മെഡിക്കൽ കോളജിൽ വേദനനിവാരണ ക്ലിനിക് വീണ്ടും തുടങ്ങി
1466202
Sunday, November 3, 2024 7:09 AM IST
മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജിൽ അനസ്തേഷ്യ വിഭാഗത്തിനുകീഴിൽ വേദനനിവാരണ ക്ലിനിക് വീണ്ടും പ്രവർത്തനം തുടങ്ങി. കോവിഡ് കാലത്തു പ്രവർത്തനം നിലച്ച ക്ലിനിക്കാണ് ഇപ്പോൾ വീണ്ടും തുടങ്ങിയത്.
കാൻസർമൂലവും എല്ലുരോഗംമൂലവും ശസ്ത്രക്രിയ കഴിഞ്ഞുണ്ടാകുന്ന വേദനകൾക്കുമെല്ലാം ക്ലിനിക്കിൽനിന്നു സേവനം ലഭിക്കും. ചൊവ്വ, വെള്ളി ദിവസങ്ങളിൽ പ്രത്യേക ഒപിക്കു പുറമേ മറ്റു ദിവസങ്ങളിൽ എത്തുന്ന രോഗികൾക്കും സേവനം ലഭിക്കും. അൾട്രാസൗണ്ട് സ്കാൻ ചെയ്തു വേദനയുള്ള സ്ഥലവും കാരണവും കണ്ടെത്തി ചികിത്സനൽകും. ഇഞ്ചക്ഷനാണ് പ്രധാന ചികിത്സ. കൂടാതെ ക്ലിനിക്കിൽ എല്ലാ ദിവസവും പാലിയേറ്റീവ് ഒപിയും പ്രവർത്തിക്കും.
പ്രിൻസിപ്പൽ ഡോ. എൻ. അശോകൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ ഡോ. കെ.ബി. സനൽകുമാർ, സൂപ്രണ്ട് ഡോ.എം. രാധിക, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. പി.വി. സന്തോഷ്, അനസ്തേഷ്യ മേധാവി ഡോ. ബാബുരാജ്, ഡോ. ആശിഷ് തുടങ്ങിയവർ പങ്കെടുത്തു.