എൽഡിഎഫിനെ വെല്ലുവിളിച്ച് പോരാട്ടവേദി
1591395
Saturday, September 13, 2025 11:31 PM IST
അടിമാലി: എൽഡിഎഫ് ജില്ലാ കമ്മിറ്റി അതിജീവന പോരാട്ടവേദിക്കെതിരേ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളിൽ സമഗ്ര അന്വേഷണം നടത്താൻ അതിജീവന പോരാട്ടവേദി എൽഡിഎഫിനെ വെല്ലുവിളിച്ചു. അതിജീവന പോരാട്ടവേദിയുടെ സാന്പത്തിക സ്രോതസ് അന്വേഷിക്കണമെന്ന എൽഡിഎഫിന്റെ ആവശ്യം സ്വാഗതം ചെയ്യുന്നു.
ജില്ലയിലെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രധാന നേതാക്കളുടെ സാന്പത്തിക സ്രോതസും ബിനാമി ഇടപാടുകളും സഹകരണ സംഘങ്ങളിലെ തട്ടിപ്പുകളും വൻകിട കോർപറേറ്റ് കന്പനികളെ തോൽപ്പിക്കുന്ന ബിസിനസ് ഇടപാടുകളും ഇതിനോടൊപ്പം സമഗ്രമായി അന്വേഷിക്കണം. അന്വേഷണം നടക്കുകയാണെങ്കിൽ ആവശ്യമായ തെളിവുകൾ അന്വേഷണ ഏജൻസിക്ക് നൽകാൻ അതിജീവന പോരാട്ടവേദി തയാറാണ്.
ഭൂപതിവ് നിയമ ഭേദഗതിയും ചട്ടങ്ങളും ജനദ്രോഹപരമാണെന്നു തന്നെയാണ് പോരാട്ടവേദിയുടെ അഭിപ്രായം. ഭേദഗതികൾ ജനദ്രോഹമാണെന്നു സമ്മതിക്കുന്ന പ്രസ്താവനകളാണ് എൽഡിഎഫ് നടത്തുന്നത്. ആശങ്ക പ്രകടിപ്പിക്കുന്നവരെ കൈകാര്യം ചെയ്യുമെന്നു പറയുന്നത് ജാള്യം മറയ്ക്കാനാണ്. പോരാട്ടവേദിയെ രാഷ്ട്രീയവും നിയമപരവുമായി നേരിടും എന്ന് പറഞ്ഞതിനെ സ്വാഗതം ചെയ്യുന്നു.
എന്നാൽ, ചെയർമാനെ തെരുവിൽ നേരിടും എന്ന ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രഖ്യാപനത്തെ അപലപിക്കുകയും ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പോലീസിനു പരാതി നൽകുന്നതിനും പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയെ സമീപിക്കുമെന്നും അതിജീവന പോരാട്ട വേദിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം അറിയിച്ചു.
ഈ വിഷയത്തിലും എൽഡിഎഫ് പ്രതിനിധികളുമായി പരസ്യ സംവാദത്തിന് തയാറാണ്. ജില്ലയ്ക്കു പുറത്തുനിന്നുള്ള അഭിഭാഷകരെ നിയോഗിച്ച് കേസുകൾ നടത്തുന്നുവെന്നുള്ള ആക്ഷേപം അടിസ്ഥാന രഹിതമാണ്.
ഇടുക്കി അപകടത്തിലാണെന്നു മനസ്സിലാക്കി വസ്തു എല്ലാം വിറ്റ് ഇപ്പോൾ എറണാകുളത്ത് താമസമാക്കിയ പ്രമുഖ എൽഡിഎഫ് നേതാവായ അഭിഭാഷകൻ ഇടുക്കി ജില്ലയിലെ നിരവധി പഞ്ചായത്തുകളുടെ സ്റ്റാൻഡിംഗ് കൗണ്‍സിലായി ഹൈക്കോടതിയിൽ പ്രവർത്തിക്കുന്നുണ്ട്. ഇടുക്കി ജില്ലയിലെ നിരവധി പ്രശ്നങ്ങൾക്ക് കോടതിയിൽ നിന്ന് പരിഹാരം ഉണ്ടാക്കുന്നതിന് ഈ അഭിഭാഷകന് സാധിച്ചിട്ടുണ്ടെന്നും വേദി ജനറൽ കണ്‍വീനർ അഡ്വ. മഞ്ചേഷ് കുമാർ അറിയിച്ചു.