കോതമംഗലം: നേര്യമംഗലം ഗവ. ആശുപത്രിയിൽ കവളങ്ങാട് മുൻ പഞ്ചായത്ത് ഭരണ സമിതി നടപ്പാക്കിയ ഈവനിംഗ് ഒപി പുനസ്ഥാപിക്കണമെന്നും സ്ഥിരം ഡോക്ടറേ നിയമിക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് നേര്യമംഗലം മണ്ഡലം കമ്മിറ്റി പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു.
യുഡിഎഫ് ജില്ലാ കണ്‍വീനർ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. ആശുപത്രിയുടെ പ്രവർത്തനം മുടങ്ങിയിരിക്കുകയാണ്. ആറ് മാസം കഴിഞ്ഞിട്ടും എച്ച്എംസി കമ്മിറ്റി വിളിച്ചു ചേർക്കുന്നില്ല. സ്ഥിരമായി ഡോക്ടർ ഇല്ലാത്തതിനു പുറമെ വാർഡ്തലത്തിൽ മഴക്കാല പൂർവ രോഗ പ്രവർത്തനങ്ങളും നടക്കുന്നില്ലെന്നും നേതാക്കൾ ആരോപിച്ചു.
സ്വകാര്യ ആശുപത്രികൾക്ക് വേണ്ടിയാണ് ഈവനിംഗ് ഒപി നിർത്തലാക്കിയതെന്നും അടിയന്തരമായി പ്രവർത്തനമാരംഭിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നേതാക്കൾ മുന്നറിയിപ്പു നൽകി. യോഗത്തിൽ ജൈമോൻ ജോസ് അധ്യക്ഷത വഹിച്ചു.
എ.ജി. ജോർജ്, കെ.പി. ബാബു, ഇബ്രാഹിം, എം.എസ്. എൽദോസ്, പി.എം.എ. കരീം, ബാബു ഏലിയാസ്, സൈജന്റ് ചാക്കോ, എ.സി. രാജശേഖരൻ, പി.ആർ. രവി, പി.സി. ജോർജ്, ജിൻസിയ ബിജു, സൗമ്യ ശശി, ജിൻസി മാത്യു, രാജേഷ് കുഞ്ഞുമോൻ, സന്ധ്യ ജെയ്സണ്‍, കെ.എം. അലിയാർ എന്നിവർ പ്രസംഗിച്ചു.