വലപ്പാട് ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തുടക്കം
1466192
Sunday, November 3, 2024 7:09 AM IST
കയ്പമംഗലം: വലപ്പാട് ഉപജില്ല കേരള സ്കൂൾ കലോത്സവത്തിന് കയ്പമംഗലം ഗവ. ഫിഷറീസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. വലപ്പാട് എഇഒ കെ.വി. അമ്പിളി പതാക ഉയർത്തി.
കയ്പമംഗലം ഫിഷറീസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലും ജനറൽ കൺവീനറുമായ ഇ.ജി. സജിമോൻ, റിസപ്ഷൻ കമ്മിറ്റി കൺവീനർ അമ്പിളി വാസുദേവൻ, ജോയിന്റ് കൺവീനർ യമന കേരളൻ, പബ്ലിസിറ്റി കൺവീനർ കെ.ഡി. രശ്മി, ഗ്രാമപഞ്ചായത്തംഗങ്ങൾ, ഉപജില്ലാ വികസന സമിതി ഭാരവാഹികൾ, സബ് കമ്മിറ്റി കൺവീനർമാർ എന്നിവർ പങ്കെടുത്തു.
സ്കൂളിലെ പ്രധാന വേദിക്ക് പുറമേ ഗവ. ഫിഷറീസ് എൽപി സ്കൂൾ, എംഐസി ഒയുപി സ്കൂൾ, ഫിഷർമെൻ ബാങ്ക് ഹാൾ എന്നിവിടങ്ങളിലെ 13 വേദികളിലായാണ് നാല് ദിവസം നീണ്ടുനിൽക്കുന്ന കൗമാരകലോത്സവം അരങ്ങേറുന്നത്.
നാളെ രാവിലെ ഒമ്പതരക്ക് പ്രധാന വേദിയിൽ നടക്കുന്ന ചടങ്ങിൽ ഇ.ടി.ടൈസൺ എംഎൽഎ കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. കയ്പമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി അധ്യക്ഷത വഹിക്കും. വലപ്പാട് എഇഒ കെ.വി.അമ്പിളി ആമുഖ പ്രഭാഷണം നടത്തും. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി.പ്രസാദ് മുഖ്യാതിഥിയാകും.