള്ള ആദരവിന്റെ പ്രകാശനമായും വർത്തിക്കുന്നു.
ശ്ലൈഹികമുദ്ര പൗരസ്ത്യ മെത്രാന്മാരുടെ സുറിയാനി ശൈലിയിലുള്ള തലപ്പാവിനാൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ഇരുവശത്തും പത്തുവീതം ഇരുപത് പച്ച തൂവാലകളാണ് ആർച്ച്ബിഷപ്പിന്റെ മുദ്രയിൽ കാണുന്നത്.
ഇന്ത്യയിൽനിന്നുള്ള കർദിനാൾമാർ
കർദിനാൾ പദവിയിലെത്തിയ വർഷം ബ്രാക്കറ്റിൽ
ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ് (2007)
മാർ ജോർജ് ആലഞ്ചേരി (2012)
മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ (2012)
ഡോ. ഫിലിപ്പ് നേരി ഫെറാവോ (2022)
ഡോ. ആന്റണി പൂല (2022)
മാർ ജോർജ് ജേക്കബ് കൂവക്കാട്ട് (2024)
ദിവംഗതരായവർ:
ഡോ. ടെലസ്ഫോർ പ്ലാസിഡസ് ടോപ്പോ (2003)
ഡോ. ഐവാൻ ഡയസ് (2001)
മാർ വർക്കി വിതയത്തിൽ (2001)
മാർ ആന്റണി പടിയറ (1988)
ഡോ.സൈമൺ ഇഗ്നേഷ്യസ് പിമെന്റ (1988)
ഡോ. ദുരൈസ്വാമി സൈമൺ ലൂർദ്ദ്സ്വാമി (1985)
ഡോ. ലോറൻസ് ട്രെവർ പിക്കാച്ചി (1976)
ഡോ. ജോസഫ് മേരി ആന്റണി കോർഡെറോ (1973)
മാർ ജോസഫ് പാറേക്കാട്ടിൽ (1969)
ഡോ.ജോസ് ദ കോസ്റ്റ ന്യൂൻസ് (1962)
ഡോ. വലേറിയൻ ഗ്രേഷ്യസ് (1953)
ഡോ. ലൂയിസ് ഫ്രാങ്കോയിസ് ദി ബൗസെറ്റ് (1817-പുതുച്ചേരിയിൽ ജനിച്ച ഫ്രഞ്ചുകാരൻ)