തൃശൂർ റെയിൽവേ സ്റ്റേഷൻ: വരുന്നതു ഹൈടെക് റെയിൽ പോർട്ട്; അന്തിമരൂപരേഖ തയാർ
1466373
Monday, November 4, 2024 2:35 AM IST
സ്വന്തം ലേഖകൻ
തൃശൂർ: അടിമുടി മാറ്റവുമായി തൃശൂർ റെയിൽവേ സ്റ്റേഷന്റെ അന്തിമരൂപരേഖ പുറത്ത്. ബംഗളൂരുവിലെ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷൻ (ഐഡെക്) എന്ന കണ്സൾട്ടിംഗ് കന്പനിയാണു രൂപരേഖ തയാറാക്കിയത്. റെയിൽവേയുടെ സൗകര്യങ്ങൾക്കൊപ്പം മറ്റു ഗതാഗതസംവിധാനങ്ങളെ കൂട്ടിയിണക്കുന്ന റെയിൽപോർട്ട് മോഡലിലാണ് സ്റ്റേഷൻ നിർമാണം. തൊട്ടടുത്തുള്ള കെ എസ്ആർടിസി സ്റ്റാൻഡിനും ഗുണകരമാകുന്ന രീതിയിലാണ് രൂപരേഖ.
393.58 കോടി തൃശൂർ റെയിൽവേ സ്റ്റേഷൻ വികസനത്തിന് അനുവദിച്ചതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. പുതുക്കിനിർമിക്കുന്ന തൃശൂർ റെയിൽവേ സ്റ്റേഷന്റെ അന്തിമരൂപരേഖ വിലയിരുത്താനും മറ്റു പരിശോധനകൾക്കുമായി ഇന്നലെ മന്ത്രി സ്റ്റേഷനിലെത്തിയിരുന്നു.
റെയിൽവേ സ്റ്റേഷനിലേക്കു നിലവിൽ പ്രവേശിക്കുന്ന പാതയടക്കം വീതികൂട്ടും. പല നിലകളിലായി പുതുക്കിപ്പണിയുന്നതിനൊപ്പം സാംസ്കാരികപൈതൃകംകൂടി നിലനിർത്തിയാണ് നിർമാണം. വിമാനത്താവളമാതൃകയിൽ പ്രത്യേക കവാടങ്ങളുമുണ്ട്.
സ്റ്റേഷൻ വികസനത്തിന് അന്തിമാനുമതി ലഭിച്ചതിനു പിന്നാലെയാണ് 3ഡി രൂപരേഖ പുറത്തുവിട്ടത്. കരാർനടപടികൾ ഉടൻ ആരംഭിക്കും. നിർമാണം അടുത്തവർഷം ആദ്യം തുടങ്ങും.
പ്രതിവർഷം എഴുപതുലക്ഷം യാത്രക്കാരാണു തൃശൂർ റെയിൽവേ സ്റ്റേഷൻവഴി യാത്ര ചെയ്യുന്നത്. പ്രത്യേകം പാർക്കിംഗ് സംവിധാനം, ടിക്കറ്റ് കൗണ്ടറുകൾ, കാൽനട- സൈക്കിൾ യാത്രക്കാർക്കായി പ്രത്യേക പാതകൾ, റെയിൽവേ ജീവനക്കാർക്ക് അപ്പാർട്ട്മെന്റ്, നടപ്പാലങ്ങൾ, ലിഫ്റ്റുകൾ, എസ്കലേറ്റർ, വാണിജ്യസ്ഥാപനങ്ങൾ എന്നിവ പുതിയ സ്റ്റേഷനിലുണ്ടാവും.
വരുമാനത്തിൽ മുന്പൻ തൃശൂർ
ഏറ്റവും കൂടുതൽ വരുമാനമുള്ള സ്റ്റേഷനുകളിൽ ഒന്നാണു തൃശൂർ. ഈ സാന്പത്തികവർഷം 164.78 കോടിയും കഴിഞ്ഞ സാന്പത്തികവർഷം 134. 61 കോടിയും വരുമാനമായി ലഭിച്ചു. പ്രതിവർഷം പത്തുലക്ഷം യാത്രക്കാരുടെ വർധനയും തൃശൂരിൽനിന്നുണ്ട്. കഴിഞ്ഞ വർഷം ഏകദേശം 59 ലക്ഷം യാത്രക്കാരാണെങ്കിൽ ഈവർഷം 69 ലക്ഷം യാത്രക്കാർ തൃശൂരിനെ ആശ്രയിച്ചു.
സ്റ്റേഷൻ നവീകരണത്തോ ടെ കൂടുതൽപേർ തൃശൂരിനെ ആശ്രയിക്കുമെന്നു കരുതുന്നു. ആദ്യഘട്ടത്തിൽ സ്വകാര്യവത്കരണത്തിലൂടെ സ്റ്റേഷൻ നവീകരിക്കാനാണ് കേന്ദ്രം പദ്ധതിയിട്ടത്. ഇതിനെതിരേ ദക്ഷിണ റെയിൽവേ എംപ്ലോയീസ് അസോ സിയേഷനും ജീവനക്കാരുടെ സംഘടനയും പ്രതിഷേധവുമായി രംഗത്തെത്തി.
വൻവരുമാനമുണ്ടായിട്ടും സ്റ്റേഷനിൽ നിലവിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ല. കക്കൂസ് മാലിന്യമുൾപ്പെടെ പൊതുകനാലിലേക്കു തള്ളുന്നതിനെതിരേ കോർപറേഷനും രംഗത്തുവന്നിരുന്നു.