വിദ്യാർഥികൾക്കായി കഥകളി സെമിനാറും അവതരണവും നടന്നു
1571816
Tuesday, July 1, 2025 1:51 AM IST
മേലൂർ: കേരളത്തിന്റെ ക്ലാസിക് കലാരൂപമായ കഥകളിയെക്കുറിച്ച് അടുത്തറിയാൻ ക്ലാസ്മുറിയിൽ നിന്നും കുട്ടികൾ കളിയരങ്ങിലേക്ക്. പത്താം ക്ലാസിലെ മലയാള പാഠപുസ്തകത്തിലെ കഥകളി ആസ്പദമാക്കിയുള്ള പാഠഭാഗങ്ങൾ പരിചയപ്പെടാനും ഹൃദിസ്ഥമാക്കാനുമാണ് ചാലക്കുടി കാർമൽ ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികൾക്കായി കഥകളി സെമിനാർ സംഘടിപ്പിച്ചത്.
മേലൂര്‍ കാലടി ശിവശക്തി ഭജന മണ്ഡപത്തില്‍ ചാലക്കുടി നമ്പീശന് സ്മാരക കഥകളി ക്ലബ്ബിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കഥകളി സംഘാടകനായ മുരളീധരന്റെ നേതൃത്വത്തില്‍ നളചരിതം ആട്ടക്കഥ ഒന്നാം ദിവസം അവതരിപ്പിച്ചു.
കഥകളിയുടെ അരങ്ങിലും അണിയറയിലും നടക്കുന്ന കാര്യങ്ങൾ പരിചയപ്പെടുത്തുന്നതിന് പ്രശസ്ത കലാകാരന്മാരായ ആര്.എല്‍.വി. ക്ഷമാരാജ, കലാമണ്ഡലം സൂര്യകിരണ്‍, കലാനിലയം രാജീവന്, ഹരിശങ്കര്‍ കണ്ണമംഗലം, കലാമണ്ഡലം സുഹാസ്, ആര്.എല്‍.വി. നീലകണ്ഠന്, മിഥുന് മുരളി എന്നിവര്‍ അണിനിരന്നു.
അവതരണത്തിനുശേഷം കുട്ടികൾക്ക് കഥകളി മുദ്രകള്‍ ചെയ്തു നോക്കുന്നതിനും സംശയനിവാരണത്തിനും അവസരം ലഭിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോസ് താണിക്കലും കുട്ടികൾക്കൊപ്പം ഉണ്ടായിരുന്നു.