ജില്ലയിൽ കാറുകൾ കത്തിയമരുന്നു
1591394
Saturday, September 13, 2025 11:31 PM IST
തൊടുപുഴ: ജില്ലയിൽ ഓട്ടത്തിനിടെ കാറുകൾക്ക് തീ പിടിക്കുന്നത് തുടർക്കഥയാകുന്നു. അപ്രതീക്ഷിതമായാണ് കാറുകൾ കത്തിയമരുന്നത്. കത്തിപ്പടരുന്ന വാഹനത്തിൽനിന്നു യാത്രക്കാർ പലപ്പോഴും തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്. ഈ വർഷം ജില്ലയുടെ വിവിധ മേഖലകളിലായി പത്തോളം കാറുകളാണ് അഗ്നിക്കിരയായത്. വെള്ളിയാഴ്ച വണ്ണപ്പുറത്തും ഇന്നലെ എഴുകുംവയലിലും കാറുകൾ കത്തിനശിച്ചിരുന്നു. വണ്ണപ്പുറത്ത് പെട്രോൾ പന്പിനു സമീപമാണ് കാർ കത്തിയത്. തലനാരിഴയ്ക്കാണ് ഇവിടെ വലിയ അപകടം ഒഴിവായത്. കത്തിയതിൽ കൂടുതലും ഒരേ കന്പനിയുടെ വാഹനങ്ങളാണെന്ന പ്രത്യേകതയുമുണ്ട്.
വണ്ണപ്പുറത്തിനും എഴുകുംവയലിനും പുറമേ മുട്ടം, തൊടുപുഴ -ഇടുക്കി റൂട്ടിൽ കുരുതിക്കളം, കാഞ്ഞാർ -വാഗമണ് റൂട്ടിൽ പുളിക്കാനം എന്നിവിടങ്ങളിലും ഓട്ടത്തിനിടെ കാറുകൾക്ക് തീ പിടിച്ചിരുന്നു. പുള്ളിക്കാനത്തിന് ഒരു കിലോമീറ്റർ ചുറ്റളവിൽ ഒരേ കന്പനിയുടെ മൂന്നു കാറുകളാണ് കത്തിനശിച്ചത്.
പലപ്പോഴും വാഹനങ്ങൾ തീപിടിച്ച് സ്ഫോടനത്തോടെ പൊട്ടിത്തെറിക്കുന്ന സംഭവങ്ങളുമുണ്ട്. വാഹനങ്ങൾ തീ പിടിക്കുന്പോൾ ഫയർഫോഴ്സ് എത്താറുണ്ടെങ്കിലും ഇതിനോടകം വാഹനം പൂർണമായി കത്തിയിട്ടുണ്ടാകും. വാഹനങ്ങൾ തീപിടിക്കുന്ന സംഭവങ്ങൾ വ്യാപാകമായതോടെ മുൻകരുതലും സുരക്ഷാനിർദേശങ്ങളുമായി മോട്ടോർവാഹന വകുപ്പ് രംഗത്തെത്തിയിരുന്നു.
ഷോർട്ട് സർക്യൂട്ടും ഇന്ധനച്ചോർച്ചയും
ഇന്ധനച്ചോർച്ചയും ഷോർട്ട് സർക്യൂട്ടുമാണ് വാഹനങ്ങൾക്ക് തീ പിടിക്കാനുള്ള പ്രധാന കാരണമായി പറയുന്നത്. കത്തിനശിച്ചതിലേറെയും പഴയ വാഹനങ്ങളാണ്. ഇവയുടെ അറ്റകുറ്റപ്പണികളും സർവീസും സമയാസമയങ്ങളിൽ നടത്താത്തതും തീ പിടിത്തത്തിന് കാരണമാകാറുണ്ടെന്ന് വിദഗ്ധർ പറയുന്നു.
റോഡ് അപകടങ്ങൾക്കു പിന്നാലെയും കാറിൽ തീപടരാറുണ്ട്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ഫ്യുവൽ ലൈൻ തകർന്ന് ഇന്ധനം ചോരുന്നത് കാറിൽ തീപടരാൻ ഇടയാക്കും. എൻജിൻ ഓയിൽ, ഇന്ധനം പോലുള്ളവ ചോരുന്നതും അപകടത്തിന് വഴിയൊരുക്കാം. കൂടാതെ ഫ്യുവൽ പ്രഷർറെഗുലേറ്റർ, ഫ്യുവൽ ഇൻജെക്ടർ എന്നിവയിലുണ്ടാകുന്ന തകരാർ മൂലവും ഇന്ധനം ചോരാം. ഇന്ധനവും ഓയിലും പ്രവഹിക്കുന്ന ട്യൂബുകൾ പ്രാണികളും മറ്റും കടിച്ചാണ് പലപ്പോഴും ലീക്കുണ്ടാകുന്നത്.
തീപിടിത്തത്തിന് മറ്റൊരു പ്രധാന കാരണമാണ് ഷോർട്ട് സർക്ക്യൂട്ട്. മിക്ക സന്ദർഭങ്ങളിലും ഫ്യൂസ് എരിയുന്നത് തീപിടുത്തത്തിലേക്ക് നയിക്കുന്നു. കൂടാതെ വാഹനങ്ങളുടെ ഇലക്ട്രിക് ഭാഗങ്ങളിൽ വരുത്തുന്ന മോഡിഫിക്കേഷനുകൾ അപകടങ്ങൾക്ക് വഴിവയ്ക്കാം. ആഫ്ടർമാർക്കറ്റ് ആക്സസറികൾ വാഹനങ്ങളിൽ ഘടിപ്പിക്കുന്പോൾ വയറിംഗ് ശരിയായ രീതിയിലല്ലെങ്കിൽ ഷോർട്ട് സർക്ക്യൂട്ടിന് കാരണമാകും. കൂടാതെ ശരിയായി കണക്ഷൻ നൽകാത്ത ബാറ്ററി, സ്റ്റാർട്ടർ എന്നിവയും തീപിടിക്കാനിടയാക്കും.
വാഹനത്തിൽനിന്നു റബറോ പ്ലാസ്റ്റിക്കോ കത്തുന്നതോ പോലെയുള്ള ഗന്ധം അനുഭവപ്പെട്ടാൽ വാഹനം നിർത്തണം. എൻജിൻ ഓഫാക്കി നിർത്തി. വാഹനത്തിൽനിന്നിറങ്ങി ദൂരെമാറി നിൽക്കണം. പിന്നീട് അംഗീകൃത സർവീസ് സെന്ററുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായം തേടണം.
തീപിടിക്കാതിരിക്കാൻ
കൃത്യമായി വാഹനത്തിന്റെ മെയിന്റനൻസ് നടത്തണം. എളുപ്പത്തിൽ തീപിടിക്കാവുന്ന വസ്തുക്കൾ വാഹനത്തിൽ കരുതരുത്. വാഹനത്തിൽ ഇരുന്ന് പുകവലിക്കരുത്. ഫ്യൂസ് കത്തിയെന്നു മനസിലായാൽ അത് മാറ്റി വാഹനം ഓടിക്കാൻ ശ്രമിക്കരുത്. അതിനായി മെക്കാനിക്കുകളെ തന്നെ ആശ്രയിക്കുക. അംഗീകൃത സർവീസ് സെന്ററുകളിൽ നൽകി വാഹനത്തിന്റെ അറ്റകുറ്റപ്പണികളും ഇലക്ട്രിക് ജോലികളും ചെയ്യുക. അനാവശ്യ മോഡിഫിക്കേഷൻ ഒഴിവാക്കുക.
തീപിടിച്ചാൽ എന്തുചെയ്യണം
വാഹനത്തിൽനിന്നു പുകയും തീയും ഉയർന്നാൽ ഓഫ് ചെയ്ത് ഇതിൽനിന്നിറങ്ങി സുരക്ഷിത അകലത്തിലേക്കു മാറുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് ജില്ലാ ഫയർ ഓഫീസർ കെ. ആർഷിനോയി പറഞ്ഞു. സ്വയം തീ അണയ്ക്കാൻ ശ്രമിക്കരുത്. തീപിടിക്കുന്പോൾ വാഹനത്തിലെ ഘടകങ്ങളിൽനിന്നും വിഷവായു പുറത്തേക്കുവരാം. ഇത് ജീവന് ഭീഷണി ആകാം.
ബോണറ്റിലാണ് തീപിടിക്കുന്നതെങ്കിൽ ഇത് ഉയർത്താൻ ശ്രമിക്കരുത്. എൻജിൻ ഭാഗത്തും തീ പിടിക്കാനുള്ള സാധ്യതയേറെയാണ്.
ഇന്ധനം ചോർന്ന് വാഹനത്തിന് തീപിടിച്ചാൽ വെള്ളം ഒഴിച്ച് കെടുത്താൻ ശ്രമിക്കരുത്. ഇത് കൂടുതൽ ഭാഗത്തേക്ക് തീ പടരാൻ കാരണമാകും.
വീണ്ടും കാർ കത്തിനശിച്ചു:
ആറംഗ കുടുംബം രക്ഷപ്പെട്ടു
നെടുങ്കണ്ടം: എഴുകുംവയലിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. രണ്ടു യാത്രക്കാർക്ക് പൊള്ളലേറ്റു. ഇന്നലെ രാവിലെ അഞ്ചരയോടെയാണ് ആറംഗ കുടുംബം സഞ്ചരിച്ചിരുന്ന കാറിനു തീപിടിച്ചത്. എഴുകുംവയൽ തോലാനിയിൽ ജിയോ ജോർജിന്റെ കാറാണ് കത്തിനശിച്ചത്.
വാഹനം ഓടിച്ചിരുന്ന ജിയോ (47), മകൾ ഓഷിൻ (16) എന്നിവർക്കാണ് പൊള്ളലേറ്റത്. ഇവർക്കൊപ്പം ജിയോയുടെ ഭാര്യ അനു (44), മക്കളായ മിഷേൽ (15), ജോർജുകുട്ടി (12), അനുവിന്റെ മാതാവ് ആലീസ് ജോസഫ് (65) എന്നിവരും കാറിലുണ്ടായിരുന്നു.
എഴുകുംവയൽ പള്ളിയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. കീച്ചേരിപ്പടി - കോടാലിക്കവല റോഡിൽ കീച്ചേരിപ്പടിക്ക് സമീപം കയറ്റം കയറുന്നതിനിടെ നിന്നുപോയ വാഹനം പിന്നിലേക്ക് ഉരുളാൻ തുടങ്ങിയതോടെ വഴിയരികിൽ നിർത്താൻ ശ്രമിച്ചു. ഇതിനിടെ കാറിന്റെ മുൻഭാഗത്തുനിന്നു തീ ഉയരുകയായിരുന്നു. ഉടൻതന്നെ കാറിലുണ്ടായിരുന്നവർ പുറത്തിറങ്ങി.
രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നിലത്തുവീണ് രണ്ട് കുട്ടികൾക്ക് പരിക്കേറ്റു. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ നെടുങ്കണ്ടം അഗ്നിരക്ഷാസേനയാണ് തീയണച്ചത്. കാർ പൂർണമായും കത്തിനശിച്ചു. അപകടകാരണം ഷോർട്ട് സർക്യൂട്ടാണ് ന്നാണ് പ്രാഥമിക നിഗമനം.
അപകടമുണ്ടായാൽ പോലീസ്, അഗ്നിരക്ഷാസേന വകുപ്പുകളെ അറിയിക്കുക. വാഹനങ്ങൾ കൃത്യമായ ഇടവേളകളിൽ സർവീസ് സെന്ററുകളിൽ എത്തിച്ച് ഇന്ധനവും ഓയിലും പ്രവഹിക്കുന്ന ട്യൂബുകൾ ഉൾപ്പെടെയുള്ള സ്പെയർപാർട്സുകൾ പരിശോധിക്കണം.
പഴയ വാഹനങ്ങളുടെ അറ്റകുറ്റപ്പണികളും മറ്റും കൃത്യമായി നടത്തി സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.