മനാമ: രണ്ടുകൊല്ലം മുമ്പ് വിസിറ്റ് വിസയിൽ ബഹറനിൽ എത്തുകയും ജോലി അന്വേഷണത്തിനിടയിൽ പാസ്പോർട്ട് നഷ്ടപ്പെട്ടു ജോലിയും വരുമാനവും ഇല്ലാതെ പ്രയാസത്തിലാവുകയും ചെയ്ത കാസർഗോഡ് സ്വദേശിയായ യുവാവിനെ പ്രവാസി വെൽഫെയറിന്റെ സേവന വിഭാഗമായ ടീം വെൽകെയർ ഉദാരമദികളുടെ സഹായത്തോടെ യാത്രാ ടിക്കറ്റും ഗൾഫ് കിറ്റും നൽകി നാട്ടിലേക്ക് മടങ്ങുന്നതിന് സഹായിച്ചു.
ഇന്ത്യൻ എംബസിയിൽ നിന്നും തൽക്കാൽ പാസ്പോർട്ടും ഇമിഗ്രേഷൻ ക്ലിയറൻസും നടത്തി കഴിഞ്ഞദിവസം അദ്ദേഹം സുരക്ഷിതമായി നാട്ടിലെത്തി. തന്റെയും കുടുംബത്തിന്റെയും മെച്ചപ്പെട്ട ഭാവി ജീവിതത്തിനായി പ്രവാസ ജീവിതം തിരഞ്ഞെടുത്ത് പ്രയാസത്തിൽ അകപ്പെട്ട യുവാവിന്റെ ദുരിതമകറ്റി നാട്ടിലെത്തിക്കുവാൻ സഹായിച്ച എല്ലാ സുമനസുകൾക്കും പ്രവാസി വെൽഫെയറിന്റെയും ടീം വെൽകെയറിന്റെയും നന്ദിയും കടപ്പാടും അറിയിക്കുന്നതായി ടീം വെൽകെയർ കൺവീനർ മുഹമ്മമദലി മലപ്പുറം പറഞ്ഞു.