വയോജനക്ലബ്ബിൽ വിയോജനക്കുറിപ്പ്
1571814
Tuesday, July 1, 2025 1:51 AM IST
ചാലക്കുടി: നഗരസഭ വക ഭൂമിയില്‍ വയോജന ക്ലബ് ആരംഭിക്കുവാനുള്ള തീരുമാനത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ വിയോജന ക്കുറിപ്പ് നൽകി.
പോട്ടയില്‍ പണംകൊടുത്ത് ഏറ്റെടുത്ത, നിലവില്‍ മിനിമാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന രണ്ടരയേക്കര്‍ ഭൂമിയില്‍ വിവിധ പദ്ധതികള്‍ക്കായി നീക്കിവച്ചിട്ടുള്ള ഭൂമിയില്‍ ഒരു വാര്‍ഡിന്റെ വയോജന മന്ദിരം ആരംഭിക്കുന്നതിന് ഭൂമി വിട്ടുനല്കുന്നതിനെതിരേയാണ് പ്രതിപക്ഷാംഗങ്ങള്‍ വിയോജിപ്പ് രേഖപ്പെടുത്തിയത്.
മറ്റു പല വാര്‍ഡുകളിലും കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ സ്ഥലം കണ്ടെത്തിയാണ് വയോജനമന്ദിരങ്ങള്‍ പണിതിട്ടുള്ളതെന്ന് പ്രതിപക്ഷനേതാവ് സി.എസ്. സുരേഷ് ചൂണ്ടിക്കാട്ടി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കാതെ പോട്ട മേഖലയുടെ സമഗ്രവികസനത്തിനായി ഉപയോഗിക്കേണ്ട ഭൂമി യാതൊരുവിധ മാസ്റ്റര്പ്ലാനുമില്ലാതെ ചെറുകഷണങ്ങളാക്കി വാര്‍ഡിലെ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിക്കുന്നത് ശരിയല്ലെന്ന് അറിയിച്ചു കൊണ്ടാണ് കുറിപ്പ് നൽകിയത്.
നഗരസഭയിലെ വിവിധ വാര്‍ഡുകളില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള സ്ട്രീറ്റ് ലൈറ്റുകളില്‍ ലൈന്‍ വലിക്കുന്നതിന് ജോയിന്റ് ഇന്സ്പെക്ഷന് നടത്തിയതിനുശേഷം കെഎസ്ഇബി ആവശ്യപ്പെട്ട തുക അടയ്ക്കാനുള്ള തീരുമാനത്തിനെതിരേയും പ്രതിപക്ഷാംഗങ്ങള്‍ വിയോജിപ്പ് രേഖപ്പെടുത്തി.
സ്ട്രീറ്റ് ലൈന്‍ വലിച്ചതിന്റെ പേരില്‍ പണം നല്കാന് പാടില്ലെന്നും വാര്‍ഡുകളില്‍ പുതുതായി വലിക്കുന്ന ലൈനുകളുടെ തുക അടയ്ക്കുന്നതില്‍ പ്രതിപക്ഷാംഗങ്ങള്‍ എതിരല്ലെന്നും എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സി.എസ്. സുരേഷ് പറഞ്ഞു. ഇതുസംബന്ധിച്ച ചര്‍ച്ചയില്‍ പ്രതിപക്ഷ അംഗം വി.ജെ. ജോജിയും വികസന സ്റ്റാൻസിംഗ് കമ്മിറ്റി ചെയർമാൻ കെ.വി. പോളും തമ്മിൽ വാക്കേറ്റവും ബഹളവും നടന്നു. ഒടുവിൽ ചെയർമാൻ ഷിബു വാലപ്പൻ ഇടപെട്ടാണ് വാക്കേറ്റം അവസാനിപ്പിച്ചത്.