അവർക്കു ജീവിതപ്രശ്നം... മറ്റുള്ളവർക്കു ജീവന്റെയും
1466372
Monday, November 4, 2024 2:35 AM IST
സി.ജി. ജിജാസൽ
തൃശൂർ: വഴിയോരക്കച്ചവടക്കാർക്കു സുരക്ഷിതമായ പുനരധിവാസം വേണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. കച്ചവടം ഒരുഭാഗത്തു ജീവിതപ്രശ്നമാണെങ്കിൽ മറുഭാഗത്തു ജീവൻതന്നെയാണ് പ്രശ്നം. റോഡരികുകളും റോഡുപോലും കൈ യേറി അലക്ഷ്യമായി നടത്തുന്ന ഇത്തരം കച്ചവടങ്ങൾ അപകടങ്ങൾക്കും മരണങ്ങൾക്കും വഴിവയ്ക്കാൻ തുടങ്ങിയതോടെയാണ് പുനരധിവാസവിഷയം വീണ്ടും ചർച്ചയാകുന്നത്.
റെഡ് സോണായത്തോടെ കോർപറേഷൻ ഓഫീസ് മുതൽ ശക്തൻനഗർവരെയുള്ള വഴിയോരക്കച്ചവടക്കാരെ ഒഴിവാക്കിയപ്പോൾ അതിൽ പലർക്കും കോർപറേഷന്റെതന്നെ ഗോൾഡൻ ഫ്ളീ മാർക്കറ്റിൽ അവസരം ലഭിച്ചിരുന്നു. എന്നാൽ മറ്റു ചിലർക്ക് അവിടെയും സ്ഥലമില്ലാതായതോടെ പലരും നഗരംതന്നെ വിട്ടു. മറ്റു ചിലർ പുതിയ മേച്ചിൽപ്പുറങ്ങൾതേടിയും യാത്രയായി. എന്നാൽ ഇതിലൊന്നും ഉൾപ്പെടാതെ നഗരത്തിലെ തിരക്കേറെയുള്ള ഇടങ്ങളിൽ തന്പടിച്ചവർ കാൽനടയാത്രികർക്കും വാഹനങ്ങൾക്കും തലവേദനയായിരിക്കയാണ്. കച്ചവടം നടത്തുന്ന ഇതരസംസ്ഥാനക്കാർ തമ്മിലുള്ള പരിധിവിട്ട കൈയാങ്കളികളും വഴിയോരക്കച്ചവടക്കാരെ സുരക്ഷിതമായ ഇടങ്ങളിലേക്കു മാറ്റണമെന്ന ആവശ്യം ശക്തമാക്കുകയാണ്.
സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നും നഗരത്തിൽ എത്തുന്നവർ ആദ്യം ഒറ്റയ്ക്കും പിന്നീട് കൂട്ടമായും എത്തുകയും വഴിയോരങ്ങൾ കൈയടക്കി കച്ചവടം നടത്തുകയും ചെയ്യുന്നതു വർധിച്ചുവരികയാണ്. ഇതിനെതിരേ കോർപറേഷൻ നടപടികളെടുക്കാൻ ശ്രമിക്കവെ അവർ യൂണിയനുകൾ രൂപീകരിച്ച് ഹൈക്കോടതിയെ സമീപിക്കുകയും സ്റ്റേ വാങ്ങുകയുമാണ് ചെയ്യുന്നതെന്ന് ഒരുവിഭാഗം നേതാക്കൾ ആരോപിക്കുന്നു. കച്ചവടക്കാരെ മാറ്റണമെന്ന ഉദ്ദേശ്യം നല്ലതാണെന്നു പറയപ്പെടുന്പോഴും അത് അങ്ങനെയല്ലായെന്നും പണമാണ് പ്രശ്നമെന്നും ആരോപണം ഉയരുന്നുണ്ട്.
മുണ്ടുപാലം റോഡിലെ അപകടവളവിൽ നടക്കുന്ന കച്ചവടം നിരവധി അപകടങ്ങൾക്കു വഴിവയ്ക്കുന്ന സാഹചര്യത്തിൽ അവ നീക്കംചെയ്യണമെന്നാണ് ഭൂരിഭാഗംപേരുടെയും അഭിപ്രായം. ഇവിടെ സാധനങ്ങൾ വാങ്ങുന്നതിന്
ഇരുചക്രവാഹനങ്ങൾ അടക്കമുള്ളവ റോഡിൽ നിർത്തിയിടുന്നതും, രാത്രി ഈ കടകൾ കണ്ണിൽപ്പെടാത്തതും അപകടങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുന്നു. പ്രദേശത്ത് മാലിന്യങ്ങൾ കുമിഞ്ഞുകൂടുന്നുവെന്ന പരാതിയുമുണ്ട്. പലയിടത്തും റോഡരികും റോഡും കൈയേറി തട്ടുകടകളും പ്രവർത്തിക്കുന്നു.
വിഷയത്തിൽ നടപടിയെടുക്കേണ്ട കോർപറേഷൻ കൃത്യമായ നിലപാട് സ്വീകരിക്കാത്തതാണ് വിഷയം കൂടുതൽ സങ്കീർണമാക്കുന്നത്.
ജനങ്ങൾക്കും യാത്രികർക്കും ഭീഷണി
കച്ചവടത്തെ എതിർക്കുന്നില്ല. പക്ഷേ, നടപ്പാതയും റോഡും കൈയേറി, കാൽനടയാത്രയും ഗതാഗതവും തടസപ്പെടുത്തുന്ന കച്ചവടങ്ങൾ പാടില്ലെന്നിരിക്കെ നഗരത്തിൽ നടക്കുന്നതു ഭൂരിഭാഗവും ഇത്തരം കച്ചവടങ്ങളാണ്.
നേരത്തേ ഒരു വിഭാഗത്തെ കോർപറേഷൻ ഗോൾഡൻ ഫ്ലീ മാർക്കറ്റിലേക്കു പുനരധിവസിപ്പിച്ചിരുന്നു. അവിടെ ഇനിയും കടമുറികളുണ്ട്. അർഹരായവരെ അതിലേക്കു മാറ്റാനാണ് ശ്രമിക്കുന്നത്. വഴിയോരക്കച്ചവടങ്ങൾ നീക്കംചെയ്യുന്നതിനു കമ്മീഷണർ, മേയർ, കോർപറേഷൻ സെക്രട്ടറി എന്നിവർക്കു കത്തുനല്കിയിട്ടുണ്ട്. സ്റ്റേ ഉണ്ടെങ്കിലും ഗതാഗതതടസം ഉണ്ടാകുന്ന കച്ചവടങ്ങൾ നീക്കംചെയ്യാൻ അധികാരമുണ്ട്. മുണ്ടുപാലം വളവിൽ രാത്രികാലങ്ങളിൽ ജനങ്ങൾക്കു സഞ്ചരിക്കാൻ ഭയമാണ്.
പരസ്യമായ മദ്യപാനവും കച്ചവടക്കാർ തമ്മിലുള്ള കൈയാങ്കളിയും യാത്രക്കാരുടെ ജീവനുതന്നെ ഭീഷണിയാണ്. ചിലർ കടകളിൽ മദ്യം കഴിക്കാൻ സൗകര്യം ഒരുക്കുന്നുണ്ട്. ലഹരിവസ്തുക്കളുടെ കച്ചവടവും ചിലയിടത്തു നടക്കുന്നുണ്ട്. ഇവർക്കു പലരുടെയും പിന്തുണയുണ്ട്.
കച്ചവടക്കാരിൽനിന്നു ചില നേതാക്കൾ അടക്കമുള്ളവർ പണം വാങ്ങുന്നതായും ആരോപണമുണ്ട്.
മുകേഷ് കൂളപ്പറന്പിൽ
(നഗരാസൂത്രണ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ)
വഴിയോരക്കച്ചവടക്കാരെ
ഒഴിപ്പിക്കണം
ഗതാഗതം തടസപ്പെ ടുത്തുന്നവിധമുള്ള വഴിയോരക്കച്ചവടങ്ങൾ അപകടങ്ങൾക്കു വഴിവയ്ക്കുകയാണ്.
കഴിഞ്ഞവർഷം ഒരു യാത്രികന്റെ ജീവൻ പൊലിഞ്ഞതും അതിന്റെ തീവ്രത വ്യക്തമാകുന്നതാണ്. ജനങ്ങൾക്കു സുരക്ഷിതയാത്ര ഒരുക്കുവാൻ കച്ചവടക്കാരെ ഒഴിപ്പിച്ചേ മതിയാകു.
എന്നാൽ അവർ ഒഴിഞ്ഞുപോകുന്നില്ല. ഇതിനുപുറമെ ഇത്തരക്കാർ കാനകളിലേക്ക് അലക്ഷ്യമായി മാലിന്യങ്ങൾ തള്ളുന്നതുമൂലം പ്രദേശത്തു വെള്ളക്കെട്ട് രൂക്ഷമാകുകയാണ്.
കാന വൃത്തിയാക്കാനോ പുല്ലുവെട്ടാനോ കടകൾമൂലം കഴിയുന്നില്ല. കച്ചവടക്കാരെ ഒഴിപ്പിക്കുന്ന മുറയ്ക്കു പുനരധിവാസവും ഉറപ്പുനൽകേണ്ടതുണ്ട്.
അതു ഭരണാധികാരികൾ ആലോചിച്ചു തീരുമാനിക്കേ ണ്ടതുണ്ട്.
സിന്ധു ആന്റോ
ചാക്കോള
( ഡിവിഷൻ കൗണ്സിലർ )
ഒഴിഞ്ഞുപോകാൻ തയാറാണ്,
പക്ഷേ സ്ഥലം നല്ലതാകണം
നല്ല സ്ഥലം ലഭിച്ചാൽ മുണ്ടുപാലത്തുനിന്നു കച്ചവടം ഒഴിഞ്ഞുപോകാൻ തയാറാണ്. എന്നാൽ മോഹനവാഗ്ദാനം നൽകി നിർബന്ധിച്ച് ഒഴിപ്പിക്കാൻ വരരുത്. അങ്ങനെ ഒഴിപ്പിക്കാൻ കഴിയില്ല. അതിനുള്ള കോടതി ഉത്തരവ് കൈയിലുണ്ടെന്നു കഴിഞ്ഞ മൂന്നുവർഷമായി ഇവിടെ കച്ചവടം നടത്തുന്ന കരിക്കുകച്ചവടക്കാരനും മുളയം അയ്യപ്പൻകാവ് സ്വദേശിയുമായ സി.വി. വിജയൻ ദീപികയോടു പറഞ്ഞു. കഴിഞ്ഞ 20 കൊല്ലമായി താൻ ഈ കച്ചവടം ആരംഭിച്ചിട്ട്. പട്ടാളം മാർക്കറ്റ് റോഡിലായിരുന്നു ആദ്യം.
അവിടെനിന്നും ആളുകളെ ഒഴിപ്പിച്ചപ്പോൾ പുറത്തായി. എന്നാൽ ഗോൾഡൻ ഫ്ലീ മാർക്കറ്റിലേക്കുള്ളവരുടെ ലിസ്റ്റിൽ താനും ഉണ്ട്. നാളിതുവരെയായിട്ടു തനിക്ക് അവിടെ സ്ഥലം ലഭിച്ചിട്ടില്ലെന്നും വിജയൻ പറഞ്ഞു.
സി.വി. വിജയൻ
(കച്ചവടക്കാരൻ)