കാറളം ലൈഫ് പദ്ധതി: വീടെന്ന സ്വപ്നം, കാടെന്ന യാഥാര്‍ഥ്യം
1466364
Monday, November 4, 2024 2:35 AM IST
ഇരിങ്ങാലക്കുട: തകര്‍ന്നുവീണൊരു സ്വപ്നംപോലെയാണ് ഈ സ്വപ്നപദ്ധതി. മനുഷ്യന് തലചായ്ക്കേണ്ട ഇവിടെ ഇന്ന് മരപ്പട്ടികളും ഇഴജന്തുക്കളുമാണ് വാസമാക്കിയിരിക്കുന്നത്. കാടുപിടിച്ച് കിടക്കുന്നതിനാല്‍ ആരും ഇവിടേക്കു വരാറില്ല. പാവങ്ങളുടെ വീടെന്ന യാഥാര്‍ഥ്യമാണ് നഷ്ടപ്പെട്ടത്.
തലചായ്ക്കാനിടമില്ലാത്ത ഒരുപറ്റം നിര്‍ധനരുടെ കാത്തിരിപ്പിന് ഇനിയും വിരാമമായിട്ടില്ല. കാറളം പഞ്ചായത്തില്‍ വെള്ളാനിയില്‍ ഭൂരഹിതര്‍ക്കും ഭവനരഹിതര്‍ക്കുമായി ലൈഫ് മിഷന് ഫ്ലാറ്റ് സമുച്ചയത്തിന്റെ നിര്‍മാണം നിലച്ചതോടെയാണ് ഇവരുടെ കാത്തിരിപ്പിനു മങ്ങലേറ്റത്. നിര്‍മാണം നിലച്ചതോടെ കെട്ടിടങ്ങള്‍ പണിയുന്ന സ്ഥലത്തും ചുമരുകളിലും നിര്‍മാണത്തിനായി കൂട്ടിയിട്ടിരിക്കുന്ന അലൂമിനിയം ഫ്രെയിമുകളിമെല്ലാം കാടുകയറി. വലിയ ഇരുമ്പുതൂണുകള്‍, കോണ്‍ക്രീറ്റ് മിക്സര്‍ തുടങ്ങിയവ തുരുമ്പെടുത്തു. കരാറുകാരുമായുള്ള പ്രശാനമാണ് നിര്‍മാണം വൈകാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.
8മന്ത്രിയുടെ വാഗ്ദാനം
ഫലംകണ്ടില്ല
ആറുമാസംകൊണ്ട് പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ച് 2020ല്‍ തുടങ്ങിയ കെട്ടിടനിര്‍മാണമാണ് എങ്ങുമെത്താത്ത അവസ്ഥയില്‍ കാടുകയറിക്കിടക്കുന്നത്. 2020 സെപ്റ്റംബര്‍ 24ന് മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴിയാണ് ഇതിന്റെ നിര്‍മാണോദ്ഘാടനം നടത്തിയത്. 9.20 കോടി രൂപ ചെലവഴിച്ച് 43,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ എല്‍ജിഎസ്എഫ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കെട്ടിട സമുച്ചയം നിര്‍മിക്കുന്നത്. മറ്റുപല സ്ഥലങ്ങളിലും ലൈഫ് പദ്ധതിയില്‍ ഫ്ലാറ്റുകളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടും കാറളത്ത് എവിടെയുമെത്താത്ത സ്ഥിതിയാണ്. ഇക്കാര്യത്തില്‍ ജനപ്രതിനിധികളോ അധികാരികളോ വേണ്ടത്ര ശ്രദ്ധയോ പരിശ്രമമോ നടത്തുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
8ഭീതിയില്ലാതെ കിടന്നുറങ്ങാൻ
കൊതിച്ച് 72 കുടുംബങ്ങള്‍
കാറളം ഗ്രാമപഞ്ചായത്തിലെ വെള്ളാനിയില്‍ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 84 സെന്റില്‍ രണ്ടു ബ്ലോക്കുകളിലായി 72 ഫ്ലാറ്റുകളാണ് ലൈഫ് മിഷന് നിര്‍മിക്കുന്നത്. 72 കുടുംബങ്ങള്‍ക്കാണ് ഇവിടെ താമസസൗകര്യം ഒരുക്കുന്നത്. 9.20 കോടി രൂപ ചെലവഴിച്ചു നിര്‍മിക്കുന്ന കെട്ടിടസമുച്ചയങ്ങളുടെ ആകെ വിസ്തീര്‍ണം 43,000 ചതുരശ്ര അടിയാണ്. പാര്‍പ്പിട യൂണിറ്റുകള്‍ക്കുപുറമെ യോജനപരിപാലന കേന്ദ്രം, കോമണ്‍ റൂം, സിക്ക് റൂം, മാലിന്യസംസ്കരണ സംവിധാനങ്ങള്‍, സൗരോര്‍ജ സംവിധാനം എന്നിവയും ഉണ്ടാകും.
500 ചതുരശ്രയടിയില്‍ രണ്ട് കിടപ്പുമുറി, ഹാള്‍, അടുക്കള, ബാല്‍ക്കണി, ശൗചാലയം എന്നിവ ഉള്‍പ്പെടുന്നതാണ് ഓരോ യൂണിറ്റും. അഹമ്മദാബാദിലെ മിത്സുമി ഹൗസിംഗ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണു ലൈഫ് മിഷന് കരാര്‍ നല്‍കിയിരിക്കുന്നത്.
8തുടക്കത്തിലേ കല്ലുകടി
ഫ്ലാറ്റുകളുടെ നിര്‍മാണം തുടങ്ങിയ കാലം മുതല്‍ തടസങ്ങളാണെന്ന് ജനം പറയുന്നു. നേരത്തേ ജോലിക്കാരുടെ പ്രശനംമൂലം പണി നിര്‍ത്തിവെച്ചിരുന്നു. പിന്നീട് കെട്ടിടത്തിന്റെ നിര്‍മാണ സാധനസമഗ്രികളുടെ അപര്യാപ്തതമൂലം നിര്‍ത്തിവച്ചു. ഇതിനിടയില്‍ മഴ മൂലവും പ്രവൃത്തികള്‍ തടസപ്പെട്ടു. രണ്ടുവര്‍ഷമായി പണിയൊന്നും ഇവിടെ നടന്നിട്ടില്ലെന്ന് പരിസരവാസികള്‍ പറഞ്ഞു.
ഫ്ലാറ്റിന്റെ കെട്ടിടനിര്‍മാണം താഴത്തെ നിലയിലെ ചുമരുകളുടെ ഘടനയില്‍ മാത്രം ഒതുങ്ങി. രണ്ടാമത്തെ ഫ്ലാറ്റിലെ തൂണുകളുടെ ഫൗണ്ടേഷന് പ്രവൃത്തികള്‍ പാതിയില്‍നിലച്ച നിലയിലാണ്. തൂണുകളുടെ താഴെ വെള്ളം കെട്ടിനിന്ന് സമീപത്തെ കിണറുകളിലെ വെള്ളം മലിനമാകുന്നതായി അയല്‍വാസി കായംപുറം കുട്ടന് പറഞ്ഞു. പഞ്ചായത്തില്‍ പരാതി നൽകിയപ്പോള് ലഭിച്ച ക്ലോറിന്ചേര്ത്ത് വെള്ളം ശുദ്ധീകരിച്ചാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. മഴക്കാലമായാല്‍ തൂണുകളുടെ ഉയരത്തില്‍ വെള്ളം വരും. മാത്രമല്ല, രാത്രിയായാല്‍ പാമ്പുകളടക്കമുള്ള ഇഴജന്തുക്കളുടെയും മരപ്പട്ടിയുടെയുമെല്ലാം ശല്യം രൂക്ഷമാണെന്നും കുട്ടന് കൂട്ടിച്ചേര്‍ത്തു.
രണ്ടുഘട്ടങ്ങളിലായി കെട്ടിടത്തിനന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനായിരുന്നു പദ്ധതി. എന്നാല്‍, ആദ്യഘട്ടം പൂര്‍ത്തിയാക്കാന്‍ ഇനിയെത്ര കാലം കാത്തിരിക്കേണ്ടിവരുമെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.