മുദ്രപ്പത്രം കാണാതായതിനെക്കുറിച്ച് അന്വേഷണം വേണം: ചെയർമാൻ
1571536
Monday, June 30, 2025 1:45 AM IST
ചാലക്കുടി: നഗരസഭ പൊതുമരാമത്ത് വർക്ക്ഫയലിൽ കരാർഒപ്പിട്ട മുദ്രപ്പത്രം നഷ്ടപ്പെട്ടതിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ചെയർമാൻ ഷിബു വാലപ്പൻ ആവശ്യപ്പെട്ടു.
22ാം വാർഡിൽ റോഡിലുണ്ടായ അപകടരമായ കുഴി ഒഴിവാക്കാൻ അടിയന്തര പ്രവൃത്തിയുടെ പൊതുമരാമത്ത് വർക്ക്ഫയലിൽ കരാറുകാരനുമായി അസി. എഞ്ചിനീയർ മുദ്രപ്പത്രത്തിൽ ഒപ്പുവെച്ച കരാർ നഷ്ടപ്പെട്ടിരിക്കുന്ന സാഹചര്യമാണ്.
കഴിഞ്ഞ ദിവസം ഈ വർക്ക് ചെയ്യുന്ന വിഷയവുമായി ബന്ധപ്പെട്ട് അസി. എൻജിനീയർ തടസവാദം ഉന്നയിച്ചിരുന്നു. തനത് ഫണ്ട് ഉപയോഗിച്ച് നടത്താൻ തീരുമാനിച്ചിരുന്ന ഈ അടിയന്തര പ്രവൃത്തി തനിക്ക് ചെയ്യാൻ കഴിയില്ലെന്ന് എൻജിനീയർ പറയുകയും നേരത്തെ ഒപ്പുവെച്ച കരാർപത്രം വെട്ടിക്കളയുകയും ചെയ്തിരുന്ന കാര്യം കഴിഞ്ഞ ദിവസം നടന്ന കൗൺസിൽ യോഗത്തിൽ ചർച്ചയായിരുന്നു. ഗുരുതരമായ കുറ്റമാണ് എൻജിനീയറുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും കൗൺസിലിൽ അഭിപ്രായമുയർന്നു.
ഇതിനുശേഷം സെക്രട്ടറി ഈ ഫയൽ വാങ്ങി പരിശോധിച്ചപ്പോഴാണ്, ഫയലിൽ കരാർപത്രം മാറ്റിയതായി ശ്രദ്ധയിൽപ്പെട്ടത്.
അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാനും അച്ചടക്ക നടപടി എടുക്കാനും, വിജിലൻസ് അന്വേഷണത്തിനും കൗൺസിൽ തീരുമാനമെടുത്ത ഒരു ഉദ്യോഗസ്ഥ, ഇവർ കൈകാര്യം ചെയ്യുന്ന ഫയലിൽ കൃത്രമം കാണിക്കാൻ ശ്രമിച്ചിട്ടുള്ളത് ഗുരുതരമായ കുറ്റമാണെന്ന് ചെയർമാൻ ചൂണ്ടിക്കാട്ടി.