മൂലമറ്റം-കോട്ടമല റോഡ് നിർമാണ ഉദ്ഘാടനം
1591396
Saturday, September 13, 2025 11:31 PM IST
മൂലമറ്റം: കോട്ടമല റോഡിന്റെയും മൂലമറ്റം പവർഹൗസ് വരെയുള്ള പിഡബ്ല്യുഡി റോഡ് ബിഎംബിസി നിലവാരത്തിലേയ്ക്ക് ഉയർത്തുന്നതിന്റെയും നിർമാണ ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ ലൈനിൽ നിർവഹിച്ചു. സംസ്ഥാനത്തെ പശ്ചാത്തല വികസനമേഖലയിൽ കഴിഞ്ഞ ഒൻപത് വർഷത്തിനിടെ വലിയ കുതിപ്പാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ഉദ്ഘാടനം ഓണ്‍ലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ നാല് വർഷത്തിൽ മാത്രം 8000 കിലോമീറ്ററോളം റോഡ് നവീകരിച്ചു. മലയോര ഹൈവേ യാഥാർഥ്യമാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. 13 ജില്ലകളിലൂടെ കടന്നുപോകുന്ന മലയോര ഹൈവേ 1200ഓളം കിലോമീറ്ററാണ്. കേരളത്തിലെ കാർഷിക ടൂറിസംമേഖലയിൽ വലിയ കുതിപ്പ് സാധ്യമാക്കാൻ മലയോര ഹൈവേ യാഥാർഥ്യമാകുന്നതോടെ കഴിയുമെന്നും മന്ത്രി പറഞ്ഞു.
മൂലമറ്റം - കോട്ടമല റോഡ് യാഥാർഥ്യമാകുന്നതോടെ പ്രദേശവാസികളുടെ ചിരകാല ആഗ്രഹമാണ് സാക്ഷാത്കരിക്കപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. മൂലമറ്റം നാടുകാണി കേബിൾ കാർ പദ്ധതിക്കായി പ്രാഥമിക പഠനം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 2023-24 സാന്പത്തിക വർഷത്തിലെ ശബരിമല പ്രവൃത്തിയിൽ ഉൾപ്പെടുത്തി 6.80 കോടി ചെലവഴിച്ചാണ് റോഡ് ആധുനിക നിലവാരത്തിൽ പുനർനിർമിക്കുന്നത്.
ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ, പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. വിനോദ്, വൈസ് പ്രസിഡന്റ് സുബി ജോമോൻ, ജില്ലാ പഞ്ചായത്തംഗം പ്രഫ. എം.ജെ ജേക്കബ്, അറക്കുളം പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ കെ.എൽ. ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ ഷിബു ജോസഫ്, സുശീല ഗോപി, കൊച്ചുറാണി ജോസ്, ഗീത തുളസീധരൻ, സിന്ധു, വിനീഷ് വിജയൻ, പി.എ വേലുക്കുട്ടൻ, എലിസബത്ത് ജോണ്സണ്, സിനി തോമസ്, ഓമന ജോണ്സണ് എന്നിവർ പ്രസംഗിച്ചു.