ഇന്നത്തെ സ്വകാര്യബസ് പണിമുടക്ക് മാറ്റിവച്ചു
1571812
Tuesday, July 1, 2025 1:51 AM IST
പുന്നയൂർക്കുളം: പൊന്നാനി - ഗുരുവായൂർ സംസ്ഥാനപാതയിൽ ഇന്നു നടത്താൻ തീരുമാനിച്ചിരുന്ന ബസ് പണിമുടക്ക് മാറ്റിവച്ചു. റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്താത്തതിൽ പ്രതിഷേധിച്ചാണു സ്വകാര്യബസ് തൊഴിലാളികൾ സൂചന പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.
ഗുരുവായൂർ - കുണ്ടുകടവ് സംസ്ഥാന പാതയിൽ രണ്ടുവർഷമായി അറ്റകുറ്റപ്പണികൾ നടത്താത്തതിനെ തുടർന്ന് പാത തകർന്നുകിടക്കുകയാണ്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ബസ് തൊഴിലാളികൾ ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. ജൂൺ 30 നുമുമ്പ് റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തിയില്ലെങ്കിൽ ജൂലൈ ഒന്നിന് സൂചന പണിമുടക്ക് നടത്തുമെന്ന് ഇക്കഴിഞ്ഞ 22 ന് പ്രഖ്യാപിച്ചിരുന്നു.
അഞ്ചിനകം റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്താമെന്ന് പൊതുമരാമത്ത് അധികൃതർ ഉറപ്പുനൽകിയതായി ബസ് ഉടമകൾ അറിയിച്ചതിനെ തുടർന്നാണു പണിമുടക്ക് മാറ്റിയതെന്ന് പ്രൈവറ്റ് ബസ് എംപ്ലോയീസ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
ഈ റൂട്ടിലെ ചില മേഖലകളിലെ വലിയ കുഴികൾ കഴിഞ്ഞ ദിവസം അടച്ചു. മഴ മാറിയാൽ ടാർ ചെയ്യാമെന്ന് അധികൃതർ അറിയിച്ചു. ജലജീവൻ മിഷൻ പദ്ധതിക്കായി റോഡ് പൊളിച്ചതും നികത്തിയിട്ടില്ല. ഇതും സമരപ്രഖ്യാപനത്തിനു കാരണമായി.