പ്രതിപക്ഷബഹളം അഴിമതി ചർച്ചയാകാതിരിക്കാൻ: മേയർ
1571804
Tuesday, July 1, 2025 1:51 AM IST
തൃശൂർ: കോർപറേഷന്റെ മാതൃകാപരമായ പ്രവർത്തനങ്ങളിൽ വിറളിപൂണ്ട കോണ്‍ഗ്രസ് നേതൃത്വം കൗണ്‍സിൽ തടസപ്പെടുത്താൻ ശ്രമിക്കുകയാണെന്നു മേയർ എം.കെ. വർഗീസ്.
മാലിന്യസംസ്കരണം, കുടിവെള്ള- വൈദ്യുതിവിതരണം, വീടുകളുടെ നിർമാണം എന്നിവയിൽ മികച്ച നേട്ടമുണ്ടാക്കി. കോണ്‍ഗ്രസ് കൗണ്‍സിലർമാരുടെ ആവശ്യപ്രകാരമാണു കോർപറേഷൻ കെട്ടിടത്തിലെ ട്രസ് വീണ സംഭവം ചർച്ചയ്ക്കുവച്ചത്.
കോണ്‍ഗ്രസ് നേതാക്കളുടെ ബിനാമികളായ കോണ്‍ട്രാക്ടർമാർ മറുപടി പറയേണ്ടിവരുമെന്നറിഞ്ഞാണു റീത്തുവയ്ക്കുമെന്ന് ആക്രോശിച്ചത്. ജനാധിപത്യമര്യാദയുടെ പേരിലാണു നേതാക്കളെ ചേംബറിലേക്കു ചർച്ചയ്ക്കു വിളിച്ചത്. എന്നാൽ, ചർച്ച പിന്നീടാകാമെന്ന നിലപാടെടുത്തു. ചർച്ചയ്ക്കുപകരം കൗണ്‍സിൽ അലങ്കോലപ്പെടുത്താനാണു പ്രതിപക്ഷം ശ്രമിച്ചത്. മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ജനാധിപത്യവിരുദ്ധപ്രവർത്തനങ്ങളാണു നടത്തിയത്. റീത്ത് വയ്ക്കാനുള്ള നീക്കം ക്രിമിനൽ പ്രവൃത്തിയാണ്.
57 അജൻഡകളിൽ നാലണ്ണമൊഴിച്ചു ബാക്കിയെല്ലാം പാസാക്കിയതായി അറിയിക്കുന്നെന്നും മേയർ പറഞ്ഞു.
പ്രതിഷേധം തുടരും: രാജൻ ജെ. പല്ലൻ
തൃശൂർ: കോർപറേഷൻ റോഡുകളിൽ മനുഷ്യരക്തം ചിന്തുന്നതിൽ പ്രതിഷേധിച്ചു കോണ്‍ഗ്രസ് കൗണ്‍സിലർമാർ നടത്തിയ പ്രതീകാത്മകസമരം പ്രതിപക്ഷനേതാവ് രാജൻ ജെ. പല്ലൻ ഉദ്ഘാടനം ചെയ്തു. എല്ലാ കൗണ്‍സിലർമാരും വസ്ത്രത്തിൽ ചുവന്ന ചായമൊഴിച്ചു പ്രതിഷേധിച്ചു.
എംജി റോഡിൽ വിഷ്ണുദത്ത് മരിച്ച സംഭവം കൗണ്‍സിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും മേയർ അനുവദിച്ചില്ല. താൻ മേയറായിരിക്കുന്പോൾ കോണ്‍ഗ്രസ്, സിപിഎം, സിപിഐ, ബിജെപി കൗണ്‍സിലർമാരുടെ ഒറ്റക്കെട്ടായ പിന്തുണയിലാണ് റൗണ്ട്എബൗട്ടിൽ വൈദ്യുതി കണക്ഷന് അനുമതി നൽകിയതെന്നു രാജൻ പല്ലൻ പറഞ്ഞു.
വിഷ്ണുദത്തിന്റെ കുടുംബത്തിനു നഷ്ടപരിഹാരം നൽകണം. മേയർക്കും സെക്രട്ടറിക്കുമെതിരേ കൊലക്കുറ്റത്തിനു കേസെടുത്തില്ലെങ്കിൽ കൗണ്‍സിലിലും പുറത്തും ശക്തമായ പ്രതിഷേധം തുടരുമെന്നു പ്രതിപക്ഷനേതാവ് അറിയിച്ചു.
പ്രതിഷേധസമരത്തിൽ ജോണ്‍ ഡാനിയൽ, ഇ.വി. സുനിൽരാജ്, ജയപ്രകാശ് പൂവത്തിങ്കൽ, മുകേഷ് കൂളപറന്പിൽ, ശ്യാമള മുരളീധരൻ, കെ. രാമനാഥൻ, ലാലി ജെയിംസ്, എൻ.എ. ഗോപകുമാർ, സുനിത വിനു, എ.കെ. സുരേഷ്, സിന്ധു ആന്റോ, നിമ്മി റപ്പായി, എബി വർഗീസ്, വില്ലി ജിജോ, മേഴ്സി അജി, ലീല വർഗീസ്, റെജി ജോയ്, ആൻസി ജേക്കബ്, സനോജ് പോൾ, മേഫി ഡെൽസണ്‍, രെന്യ ബൈജു എന്നീ കൗണ്‍സിലർമാർ പങ്കെടുത്തു.
റോഡുകളുടെ ശോച്യാവസ്ഥ
മറയ്ക്കാൻ മേയറുടെ ശ്രമം:
ജോണ്‍ ഡാനിയൽ
തൃശൂർ: വിഷ്ണുദത്തിന്റെ മരണം സംബന്ധിച്ച ചർച്ചയൊഴിവാക്കാൻ മേയർ ശ്രമിച്ചതു കോർപറേഷൻ റോഡുകളുടെ ശോചനീയാവസ്ഥ മറച്ചുവയ്ക്കാനെന്നു കൗണ്‍സിലർ ജോണ്‍ ഡാനിയൽ.
മരണത്തിന്റെ ഉത്തരവാദിത്വത്തിൽനിന്നു കൈകഴുകാൻ മേയർക്കാകില്ല. നടപടിയെടുക്കാതെ ഉത്തരവാദിത്വം കൗണ്സിലമരുടെ തലയിൽ കെട്ടിവയ്ക്കാനാണു മേയർ ശ്രമിക്കുന്നത്. വിഷ്ണുദത്തിന് അന്ത്യോപചാരമർപ്പിക്കാനോ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനോ മേയർ പോയില്ല. സമരംചെയ്ത കൗണ്‍സിലർമാരെ സസ്പെൻഡ് ചെയ്ത മേയറുടെ നടപടിക്ക് ഒരു വിലയും കൽപ്പിക്കുന്നില്ലെന്നും ജോണ്‍ ഡാനിയൽ പറഞ്ഞു.