ക്വട്ടേഷൻ കൊലപാതകം: പ്രതികളെ കസ്റ്റഡിയിൽ വിട്ടു
1536189
Monday, March 24, 2025 11:43 PM IST
തൊടുപുഴ: സാന്പത്തിക തർക്കത്തെ തുടർന്ന് ബിസിനസ് പങ്കാളിയെ കൊലപ്പെടുത്തി മാൻഹോളിൽ തള്ളിയ സംഭവത്തിൽ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി. ഒന്നാം പ്രതി ദേവമാതാ കേറ്ററിംഗ് ഉടമ കലയന്താനി തേക്കുംകാട്ടിൽ ജോമോൻ ജോസഫ് (51), മൂന്നും നാലും പ്രതികളായ മുഹമ്മദ് അസ്ലം, ജോമിൻ കുര്യൻ എന്നിവരെയാണ് അഞ്ചു ദിവസത്തേക്ക് മുട്ടം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി കസ്റ്റഡിയിൽ വിട്ടത്. ഇവരെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു.
രണ്ടാംപ്രതിയും എറണാകുളം ജില്ലയിൽ കാപ്പാ കേസിൽ പ്രതിയുമായ പറവൂർ വടക്കേക്കര സ്വദേശി ആഷിക് ജോണ്സണ് നിലവിൽ ജയിലിലാണ്. ഇയാളുടെ ഫോർമൽ അറസ്റ്റിനായി നോർത്ത് പറവൂർ കോടതിയിൽ അപേക്ഷ നൽകും. തുടർന്ന് ഇയാളെയും തൊടുപുഴയിലെത്തിക്കും. ജോമോന്റെ ബിസിനസ് പങ്കാളി തൊടുപുഴ ചുങ്കം മുളയിങ്കൽ ബിജു ജോസഫ് (50) ആണ് കൊല്ലപ്പെട്ടത്. ബിജുവിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച ഓമ്നിവാനും കണ്ടെത്തേണ്ടതുണ്ട്. ജോമോനെ ചോദ്യംചെയ്തെങ്കിലേ ഇക്കാര്യം വ്യക്തമാകൂ. ബിജുവിന്റെ സ്കൂട്ടർ നിലവിൽ ക്വട്ടേഷൻ സംഘത്തിലുള്ളവർ എറണാകുളം ഭാഗത്ത് ഉപേക്ഷിച്ചു എന്നാണ് വിവരം. സ്കൂട്ടറും കണ്ടെത്തേണ്ടതുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ബിജുവിനെ കോലാനിക്ക് സമീപത്തുനിന്ന് ജോമോനും ക്വട്ടേഷൻ സംഘവും ചേർന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി കാറ്ററിംഗ് സ്ഥാപനത്തിന്റെ ഗോഡൗണിലെ മാൻഹോളിൽ തള്ളിയത്. വെള്ളിയാഴ്ച രാത്രിതന്നെ പ്രതികൾ പിടിയിലായിരുന്നു. ശനിയാഴ്ചയാണ് കൊലപാതക വിവരം പുറംലോകമറിഞ്ഞത്.
തൊടുപുഴ ഡിവൈഎസ്പി ഇമ്മാനുവൽ പോൾ, എസ്ഐ എൻ.എസ്. റോയി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഞായറാഴ്ച പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ ബിജുവിന്റെ മൃതദേഹം ഇന്നലെ ചുങ്കം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു.