റോഡ് കുണ്ടും കുഴിയുമായി, വാഴ നട്ട് പ്രതിഷേധിച്ചു
1576941
Friday, July 18, 2025 11:34 PM IST
മുട്ടം: മീനച്ചിൽ കുടിവെള്ള പദ്ധതിക്കായി ജൽ ജീവൻ മിഷൻ അധികൃതർ കുത്തിപ്പൊളിച്ച തോട്ടുങ്കര-വള്ളിപ്പാറ റോഡ് അറ്റകുറ്റപ്പണി നടത്താത്തതിൽ പ്രതിഷേധിച്ച് തോട്ടുങ്കര വികസനസമിതിയുടെ നേതൃത്വത്തിൽ ജനകീയ സമരത്തിന് ഒരുങ്ങുന്നു. ഇതിനു മുന്നോടിയായി റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു. പൈപ്പുകൾ സ്ഥാപിക്കുന്നതിന് ആദ്യ ഘട്ടത്തിൽ തോട്ടുങ്കര മുതൽ ചള്ളാവയൽ വരെയുള്ള റോഡാണ് പൊളിച്ചത്.
രണ്ടാം ഘട്ടത്തിലാണ് വള്ളിപ്പാറ പ്രദേശത്തെ റോഡ് കുത്തിപ്പൊളിച്ചത്. പൈപ്പുകൾ സ്ഥാപിച്ചിട്ട് ഒരു വർഷം കഴിഞ്ഞിട്ടും ടാറിംഗ് നടത്തി റോഡ് പുനസ്ഥാപിക്കാൻ അധികൃതർ താത്പര്യപ്പെട്ടില്ല. വാഹനങ്ങൾ കടന്നുപോയതിനെത്തുടർന്നും മഴവെള്ളം ഒഴുകിയും റോഡിൽ വ്യാപകമായി ഗർത്തങ്ങൾ രൂപപ്പെട്ട നിലയിലാണ്.
ഇവിടെ ഇരുചക്രവാഹന യാത്രികർ ഉൾപ്പെടെ അപകടങ്ങളിൽപ്പെട്ട് ഗുരുതരമായ പരിക്കുകൾ സംഭവിക്കുന്നതും ആവർത്തിക്കുകയാണ്. മുട്ടം-ഈരാറ്റുപേട്ട, മുട്ടം-പാലാ റൂട്ടുകളിലേക്ക് നിത്യവും നൂറുകണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന പാതയായതിനാൽ പ്രദേശത്ത് ഗതാഗതക്കുരുക്കും അതി രൂക്ഷമാണ്. പ്രശ്നപരിഹാരത്തിന് മന്ത്രി, എംപി, എൽഎൽഎ, കളക്ടർ എന്നിവർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.