തൂക്കുപാലത്ത് ഓട്ടോറിക്ഷാ തൊഴിലാളി മരിച്ചനിലയിൽ
1573296
Sunday, July 6, 2025 3:46 AM IST
നെടുങ്കണ്ടം: തൂക്കുപാലത്ത് ഓട്ടോറിക്ഷാ തൊഴിലാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൂക്കുപാലത്തെ വ്യാപാരസ്ഥാപനത്തിലുണ്ടായ സംഘർഷത്തിൽ മനംനൊന്താണ് ആത്മഹത്യയെന്ന് സിഐടിയു ഡ്രൈവേഴ്സ് യൂണിയൻ ആരോപിച്ചു.
സംഭവത്തിൽ പ്രതിഷേധിച്ച് വ്യാപാരസ്ഥാപനത്തിനു മുൻപിൽ യൂണിയൻ യോഗം നടത്തി. തൂക്കുപാലം- കല്ലുമേക്കല്ല് ഇലഞ്ഞിക്കൽ സോണി ജോസഫാണ് (43) മരിച്ചത്. വെള്ളിയാഴ്ച രാത്രി ഏഴോടെ വീടിനു സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
നെടുങ്കണ്ടം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം സംസ്കരിച്ചു. ഭാര്യ: മരിയ. മക്കൾ: അഭിര, അമീര.
വെള്ളിയാഴ്ച തൂക്കുപാലത്തെ വ്യാപാരസ്ഥാപനത്തിലെ ജീവനക്കാർ സോണിയെ മർദിച്ചെന്നും ഇതേത്തുടർന്നുണ്ടായ മനോവിഷമമാണ് സോണിയെ മരണത്തിലേക്കു നയിച്ചതെന്നുമാണ് സിഐടിയു ആരോപിക്കുന്നത്.
അസ്വാഭാവിക മരണത്തിനും സോണിയെ മർദിച്ചതിന് കണ്ടാലറിയാവുന്ന നാലുപേർക്കെതിരേയും നെടുങ്കണ്ടം പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.