മാഫിയാസംഘങ്ങളെ പിടിച്ചുകെട്ടാൻ കൂട്ടായ്മ
1536180
Monday, March 24, 2025 11:43 PM IST
തൊടുപുഴ: വിദ്യാർഥികളെയും യുവജനങ്ങളെയും കാരിയർമാരാക്കിയും ലഹരിയുടെ ഇരകളാക്കിയും മാറ്റുന്ന ലഹരിമാഫിയയുടെ കുത്സിത ശ്രമങ്ങൾക്കെതിരേ നാടുണരുന്നു. വിദ്യാലയങ്ങൾ, കോളജുകൾ, റെസിഡന്റ്സ് അസോസിയേഷനുകൾ, സന്നദ്ധ സംഘടനകൾ, കത്തോലിക്കാ കോണ്ഗ്രസ്, പിതൃവേദി, മാതൃവേദി, എസ്എംവൈഎം, കുടുംബശ്രീ എന്നിവയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസുകളും പ്രതിജ്ഞയും റാലികളുമായി ഈ സാമൂഹ്യവിപത്തിനെതിരേ നാട് കൈകോർക്കുകയാണ്.
പോലീസ്, എക്സൈസ്, ആന്റിനാർക്കോട്ടിക്സെൽ എന്നിവരുടെ നേതൃത്വത്തിൽ ലഹരിവസ്തുക്കൾ കടത്തുന്നവരെ പിടികൂടാൻ രാപകൽ ഭേദമെന്യേ ഉൗർജിതമായ പരിശോധനകൾ കൂടി നടത്താൻ കഴിഞ്ഞാൽ ലഹരിക്കെതിരേയുള്ള പോരാട്ടത്തിൽ വലിയ വിജയം കൈവരിക്കാനാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പോലീസിന്റെയും എക്സൈസിന്റെയും നേതൃത്വത്തിൽ സമീപ ദിവസങ്ങളിൽ പരിശോധന വ്യാപകമാക്കിയപ്പോൾ കഞ്ചാവ്, എംഡിഎംഎ തുടങ്ങിയ ലഹരിവസ്തുക്കളുമായി നിരവധിപ്പേരാണ് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പിടിയിലായത്. ലഹരിമാഫിയാ സംഘങ്ങളുടെ പ്രവർത്തനം വേരോടെ പിഴുതെറിയാനുള്ള ശ്രമമാണ് ജനങ്ങളുടെ സഹകരണത്തോടെ ഇവർനടത്തിവരുന്നത്. ഇത് ഒരുപരിധിവരെ ഫലം കണ്ടുതുടങ്ങിയെന്നാണ് സമീപദിവസങ്ങളിൽ ലഹരികടത്തുമായി ബന്ധപ്പെട്ട് പിടിയിലാവരുടെ എണ്ണം വ്യക്തമാക്കുന്നത്.
വെള്ളിയാമറ്റം: ലഹരിക്കെതിരേയുള്ള ബോധവത്കരണ സെമിനാറും റാലിയുമായി വെള്ളിയാമറ്റം സെന്റ് ജോർജ് പള്ളിയിലെ കത്തോലിക്കാ കോണ്ഗ്രസ് രംഗത്തെത്തി. ലഹരിക്കും വന്യജീവി ആക്രമണത്തിനുമെതിരേയുള്ള പ്രതിരോധ കാന്പയിന്റെ ഭാഗമായി ചേർന്ന സമ്മേളനത്തിൽ വികാരി ഫാ. ജയിംസ് വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ചു. രൂപത പ്രസിഡന്റ് ഇമ്മാനുവൽ നിധീരി ഉദ്ഘാടനം ചെയ്തു. രൂപത ഡയറക്ടർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ മുഖ്യപ്രഭാഷണം നടത്തി.
രൂപത സെക്രട്ടറി ജോസ് വട്ടുകുളം, ഫൊറോന പ്രസിഡന്റ് അജിൽ പനച്ചിക്കൽ, സെക്രട്ടറി ഫ്രാൻസിസ് കരിന്പാനി, ഡിറ്റോ അഗസ്റ്റിൻ, റിനേഷ് തോമസ്, ലിയാമോൾ ആന്റണി, ജോസുകുട്ടി അറയ്ക്കപ്പറന്പിൽ, ജോയി കിഴക്കേൽ, സിബി മാളിയേക്കൽ എന്നിവർ പ്രസംഗിച്ചു.
റോയി ജെ.കല്ലറങ്ങാട്ട് ലഹരിവിരുദ്ധ-വന്യജീവി ആക്രമണ പ്രതിരോധ പ്രമേയം അവതരിപ്പിച്ചു. തുടർന്നു ടൗണിലേക്ക് റാലി നടത്തി. ലഹരിക്കെതിരേ അവതരിപ്പിച്ച സ്കിറ്റ് ശ്രദ്ധേയമായി.
തൊടുപുഴ: സമൂഹത്തെ കാർന്നുതിന്നുന്ന ലഹരി ഉപയോഗത്തിനെതിരേ ഒളമറ്റം റോക്ക് വ്യൂ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ബോധവത്കരണ സന്ദേശ ജാഥ നടത്തി. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നിരവധിപ്പേർ പങ്കെടുത്തു. വാർഡ് കൗണ്സിലർ മിനി മധു ലഹരിവിരുദ്ധപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അസോസിയേഷൻ പ്രസിഡന്റ് ജോർജ് മംഗലത്ത്, സെക്രട്ടറി എ.എൻ. വിനോദ്, കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.
കോളപ്ര: ഉണർവ് റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഉൗർജിതമാക്കി. യോഗത്തിൽ പ്രസിഡന്റ് ഫ്രാൻസിസ് കരിന്പാനി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. അഞ്ജന ചന്ദ്രൻ, രക്ഷാധികാരി ഹരികുമാർ പൊട്ടനാംകുന്നേൽ, ചന്ദ്രൻ പടിഞ്ഞാറെചോനാട്ട്, മാത്യു കരിന്പാനി, സുരേഷ് കോലത്ത്, പ്രസാദ് മന്നാട്ട്, സജന ബോസ്, ജയൻ ശശിവിലാസം എന്നിവർ പ്രസംഗിച്ചു.
മുളകരമേട്: സെന്റ് മാർട്ടിൻ ഡിപോറസ് പള്ളിയിൽ ജില്ലാ എസ്പിസി മോട്ടിവേഷൻ സെല്ലിന്റെ നേതൃത്വത്തിൽ യുവജനങ്ങൾക്കായി ചോയ്സ് ഓഫ് ലൈഫ് എന്നപേരിൽ ലഹരിവിരുദ്ധ കാന്പയിൻ നടത്തി. ജില്ലാ സ്റ്റുഡന്റ് പോലീസ് പ്രോജക്ടിന്റെ മോട്ടിവേഷൻ സെൽ സബ് ഇൻസ്പെക്ടർ അജി അരവിന്ദ് ക്ലാസ് നയിച്ചു. 200-ഓളം പേർ പങ്കെടുത്തു.
ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപിന്റെ നേതൃത്വത്തിൽ വിദ്യാലയങ്ങളിൽ മയക്കുമരുന്നുകൾക്കെതിരെയുള്ള ബോധവത്കരണ ക്ലാസുകൾ നടത്തിവരികയാണ്.
താത്പര്യമുള്ളവർ ജനമൈത്രി ജില്ലാ അസി.നോഡൽ ഓഫീസറുമായി ബന്ധപ്പെടണം. ഫോണ്: 9497912649. ചുറ്റുപാടുകളിൽ നടക്കുന്ന ലഹരിവസ്തുക്കളുടെ കച്ചവടങ്ങളോ ഉപയോഗമോ ശ്രദ്ധയിൽപ്പെട്ടാൽ കേരള പോലീസിന്റെ 9995966666 എന്ന വാട്സ് ആപ്പ് നന്പറിൽ സന്ദേശം അയയ്ക്കാം. ഇതിനു പുറമേ ജില്ലയുമായി ബന്ധപ്പെട്ട ഇത്തരം വിവരങ്ങൾ ജില്ലാ നാർകോട്ടിക് സെല്ലിന്റെ 9497912594 എന്ന നന്പറിലും അറിയിക്കാം.
ചെറുതോണി: സംസ്ഥാനത്ത് മദ്യ ഉപയോഗം വ്യാപകമാകാൻ കാരണം സർക്കാരിന്റെ അബ്കാരി അനുകൂല നയമാണെന്ന് മദ്യനിരോധന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വിൻസെന്റ് മാളിയേക്കൽ. മരിയാപുരം സെന്റ് മേരീസ് പള്ളി സംഘടിപ്പിച്ച ലഹരിവിരുദ്ധ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പിണറായി സർക്കാർ അധികാരമേൽക്കുമ്പോൾ കേരളത്തിൽ 29 ബാറുകൾ മാത്രമാണുണ്ടായിരുന്നത്. ഇപ്പോഴത് 856 ബാറുകളായി വർധിച്ചു.
പോലീസും എക്സൈസും സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിച്ചാൽ ഏതാനും മാസങ്ങൾകൊണ്ട് മദ്യേതര ലഹരി വില്പന അമർച്ചചെയ്യാൻ ഇവർക്കാവും. പക്ഷേ അതിന് വേണ്ട ഇച്ഛാശക്തിയും ആത്മാർഥതയും ഭരിക്കുന്നവർക്കില്ലെന്നും അദ്ദേഹം ആരോപിച്ചു.
യോഗത്തിൽ പഞ്ചായത്തംഗം കെ.എസ്. സിന്ധു അധ്യക്ഷത വഹിച്ചു. മരിയാപുരം പള്ളി വികാരി ഫാ. തോമസ് ആനിക്കുഴിക്കാട്ടിൽ, ഇടുക്കി രൂപത മീഡിയ കമ്മീഷൻ ചെയർമാൻ ഫാ. ജിൻസ് കാരക്കാട്ട്, ഡീക്കൻ ഐബിൻ കാരിശേരിൽ എന്നിവർ പ്രസംഗിച്ചു.
നെടുങ്കണ്ടം: കെസിബിസി മദ്യവിരുദ്ധ സമിതി ഇടുക്കി രൂപത കമ്മിറ്റിയുടെ നേതൃത്വത്തിൽ മദ്യവിരുദ്ധ ഞായർ ആചരണവും ലഹരിവിരുദ്ധ സന്ദേശ വാഹന റാലിയും പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ചു. മദ്യ-മയക്കുമരുന്നുകളുടെ നീരാളിപ്പിടുത്തത്തിൽ കഴിയുന്ന കേരളത്തെ രക്ഷിക്കാൻ ഒന്നിച്ച് അണിനിരക്കുക എന്ന ആഹ്വാനത്തോടെയാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്.
നെടുങ്കണ്ടം ഫൊറോനയിലെ വിവിധ ഇടവകകളിൽനിന്നുമായി നിരവധി വാഹനങ്ങളിലായി സ്ത്രീകളും കുട്ടികളും വൈദികരും സിസ്റ്റേഴ്സുമടക്കം നിരവധിപേർ റാലിയിലും പൊതു സമ്മേളനത്തിലും പന്തം കൊളുത്തി പ്രതിഷേധത്തിലും പങ്കാളികളായി.
തൂക്കുപാലം ടൗണിൽനിന്ന് ആരംഭിച്ച വാഹന റാലി പാലാർ സെന്റ് ജോർജ് പള്ളി വികാരി ഫാ. ഡൊമിനിക് കോയിക്കൽ ഉദ്ഘാടനം ചെയ്തു. പതാകകളും, പ്ലക്കാർഡുകളുമായി മുദ്രാവാക്യം വിളികളോടെയാണ് റാലി നടത്തിയത്. നെടുങ്കണ്ടത്ത് സമാപിച്ച റാലിക്ക് ശേഷം പ്രതിഷേധ യോഗം, പന്തം കൊളുത്തി പ്രതിഷേധ ജ്വാല എന്നിവയും നടന്നു.
പ്രതിഷേധ ജ്വാല കെസിബിസി മദ്യവിരുദ്ധ സമിതി ഇടുക്കി രൂപത ഡയറക്ടർ ഫാ. തോമസ് വലിയമംഗലം ഉദ്ഘാടനം ചെയ്തു. ഫാ. തോമസ് വലിയമംഗലം, സിൽബി ചുനയൻമ്മാക്കൽ, റോജസ് എം. ജോർജ്, സിസ്റ്റർ ലീജ എസ്ഡി, ജോയി മണ്ണാംപറമ്പിൽ, ഷൈൻ തൂക്കുപാലം, ടോമി മുത്തനാട്ട്, ബെന്നി പറപ്പള്ളിൽ, ജിയോ കടപ്ലാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.