ശുചിമുറിമാലിന്യം തള്ളാൻ ശ്രമം; നാട്ടുകാർ തടഞ്ഞു, വാഹനം പോലീസ് കസ്റ്റഡിയിൽ
1571529
Monday, June 30, 2025 1:45 AM IST
കൈപ്പറമ്പ്: ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളാൻ ശ്രമം. മുണ്ടൂർ ആണ്ടപ്പറമ്പ് - പോന്നൂർ റൂട്ടിൽ ശിവനട റോഡിനരികെയുള്ള കെഎൽഡിസി കനാൽ പരിസരത്ത് ശനിയാഴ്ച പുലർച്ചെ മാലിന്യം തള്ളാനെത്തിയ ലോറി റോഡരികിൽ താഴുകയായിരുന്നു. ഇതറിഞ്ഞ നാട്ടുകാർ സ്ഥലത്തെത്തി പ്രതിഷേധിച്ചു.
സംഭവസ്ഥലത്ത് എത്തിച്ചേർന്ന വാർഡ് മെമ്പർ മേരി പോൾസൺ, 6-ാം വാർഡ് മെമ്പർ സി.ഒ. ഔസേപ്പ്, മുണ്ടൂർ ബാങ്ക് പ്രസിഡന്റ് എം.ജെ. നിജോൺ എന്നിവരും നാട്ടുകാരും ചേർന്ന് പേരാമംഗലം പോലീസിൽ അറിയിച്ചു.
മാലിന്യംതള്ളാൻ എത്തിയവർ വാഹനം ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. പുഴയ്ക്കൽ ബ്ലോക്ക് പ്രസിഡന്റ്് ലീലാ രാമകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ്് ഉഷാദേവി, വൈസ് പ്രസിഡന്റ് കെ.എം. ലെനിൻ എന്നിവരും സ്ഥലംസന്ദർശിച്ച് സ്ഥിതിഗതികൾ പരിശോധിച്ചു. പോലീസ് വാഹനം കസ്റ്റഡിയിലെടുത്ത് തുടർനടപടികൾ സ്വീകരിച്ചു.
കഴിഞ്ഞ കുറേ മാസങ്ങളായി പന്ത്രണ്ടോളം പ്രാവശ്യം സെപ്റ്റിക് ടാങ്ക് മാലിന്യം ഈ മേഖലയിൽ തള്ളിയതായി പ്രദേശവാസികൾ പറഞ്ഞു. ഇതുസംബന്ധിച്ച നിരവധി പരാതികൾ പഞ്ചായത്ത് അധികൃതർക്കും പോലീസിനും നാട്ടുകാർ നൽകിയിരുന്നു.
ഇതുപോലെത്തന്നെ, മുണ്ടൂർ മനപ്പടി പ്രദേശത്തും വിക്ടോറിയ ഗാർഡൻ ഭാഗത്തും മാർച്ച് മുതൽ ജൂൺ വരെയുള്ള കാലയളവിൽ മൂന്നു പ്രാവശ്യം ശുചിമുറിമാലിന്യം തള്ളിയെന്ന് നാട്ടുകാർ ആരോപിച്ചു.