ഗൃഹനാഥന്റെ പ്രതിഷേധം: ജപ്തി ചെയ്യാതെ ഉദ്യോഗസ്ഥർ മടങ്ങി
1484988
Saturday, December 7, 2024 3:46 AM IST
തൊടുപുഴ: വായ്പ തിരിച്ചടയ്ക്കാത്തതിനെത്തുടർന്ന് നിർധനകുടുംബത്തിന്റെ ലൈഫ് പദ്ധതി പ്രകാരം നിർമിച്ച വീട് ജപ്തി ചെയ്യാനെത്തിയ ബാങ്ക് ഉദ്യോഗസ്ഥർ ഗൃഹനാഥന്റെ പ്രതിഷേധത്തെത്തുടർന്ന് മടങ്ങി. ഈ മാസം 1.20 ലക്ഷം രൂപ തിരിച്ചടയ്ക്കണമെന്ന് നിർദേശം നൽകിയാണ് ഉദ്യോഗസ്ഥർ മടങ്ങിയത്.
തുക അടച്ചില്ലെങ്കിൽ ജനുവരിയിൽ വീടൊഴിയണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. മുതലക്കോടം കാഞ്ഞിരംപാറ താന്നിക്കൽ രമേശ് ഗോപിയും കുടുംബവും താമസിക്കുന്ന വീടാണ് ബാങ്ക് അധികൃതർ പോലീസിനൊപ്പം ഇന്നലെ രാവിലെ ജപ്തി ചെയ്യാനെത്തിയത്. രമേശ് മണ്ണെണ്ണ ദേഹത്ത് ഒഴിക്കുകയും പ്രതിഷേധിക്കുകയും ചെയ്തതോടെയാണ് ഇവർ പിൻവാങ്ങിയത്.
2015-ലാണ് തൊടുപുഴയിലെ പൊതുമേഖലാ ബാങ്കിൽനിന്ന് രമേശ് സ്വയംതൊഴിലിനായി അഞ്ച് ലക്ഷം വായ്പയെടുത്തത്. പഴുക്കാക്കുളത്ത് ഫാബ്രിക്കേഷൻ യൂണിറ്റ് തുടങ്ങാനായിരുന്നു ഉദേശിച്ചിരുന്നത്. സംരഭം പക്ഷേ വിജയിച്ചില്ല. പുറമേ റബർ സ്ലോട്ടറും എടുത്തിരുന്നു. റബറിന്റെ വിലക്കുറവ് കാരണം ഇതും നഷ്ടമായി. ഇതിനിടെ രമേശിന്റെ ഭാര്യക്ക് അസുഖവും പിടിപെട്ടു. ഇതോടെ തിരിച്ചടവ് മുടങ്ങി.
ഇപ്പോൾ പലിശയടക്കം 13.30 ലക്ഷം രൂപ കുടിശികയുണ്ട്. ലൈഫ് ഭവന പദ്ധതി പ്രകാരം ലഭിച്ച പണി തീരാത്ത വീട്ടിലാണ് ഇവർ താമസിക്കുന്നത്. പണം തിരിച്ചടച്ചില്ലെങ്കിൽ വീടും സ്ഥലവും നഷ്ടമാകും. രമേശിന്റെ അച്ഛനും അമ്മയും സഹോദരൻ രജീഷും ഭാര്യയും ഏഴും നാലും, രണ്ടരയും വയസുള്ള മൂന്ന് കുഞ്ഞുങ്ങളും ഈ വീട്ടിലാണ് താമസിക്കുന്നത്.