ഓട്ടോ ഡ്രൈവറുടെ കുടുംബത്തിന് സർക്കാർ 29 ലക്ഷം നൽകാൻ വിധി
1536186
Monday, March 24, 2025 11:43 PM IST
തൊടുപുഴ: മരംവീണു മരിച്ച ഓട്ടോ ഡ്രൈവറുടെ കുടുംബത്തിന് 29 ലക്ഷം രൂപ നൽകാൻ ദേവികുളം സബ് കോടതിയുടെ സുപ്രധാന വിധി. 2015 ജൂണ്‍ 15നായിരുന്നു കേസിനാസ്പദമായ സംഭവം. കല്ലാർ-മാങ്കുളം റോഡിലൂടെ ഓട്ടോ ഓടിച്ചു പോകുന്നതിനിടെയാണ് പിഡബ്ല്യുഡി റോഡരികിൽ നിന്ന മരത്തിന്റെ ശിഖരം ഒടിഞ്ഞ് ഓട്ടോയുടെ മുകളിൽ വീണ് ഡ്രൈവർ കല്ലാർക്കരയിൽ അരക്കത്തിപറന്പിൽ ബിജു (37) മരണമടഞ്ഞത്.
സംഭവത്തിൽ കുടുംബാംഗങ്ങൾക്കുവേണ്ടി അഭിഭാഷകരായ സി.കെ. വിദ്യാസാഗർ പി.കെ. പ്രസന്നകുമാരി, ടിൻസ്മോൻ ജോസഫ്, മിഥുൻ സാഗർ എന്നിവർ ഇടുക്കി ജില്ലാ കളക്ടർ, മൂന്നാർ ഡിഎഫ്ഒ, പിഡബ്ല്യുഡി എൻജിനിയർ എന്നിവരെ പ്രതികളാക്കി നഷ്ടപരിഹാരത്തിനായി കോടതിയിൽ സമർപ്പിച്ച കേസിലാണ് 18,30,000 രൂപ അപകടകാലം മുതലുള്ള പലിശയും ഉൾപ്പെടെ 29 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാൻ ദേവികുളം സബ് ജഡ്ജി കെ.എ.ആന്റണി ഷെൽമാൻ ഉത്തരവിട്ടത്.
രണ്ടാംപ്രതിയായ ജില്ലാ കളക്ടർ ദുരന്തനിവാരണ അഥോറിറ്റിയുടെ ചുമതലക്കാരൻ എന്ന നിലയിലും മൂന്നും നാലും പ്രതികളായ ഡിഎഫ്ഒയും പിഡബ്ല്യുഡി എൻജിനിയറും പാതയോരങ്ങളിൽ അപകടസാധ്യതയുള്ള വൃക്ഷങ്ങളും ശാഖകളും യഥാസമയം വെട്ടിനീക്കി അപകടസാധ്യത ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കുന്നതിൽ വീഴ്ചവരുത്തിയതിനാലും സർക്കാരിന് നഷ്ടപരിഹാരം നൽകാനുള്ള നിയമപരമായ ബാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ദേവികുളം സബ്കോടതി നിർണായകമായ വിധി പുറപ്പെടുവിച്ചത്.