"ഉടുമ്പന്‍ചോല പഞ്ചായത്തിൽ അരളിത്തൈയിലും അഴിമതി'
1591619
Sunday, September 14, 2025 11:13 PM IST
നെടുങ്കണ്ടം: ഉടുമ്പന്‍ചോല പഞ്ചായത്ത് ആവിഷ്കരിച്ച സൗന്ദര്യവത്്കരണ പദ്ധതിയായ ഹരിതചോലയുടെ താളംതെറ്റി. പദ്ധതിയുടെ പേരില്‍ നടന്നത് ലക്ഷങ്ങളുടെ അഴിമതിയാണെന്ന് ആരോപണം.
2019 - 20 ലാണ് ഉടുമ്പന്‍ചോലയില്‍ ഹരിതചോല എന്ന പേരില്‍ പദ്ധതി ആവിഷ്കരിച്ചത്. പഞ്ചായത്തിലൂടെ കുമളി - മൂന്നാര്‍ റോഡ് കടന്നുപോകുന്ന ഭാഗങ്ങളില്‍ റോഡിന് ഇരുവശത്തും അരളിച്ചെടികള്‍ നട്ട് പരിപാലിക്കുക, വിവിധ ഇടങ്ങളില്‍ വേസ്റ്റ് ബിന്നുകള്‍, തുമ്പൂര്‍മൂഴി മോഡല്‍ മാലിന്യ സംസ്കരണം തുടങ്ങിയ വിവിധ പദ്ധതികളാണ് പ്രഖ്യാപിച്ചത്. 20 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്.
10,000ത്തിലധികം അരളിത്തൈകള് വാങ്ങി റോഡിന് ഇരുവശവും നടുകയും ചെയ്തു. എന്നാല്‍, കൃത്യമായ സംരക്ഷണമില്ലാതെ എല്ലാം നശിച്ചു. ലക്ഷങ്ങള്‍ മുടക്കിയ പദ്ധതിയില്‍ അഴിമതി നടന്നിട്ടും അന്വേഷണം നടക്കുന്നില്ലെന്ന് കോണ്‍ഗ്രസ് പഞ്ചായത്ത് മെംബറും യുഡിഎഫ് കണ്‍വീനറുമായി ബെന്നി തുണ്ടത്തില്‍ ആരോപിച്ചു.
ചെടികള്‍ക്ക് വെള്ളം നനയ്ക്കുന്നതിനും ചകിരിച്ചോറിനുമൊക്കെയായി പണം വകയിരുത്തിയിരുന്നു. പണം നഷ്ടമായതല്ലാതെ സൗന്ദര്യം ഉണ്ടായില്ല.
ഏയ്ഞ്ചല്‍ ട്രംപറ്റ് പോലുള്ള വിവിധയിനം ചെടികള്‍ മേഖലയിലെ കര്‍ഷകര്‍ വേലിയായി പരിപാലിക്കാറുണ്ട്. ഇവ നട്ടുപിടിപ്പിച്ച് പാതയോരം മനോഹരമാക്കാം എന്നിരിക്കെയാണ് ഇത്തരം പദ്ധതികളിലൂടെ ലക്ഷങ്ങള്‍ നഷ്ടമാക്കിയതെന്നും ബെന്നി ആരോപിച്ചു.