മാര്‍പാപ്പമാരുടെ സംസ്കാര ചടങ്ങുകൾക്കായുള്ള നവീകരിച്ച പുസ്തകം പ്രസിദ്ധീകരിച്ചു
ജെജി മാന്നാർ
Friday, November 22, 2024 7:47 AM IST
വത്തിക്കാൻ സിറ്റി: മാര്‍പാപ്പമാരുടെ സംസ്കാര ചടങ്ങുകൾക്കായുള്ള നവീകരിച്ച പുസ്തകം ഫ്രാന്‍സിസ് പാപ്പയുടെ അംഗീകാരത്തോടെ ആരാധനാക്രമ ചടങ്ങുകൾക്കായുള്ള വത്തിക്കാനിലെ ഓഫിസ് പ്രസിദ്ധീകരിച്ചു.
1998ൽ അന്നത്തെ മാര്‍പാപ്പയായിരുന്ന ജോൺ പോൾ രണ്ടാമന്റെ അംഗീകാരത്തോടെ പ്രസിദ്ധീകരിച്ച മാര്‍പാപ്പമാരുടെ സംസ്കാര ചടങ്ങുകൾക്കായുള്ള പുസ്തകത്തിന്റെ നവീകരിച്ച പതിപ്പെന്ന രീതിയിലാണ് പുതിയ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.
2005ൽ ജോൺ പോൾ രണ്ടാമൻ മാര്‍പാപ്പയുടെ സംസ്കാര ചടങ്ങുകൾക്ക് 1998ലെ പുസ്തകമനുസരിച്ചുള്ള ക്രമങ്ങളാണ് സ്വീകരിച്ചിരുന്നത്. ഇവയിൽ ചില മാറ്റങ്ങൾ വരുത്തിയാണ്, 2023ൽ ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ സംസ്കാരച്ചടങ്ങുകൾ നടന്നത്.
പുതുക്കിയ ക്രമമനുസരിച്ച്, മാര്‍പാപ്പയുടെ മുറിയിലല്ല, സ്വകാര്യ ചാപ്പലിൽവച്ചായിരിക്കും മരണം സ്ഥിരീകരിക്കുക. വിശ്വാസികൾക്കായി തുറന്ന പെട്ടിയിൽത്തന്നെ ഭൗതികശരീരം പ്രദർശിപ്പിക്കുക, മുൻപുണ്ടായിരുന്നതിൽ നിന്ന് വ്യത്യസ്തമായി, സൈപ്രസിന്റെയും ഈയത്തിന്റെയും ഓക്കുമരത്തിന്റെതുമായ മൂന്ന് പെട്ടികളിൽ അടയ്ക്കുന്നത് നിറുത്തലാക്കുക തുടങ്ങിയ മാറ്റങ്ങളാണ് പുസ്തകത്തിൽ നിർദേശിച്ചിരിക്കുന്നത്.
പുതിയ ക്രമമനുസരിച്ച്, നാകപ്പെട്ടിക്കുള്ളിലുള്ള തടിപ്പെട്ടിയിലായിരിക്കും ഭൗതികശരീരം സൂക്ഷിക്കുക. മാര്‍പാപ്പമാരുടെ മൃതസംസ്കാര ചടങ്ങുകൾ കൂടുതൽ ലളിതമാക്കുകയും വിശ്വാസത്തെ കൂടുതല്‍ പ്രഘോഷിക്കുന്നതിനായുമാണ് പുസ്തകം നവീകരിച്ചതെന്ന് ആരാധനാക്രമ ചടങ്ങുകൾക്കായുള്ള വത്തിക്കാനിലെ ഓഫീസിന്റെ നേതൃത്വം വഹിക്കുന്ന ആർച്ച്ബിഷപ് ദിയേഗൊ റവേല്ലി പറഞ്ഞു.
2024 ഏപ്രിൽ 29ന് ഫ്രാൻസിസ് മാർപാപ്പ അംഗീകാരം നൽകിയതിനെത്തുടർന്ന്, പാപ്പമാരുടെ സംസ്കാര ചടങ്ങുകൾക്കായുള്ള പുസ്തകത്തിന്റെ നവീകരിച്ച പതിപ്പ് പുറത്തിറക്കിയത്. നവംബർ നാലിന് ഇതിന്റെ പ്രഥമ കോപ്പി ഫ്രാൻസിസ് മാർപാപ്പയ്ക്കു കൈമാറിയെന്നും അദ്ദേഹം അറിയിച്ചു.