വിശുദ്ധ പ്രഖ്യാപന ചടങ്ങിൽ പാപ്പയ്ക്കൊപ്പം സഹകാർമികനായി മലയാളി വൈദികൻ എഫ്രേം അച്ചൻ
1591618
Sunday, September 14, 2025 11:13 PM IST
ടി.പി. സന്തോഷ്കുമാർ
തൊടുപുഴ: വിശുദ്ധ കാർലോ അക്കുത്തിസിന്റെ ജീവ ചരിത്രകാരനായ മലയാളി വൈദികൻ ഫാ. എഫ്രേം കുന്നപ്പള്ളിക്ക് വത്തിക്കാനിലെ വിശുദ്ധ പ്രഖ്യാപനച്ചടങ്ങിൽ ലെയോ പതിനാലാമൻ മാർപ്പാപ്പക്കൊപ്പം സഹകാർമികനാകാൻ കഴിഞ്ഞതിന്റെ ആത്മ നിർവൃതി വാക്കുകൾക്കതീതം.
കഴിഞ്ഞ ഏഴിനാണ് കാർലോ അക്കുത്തിസിനെയും പിയർ ജോർജോ ഫ്രസാത്തിയെയും മാർപ്പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചത്.
കാർലോ അക്കുത്തിസിന്റെ അമ്മയും പിയർ ജിയോർജിയോ ഫ്രസാത്തിയുടെ കുടുംബവും നൽകിയ പ്രത്യേക ക്ഷണം സ്വീകരിച്ചായിരുന്നു വത്തിക്കാനിലെത്തിയത്. 2007-ൽ കാർലോയുടെ അമ്മയുമായി പരിചയപ്പെട്ട ഫാ. എഫ്രേം 12 വയസുള്ളപ്പോഴാണ് ജീവ ചരിത്ര രചന നടത്തിയത്. 2011-ലാണ് ഇംഗ്ലീഷിലുള്ള ഈ ഗ്രന്ഥം പൂർത്തിയാക്കിയത്.
സ്കൈപ്പ് മുഖാന്തരം കാർലോയുടെ മാതാപിതാക്കളുമായി സംഭാഷണം നടത്തിയാണ് ഗ്രന്ഥം തയാറാക്കിയത്. ഈ ഗ്രന്ഥമാണ് കാർലോയുടെ നാമകരണ നടപടികൾക്ക് വിത്തു പാകിയത്.
2013ൽ കാർലോ ദൈവദാസനായപ്പോൾ, ഏഷ്യൻ അസോസിയേഷൻ ഓഫ് കാർലോ അക്കുത്തിസിന്റെ നേതൃത്വവും ഫാ.എഫ്രേമിനായിരുന്നു.
ബ്രസീൽ, ഫിലിപ്പീൻസ്, അർജന്റീന, ചൈന, ഇന്ത്യ തുടങ്ങി വിവിധ രാജ്യങ്ങളിൽ ഇദ്ദേഹം കാർലോയുടെ സന്ദേശം പ്രചരിപ്പിച്ചു.
ഇടുക്കി ജില്ലയിൽ ഉപ്പുതറ സ്വദേശികളായ റിട്ട.എസ്ഐ ജോയിസിന്റെയും പരേതയായ ജെസിയുടെയും മകനാണ് എഫ്രേം അച്ചൻ. കാർലോ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ ടീ ഷർട്ടും അഴുകാത്ത ഹൃദയത്തിന്റെ ഭാഗവും ഉൾപ്പെടുത്തി ഇന്ത്യയിൽ നടന്ന പ്രദർശനങ്ങൾക്ക് നേതൃത്വം നൽകിയതും അച്ചനായിരുന്നു.
ഇതിനു പുറമേ 1500 വിശുദ്ധരുടെ തിരുശേഷിപ്പുകളുമായി നടത്തിയ പ്രയാണത്തിന് തുടക്കമിടാൻ കഴിഞ്ഞത് അച്ചന്റെ മനസിൽനിന്ന് ഇന്നും മാഞ്ഞിട്ടില്ല. കാർലോ വോയിസ് മാഗസിനും ഹൈവേ ഓഫ് ഹെവൻ എന്ന ഗ്രന്ഥവും അച്ചൻ പുറത്തിറക്കിയിട്ടുണ്ട്. ഭാരതത്തിൽ കാർലോ അക്കുത്തിസ് മ്യൂസിയത്തിന്റെ നിർമാണത്തിനുള്ള ശിലാഫലകം പാപ്പ വെഞ്ചരിച്ച് നൽകിയിരുന്നു.
2007 -ൽ പിയർ ജോർജോ ഫ്രസാത്തിയെക്കുറിച്ചുള്ള പുസ്തകം അദ്ദേഹത്തിന്റെ സഹോദരീപുത്രിയുടെ സഹായത്തോടെയാണ് എഫ്രേം അച്ചൻ രചിച്ചത്.
കാർലോയുടെ ലാപ്ടോപ്പ്, കാൽക്കുലേറ്റർ, ടെന്നീസ് ബാറ്റ് തുടങ്ങിയവ തന്റെ കൈവശമുണ്ടെന്നും, അവയെല്ലാം ഇന്ത്യയിലേക്ക് എത്തിക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്നും അച്ചൻ പറഞ്ഞു.
ഫ്രാൻസിസ് മാർപാപ്പ, മാർ ജോർജ് ആലഞ്ചേരി, മാർ ജോർജ് പള്ളിപ്പറന്പിൽ, കർദിനാൾ പിസബല്ല, കർദിനാൾ ക്ലീമിസ് മാർ ബസേലിയോസ് ബാവ, കർദിനാൾ ലുയിസ് റഫേൽ സാക്കോ, മാർ റഫേൽ തട്ടിൽ എന്നിവരുടെ അകമഴിഞ്ഞ പിന്തുണ തന്റെ പ്രവർത്തനങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിശുദ്ധപദവി പ്രഖ്യാപനത്തിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചത് അപൂർവ അനുഭവമാണെന്നാണ് എഫ്രേം അച്ചൻ പറയുന്നത്.