കൊടുങ്ങല്ലൂർ: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ മുസിരിസ് ഹെറിറ്റേജ് പ്രോജക്ടിന്റെ ഭാഗമായി പുതുക്കിപ്പണിത ചേരമാൻ ജുമാമസ്ജിദ് കെട്ടിടത്തിന്റെയും കൊടുങ്ങല്ലൂർ ക്ഷേത്ര മ്യൂസിയം കെട്ടിടത്തിന്റെയുമടക്കം വിവിധ പൈതൃക സംരക്ഷണ പദ്ധതികളുടെ ഉദ്ഘാടനം ശനിയാഴ്ച പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും.
കീഴ്ത്തളി ക്ഷേത്രമണ്ഡപം, തിരുവഞ്ചിക്കുളം കനാൽ ഹൗസ്, ഇസ്ലാമിക് ഡിജിറ്റൽ ആർക്കേവ്സ്, മുസിരിസ് വെബ്സൈ റ്റ്, വിവിധ ആരാധനാലങ്ങളുടെ അടിസ്ഥാന വികസനങ്ങൾ എന്നിവയുടെയും ഉദ്ഘാടനം പോലീസ് മൈതാനിയിൽ വൈകീട്ട് 4.30 ന് നടക്കുന്ന ചടങ്ങിൽ മന്ത്രി നിർവഹിക്കും. വി.ആർ. സുനിൽകുമാർ എംഎൽ എ അധ്യക്ഷനായിരിക്കും. ബന്നി ബഹനാ നാണ് എംപി മുഖ്യാതിഥി.
കേരളത്തിലെ ആദ്യത്തെ മുസ്ലിം പള്ളി എന്ന് വിശ്വസിക്കപ്പെടുന്ന വിഖ്യാതമായ ചേരമാൻ പെരുമാൾ പള്ളിയുടെ സംരക്ഷണ പ്രവർത്തനങ്ങൾക്ക് 1.13 കോടി രൂപയാണു ചെലവാക്കിയത്. 93.64 കോടി രൂപ ചെലവാക്കി പള്ളിയുടെ ചുറ്റുമതിലും പണികഴിപ്പിച്ചു.
കേരളത്തിന്റെ ശ്രേഷ്ഠ പൈതൃക അവശേഷിപ്പുകളിലൊന്നായ കൊടുങ്ങല്ലൂർ ശ്രീ കരുംബ ഭഗവതി ക്ഷേത്രത്തിന്റെ ഊട്ടുപുര, ഭണ്ഡാരപ്പുര മാളിക സമുച്ചയത്തിന്റെ സംരക്ഷരണ പദ്ധതിക്കു 3.23 കോടി രൂപയാണ് ചെലവഴിച്ചത്.
ക്ഷേത്ര കെട്ടിടങ്ങളുടെ പുനരുദ്ധാരണപ്രവർത്തനത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കി. കേരള പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള സംരക്ഷിത സ്മാരകം കൂടിയായ കീഴ്തളി ക്ഷേത്രത്തിന്റെ ബലിക്കല്ല് മണ്ഡപത്തിന്റെ നിർമാണവും മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി നടത്തി. ചേരകാലത്തെ ക്ഷേത്രങ്ങളുടെ വാസ്തുശൈലിക്കു സമാനമായാണ് ഈ ബലിക്കൽ മണ്ഡപം നിർമിച്ചിരിക്കുന്നത്. തിരുവഞ്ചിക്കുളത്തെ കനാൽ ഓഫീസ് യഥാർഥത്തിൽ ഡച്ചുകാരാൽ നിർമിതമായതാണ്.
ആ ചരിത്ര നിർമിതിയും സംരക്ഷണം പദ്ധതിയുടെ ഭാഗമായി പൂർത്തീകരിച്ചു. ഇതുകൂടാതെ തൃക്കുലശേഖരപുരം ശ്രീകൃഷ്ണ ക്ഷേത്രം, ശൃംഗപുരം ശിവക്ഷേത്രം, തൃക്കുലശേഖരപുരം ആഴ്വാർ ക്ഷേത്രം, പടാകുളം അയ്യപ്പക്ഷേത്രം എന്നിവടങ്ങളിലെ പ്രദക്ഷിണ പദങ്ങൾ, ആൽത്തറകൾ തുടങ്ങിയവയടക്കം പതിനാറ് ആരാധനാലങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം 3.29 കോടി രൂപ ചെലവഴിച്ച് പൂർത്തീകരിച്ചു.
ഈ വികസന, സംരക്ഷണ, നവീകരണ പദ്ധതികളുടെയും മുസിരിസ് പൈതൃക പദ്ധതിയുടെ പുതുക്കിയ വെബ്സൈറ്റിന്റെയും ഇസ്ലാമിക് ഡിജിറ്റൽ ആർക്കേവ്സിന്റെയും ഉദ്ഘാടനങ്ങളാണ് മന്ത്രി പി.എ. മുഹ്മദ് റിയാസ് നിർവഹിക്കുക.
ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി കെ. ബിജു, ടൂറിസ് ഡയക്ടർ ശിഖ സുരേന്ദ്രൻ, മുസിരിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടർ ഡോ. കെ. മനോജ്കുമാർ, കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ ടി.കെ. ഗീത, വൈസ് ചെയർപേഴ്സൺ അഡ്വ. വി.എസ്. ദിനൽ തുടങ്ങിയവർ പങ്കെടുക്കും.