ഫ്രാങ്ക്ഫര്‍ട്ടില്‍ എക്യുമെനിക്കല്‍ കരോള്‍ ശനിയാഴ്ച
ജോസ് കുമ്പിളുവേലില്‍
Thursday, December 5, 2024 8:19 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്ത്യന്‍ സഭകളുടെ നേതൃത്വത്തില്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 മുതല്‍ ഫ്രാങ്ക്ഫര്‍ട്ട് എക്കെന്‍ഹൈമിലെ ഹെര്‍സ് യേശു പള്ളിയില്‍ എക്യുമെനിക്കല്‍ കരോള്‍ സംഘടിപ്പിക്കുന്നു.
ഇന്ത്യയിലെ വിവിധ സഭകളുടെ എക്യുമെനിക്കല്‍ കൂട്ടായ്മയ്ക്ക് സീറോമലങ്കര സഭയിലെ ഫാ. സന്തോഷ് തോമസ് ചീഫ് കോഓര്‍ഡിനേറ്ററും യാക്കോബായ സഭയിലെ ഡിപിന് പോള്‍ അസിസ്റ്റന്റ് കോഓര്‍ഡിനേറ്ററുമായി സീറോ മലബാര്‍, സീറോമലങ്കര, യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ്, മാര്‍ത്തോമ്മാ, ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭകള്‍ ഉള്‍പ്പെടെയുള്ള സംഘടനകളുടെ വികാരിമാരും പ്രതിനിധികളും ചേര്‍ന്ന കമ്മിറ്റിയാണ് നേതൃത്വം നല്‍കുന്നത്.
ആഘോഷത്തില്‍ ലിംബുര്‍ഗ് രൂപതയിലെ ഇതരഭാഷാ കത്തോലിക്കാ സഭകളുടെ കണ്‍സള്‍ട്ടന്റ് അലക്സാന്ദ്ര ഷുമാന്, ഫ്രാങ്ക്ഫര്‍ട്ട് സെന്റ് ഫ്രാന്‍സിസ്കൂസ് പള്ളി വികാരി ഫാ. ഹാന്‍സ് മയര്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
2022 മുതല്‍ തുടര്‍ച്ചയായി നടത്തിവരുന്ന ഈ ആത്മീയ സംഗീതസന്ധ്യയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ അതത് സഭകളിലെ കമ്മിറ്റിയെ അറിയിക്കുന്നത് സൗകര്യപ്രദമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
വിവരങ്ങള്‍ക്ക്: Fr. Santhosh Thomas: +49 17680383083, Fr. Joby Kunnathu: +49 15735461964, Fr. Paul P George: +43 677 62788456, Fr. Eljo Avarachan: +49 155 10632709, Fr. Thomas Joseph: + 49 15161662778, Fr. Rohith Skariah Georgy: +49 17661997521..