ഫ്രാൻസിസ് മാർപാപ്പയുടെ മുമ്പിൽ ഗാനമാലപിച്ച് റോമിലെ മലയാളി കുട്ടികൾ
ജെജി മാന്നാർ
Wednesday, December 4, 2024 4:40 PM IST
വത്തിക്കാൻ സിറ്റി: ലോക സർവമതസമ്മേളനത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ മുമ്പിൽ ഗാനമാലപിച്ച് റോമിലെ മലയാളി കുട്ടികൾ. ശിവഗിരി മഠത്തിലെ സന്യസ്തരും വിവിധ മതങ്ങളിലെ പ്രതിനിധികളും പങ്കെടുത്ത ഫ്രാൻസിസ് മാർപാപ്പയുമായിട്ടുള്ള പ്രത്യേക കൂടിക്കാഴ്ചയിലാണ് കുട്ടികൾ മതേതരത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം വിളിച്ചോതുന്ന ഗാനം ആലപിച്ചത്.
ശ്രീനാരായണ ഗുരുവിന്റെ അദ്വൈത ദർശനത്തിൽ അധിഷ്ഠിതമായി എഴുതിയ ഗാനം ഏറെ സന്തോഷത്തോടുകൂടിയാണ് മാർപാപ്പ ശ്രവിച്ചത്. ഗാനത്തിന്റെ ഇറ്റാലിയൻ പരിഭാഷ മാർപാപ്പയ്ക്ക് നൽകിയിരുന്നു.
ഇന്ത്യയുടെ ആത്മീയതയുടെയും വിശ്വ സംസ്കാരത്തിന്റെയും ചൈതന്യം പേറുന്ന സന്ദേശം കുട്ടികൾ നന്നായി ആലപിച്ചുവെന്ന് മാർപാപ്പ അവരെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു. കുട്ടികൾക് മാർപാപ്പ ജപമാല നൽകുകയും ആശീർവദിക്കുകയും ചെയ്തു.
ജോഷ്ന, ജോയൽ, സിൻഡ്രല്ല, കമീല, എമിലിയ,ബിൽഗീസ്, ബെൽഗ്രേൻ സ്,ഡിവിന, കാതറിൻ എന്നിവരാണ് പാട്ടുകൾ പാടിയത്. വരികൾ രചിച്ചത് ലത്തീൻ കത്തോലിക്കാ മലയാളികളുടെ നാഷണൽ കോഓർഡിനേറ്ററായ ഫാ. പോൾ സണ്ണിയും സംഗീതം നൽകിയത് അലക്സ് ആന്റണിയുമാണ്.
ശ്രീനാരായണ ഗുരുദേവൻ മതസൗഹാർദ സമ്മേളനം നടത്തിയതിന്റെ നൂറാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി വത്തിക്കാനിൽ വച്ച് മാർപാപ്പയുടെ ആശിർവാദത്തിൽ നടത്തുകയുണ്ടായി.