കുറുമാൽ: കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ഫാ. ഡേവിസ് ചിറമ്മലിന്റെ നേതൃത്വത്തിൽ വേലൂർ കുറുമാൽ വിദ്യാ എൻജിനീയറിംഗ് കോളജ്, കുറുമാൽ പള്ളി എന്നിവയ്ക്കു സമീപം ആരംഭിച്ച സൗജന്യ ഡയാലിസിസ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു.
സാന്പത്തിക അവശത അനുഭവിക്കുന്ന കിഡ്നി രോഗികൾക്ക് പൂർണമായും സൗജന്യമായി ഡയാലിസിസ് ഇവിടെ ചെയ്യും. ഒരേസമയം 10 പേർക്കു ഡയാലിസിസ് ചെയ്യുന്നതിനുള്ള സൗകര്യമുണ്ടാവും. അമല ആശുപത്രിയുമായി സഹകരിച്ച് അമലയുടെ ടെക്നിക്കൽ സ്റ്റാഫിന്റെ സേവത്തോടെയാണ് സൗജന്യ ഡയാലിസിസ് ചെയ്യുന്നത്.
അമല ആശുപത്രി ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ സിഎംഐ ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. കിഡ്നി ഫെഡറേഷൻ ചെയർമാൻ ഫാ. ഡേവിസ് ചിറമ്മൽ അധ്യക്ഷത വഹിച്ചു.
ഡയാലിസിസ് സെന്ററിനോടു ചേർന്നുള്ള സ്ഥലത്ത് കിഡ്നി ഗ്രീൻപാർക്ക് ഉടൻ ആരംഭിക്കുമെന്ന് ഫാ. ഡേവിസ് ചിറമ്മൽ പറഞ്ഞു. ഗ്രീൻ പാർക്കിൽ കുട്ടികൾക്കു കളിക്കാനുള്ള സംവിധാനങ്ങളും മുതിർന്നവർക്കു വ്യായാമ ഉപകരണങ്ങൾ അടങ്ങുന്ന ജിംനേഷ്യം, മാനസിക ഉല്ലാസത്തിനു ചിരി ക്ലബ്ബ്, നാട്ടുചന്ത, ഔഷധ സസ്യ മിയവാക്കി ഫോറസ്റ്റ് എന്നിവയും ഉണ്ടാകും. വിശക്കുന്നവർക്ക് ഭക്ഷണം നൽകാൻ ട്രസ്റ്റിനോടു ചേർന്ന് അടുക്കളയും ഒരുക്കുന്നുണ്ട്.
ഗാഗുൽത്താ ധ്യാനകേന്ദ്രം സുപ്പീരിയർ ഫാ. ഡേവിഡ് പേരാമംഗലം, സാൻജോ നംബാടൻ, ജി. മോഹനചന്ദ്രൻ, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല, വേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ഷോബി, കുറുമാൽ പള്ളി വികാരി ഫാ. ക്രിസ്റ്റി, ജില്ലാ പഞ്ചായത്ത് മെമ്പർ ജലീൽ ആദൂർ, ഫാ. ഡെൽജോ പുത്തൂർ, സപ്ന റഷീദ്, ബിന്ദു ശർമ, സ്വപ്ന രാമചന്ദ്രൻ, വർഗീസ് തരകൻ, പ്രിൻസ് തോമസ്, ബോർജിയോ ജിഎം അമല, വിപിൻ വടരിയാട്ടില്, ഫ്രഡി ജോൺ, സാബു വടക്കൻ, പി.പി. യേശുദാസ്, ബി.എം. ജെയിംസ് പ്രസംഗിച്ചു.