കരോൾ ഗാനസന്ധ്യ "ജോയ് ടു ദ വേൾഡ്' ശനിയാഴ്ച; ഒരുക്കങ്ങൾ പൂർത്തിയായി
ബിനു ജോർജ്
Thursday, December 5, 2024 4:54 PM IST
കവൻട്രി: യുകെയിലെ വിവിധ ഗായക സംഘങ്ങളെ അണിനിരത്തിക്കൊണ്ട് ഗർഷോം ടിവിയും ലണ്ടൻ അസാഫിയൻസും സംയുക്തമായി നടത്തിവരുന്ന ഓൾ യുകെ എക്ക്യൂമെനിക്കൽ ക്രിസ്മസ് കരോൾ മത്സരത്തിന്റെ ഏഴാം സീസൺ ശനിയാഴ്ച കവൻട്രിയിൽ നടക്കും.
കവൻട്രി വില്ലൻ ഹാൾ സോഷ്യൽ ക്ലബിൽ വച്ച് ഉച്ചകഴിഞ്ഞ് രണ്ട് മുതൽ സംഘടിപ്പിക്കുന്ന കരോൾ ഗാനസന്ധ്യയിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി ഗായകസംഘങ്ങൾ മത്സരിക്കും.
കരോൾ ഗാനമത്സരങ്ങൾക്ക് ശേഷം പ്രമുഖ ഗായകരെയും സംഗീതജ്ഞരെയും അണിനിരത്തികൊണ്ട് ലണ്ടനിലെ പ്രമുഖ സംഗീത ബാൻഡായ ലണ്ടൻ അസാഫിയൻസ് അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക്കൽ ഷോയും നടക്കും.
കഴിഞ്ഞവർഷങ്ങളിലേതുപോലെ തന്നെ കരോൾ ഗാന മത്സരത്തിൽ വിജയികളാകുന്നവരെ കാത്തിരിക്കുന്നത് അത്യാകർഷകങ്ങളായ കാഷ് അവാർഡുകളും ട്രോഫികളുമാണ്.
ഒന്നാം സമ്മാനമായി 1000 പൗണ്ടും രണ്ടാം സമ്മാനമായി 500 പൗണ്ടും മൂന്നാം സമ്മാനമായി 250 പൗണ്ടുമാണ് വിജയിക്കുന്ന ടീമുകൾക്ക് ലഭിക്കുക. കൂടാതെ സ്പെഷ്യൽ ക്യാറ്റഗറികളിലായി വിവിധ സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
ജോയ് ടു ദ വേൾഡിന്റെ ആറാം പതിപ്പിൽ തിരുപ്പിറവിയുടെ സന്ദേശവുമായി യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പതിനൊന്നു ഗായകസംഘങ്ങള്‍ മാറ്റുരച്ചപ്പോള്‍ കിരീടം ചൂടിയത് കവൻട്രി വർഷിപ്പ് സെന്റർ ഗായകസംഘമായിരുന്നു.
ഹെർമോൻ മാർത്തോമ്മാ ചർച്ച് മിഡ്ലാൻഡ്സ് രണ്ടാം സ്ഥാനവും ഹാർമണി ഇൻ ക്രൈസ്റ്റ് ക്വയർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സെന്റ ജെയിംസ് മാർത്തോമ്മാ ചർച്ച് ലണ്ടൻ നാലാം സ്ഥാനവും സഹൃദയ ടൺബ്രിഡ്ജ് വെൽസ് അഞ്ചാം സ്ഥാനവും നേടി. ഏറ്റവും നല്ല അവതരണത്തിനുള്ള "ബെസ്റ്റ് അപ്പിയറൻസ്' അവാർഡിന് ബിർമിംഗ്ഹാം ക്നാനായ കാത്തലിക് അസോസിയേഷൻ അർഹരായി.
ജോയ് ടു ദി വേൾഡ് സീസൺ ഏഴ് അരങ്ങേറുന്ന കവൻട്രി വില്ലൻ ഹാൾ സോഷ്യൽ ക്ലബിലെ വിശാലമായ ഓഡിറ്റോറിയവും അനുബന്ധസൗകര്യങ്ങളും മികച്ച പാർക്കിംഗ് സൗകര്യങ്ങളും ഈ സംഗീതസായാഹ്നത്തെ മികവുറ്റതാക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കുമായി ഉച്ചമുതൽ തുറന്നു പ്രവർത്തിക്കുന്ന രുചികരമായ ഭക്ഷണ കൗണ്ടറുകൾ, കേക്ക് സ്റ്റാളുകൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന വിവിധ പള്ളികളുടെയും സംഘടനകളുടെയും ഗായകസംഘങ്ങളുടെയും സഹകരണത്തോടെ നടത്തുന്ന ഈ സംഗീതസായാഹ്നത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി ജോയ് ടു ദ വേൾഡ് പ്രോഗ്രാം കോഓർഡിനേറ്റർ ജോഷി സിറിയക് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 07958236786, 07720260194. പ്രോഗ്രാം നടക്കുന്ന വേദിയുടെ അഡ്രസ്: Willenhall Social Club, Robin Hood Rd, Coventry CV3 3BB.