യൂറോപ്യന്‍ പാര്‍ലമെന്റ് പുതിയ ഇയു കമ്മീഷനെ തെരഞ്ഞെടുത്തു
ജോസ് കുമ്പിളുവേലിൽ
Monday, December 2, 2024 3:41 PM IST
ബെർലിൻ: യൂറോപ്യൻ പാർലമെന്റ് വോട്ടെടുപ്പിലൂടെ ഉർസുല വോൺ ഡെർ ലെയന്റെ നേതൃത്വത്തിലുള്ള പുതിയ യൂറോപ്യൻ കമ്മീഷനെ തെരഞ്ഞെടുത്തു. പാർലമെന്റിലെ ഭൂരിപക്ഷം വോൺ ഡെർ ലെയന്റെ ടീമിന് പിന്തുണ നൽകിയതോടെയാണ് ഈ തീരുമാനം.
എന്നാൽ, ഇറ്റാലിയൻ വലതുപക്ഷ നേതാവ് റാഫേൽ ഫിറ്റോയെ കമ്മീഷനിൽ ഉൾപ്പെടുത്തിയതിനെ മധ്യ-ഇടത് ക്യാമ്പ് രൂക്ഷമായി വിമർശിച്ചു. ഫിറ്റോ പ്രാദേശിക ഫണ്ടിംഗിന്റെ ചുമതലയുള്ള വൈസ് പ്രസിഡന്റായിരിക്കും.
യൂറോപ്പിന്റെ ദുർബലമായ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികളാണ് പുതിയ കമ്മീഷൻ പ്രഖ്യാപിച്ചത്. യുഎസ്, ചൈന എന്നീ രാജ്യങ്ങളുമായുള്ള സാമ്പത്തിക മത്സരം കണക്കിലെടുത്ത് ഡിജിറ്റൽ സ്റ്റാർട്ടപ്പുകൾക്ക് നിക്ഷേപം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വോൺ ഡെർ ലെയ്ൻ പറഞ്ഞു.
യൂറോപ്പിന്റെ വാഹന വ്യവസായത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ വോൺ ഡെർ ലെയ്ൻ, ഈ മേഖലയിലെ ജോലികൾ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കി.
റഷ്യയുടെ യുക്രയ്ൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ യൂറോപ്പിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനുള്ള ആവശ്യകത വോൺ ഡെർ ലെയ്ൻ ചൂണ്ടിക്കാട്ടി.
ലിത്വാനിയൻ മുൻ പ്രധാനമന്ത്രി ആൻഡ്രിയസ് കുബിലിയസിനെ ആദ്യത്തെ പ്രതിരോധ കമ്മീഷണറായി നിയമിച്ചു.
പാൻഡെമിക് കാലത്തെപ്പോലെ പുതിയ കമ്യൂണിറ്റി കടങ്ങൾ സ്വീകരിക്കാൻ ജർമനി വിമുഖത കാണിക്കുന്നത് ധനകാര്യ മേഖലയിൽ ചർച്ചകൾക്ക് വഴിതെളിക്കുന്നു.