തെരുവുനായയുടെ ആക്രമണത്തിൽ വിദ്യാർഥിയടക്കം മൂന്നുപേർക്കു പരിക്ക്
1571810
Tuesday, July 1, 2025 1:51 AM IST
എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തിലെ ആദൂരിൽ വിദ്യാർഥിയുൾപ്പടെ മൂന്നുപേരെ തെരുവുനായ ആക്രമിച്ചു. പുലിയന്നൂർ ഗവ. യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയും തോന്നല്ലൂർ കല്ലുവളപ്പിൽ ഹംസത്തിന്റെ മകളുമായ ഹന ഷെറിൻ, ചുള്ളിയി ൽ സുലൈമാന്റെ ഭാര്യ ഫൗസിയ, കല്ലിങ്ങലകത്ത് കുഞ്ഞുമോൻ ഭാര്യ റുഖിയ എന്നിവർക്കാണ് കടിയേറ്റത്.
ഇന്നലെ രാവിലെ പത്തോടെ ആദൂർ ജുമാഅത്ത് പള്ളിക്കു സമീപവും കാഞ്ഞിരമുറ്റം പള്ളിക്കു സമീപവും വെച്ചാണ് ആക്രമണമുണ്ടായത്. സ്കൂൾ വാഹനം കാത്ത് നിൽക്കുമ്പോഴാണ് ഹന ഷെറിനെ നായ ആക്രമിച്ചത്. അസുഖബാധിതയായ 75 വയസുള്ള റുഖിയയെ വീടിന്റെ അകത്തേയ്ക്കു കയറിയാണു നായ കടിച്ചത്. മൂന്നുപേരേയും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നായയ്ക്ക് പേവിഷ ബാധയുടെ ലക്ഷണമുണ്ട്. നായയെ പിന്നീട് നാട്ടുകാരുടെ സഹായത്തോടെ ഡോഗ് റെസ്ക്യൂ പ്രവർത്തകനായ ബൈജു കടങ്ങോട് പിടികൂടി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. പുരുഷോത്തമന്റെ നേതൃത്വത്തിൽ കടങ്ങോട് വെറ്റിനറി സർജൻ മനോജ് തെറ്റയിലും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പിടികൂടിയ നായയ്ക്കും പരിസരത്തുള്ള വീടുകളിലെ നായകൾക്കും വാക്സിൻ കുത്തിവച്ചു.
കഴിഞ്ഞ ദിവസം വേലൂരിൽ കുറുനരികൾ രണ്ടുപേരെ കടിച്ചിരുന്നു. കുറുവന്നൂർ വാട്ടർ ടാങ്കിനുസമീപം പെരുമ്പിള്ളി വീട്ടിൽ രാജൻ, തണ്ടിലം പൊടിയട വീട്ടിൽ വിജയൻ എന്നിവരെയാണ് കുറുനരി കടിച്ചത്. ഇവരും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടി.