ജില്ലയിൽ വീണ്ടും മഴ കനത്തു
1576345
Thursday, July 17, 2025 12:03 AM IST
തൊടുപുഴ: ജില്ലയിൽ ഇന്നലെ മുതൽ മഴ വീണ്ടും ശക്തി പ്രാപിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഇടവിട്ടുള്ള മഴ ലഭിച്ചിരുന്നെങ്കിലും ഇന്നലെ മുതൽ കനത്ത മഴയാണ് ജില്ലയുടെ വിവിധ മേഖലകളിൽ ലഭിച്ചത്. ഇന്നലെ ജില്ലയിൽ കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു.
തൊടുപുഴ ഉൾപ്പെടെ ലോറേഞ്ച് മേഖലകളിൽ ഇടവേളയില്ലാതെ ശക്തമായ മഴയാണ് പെയ്തത്. ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളിലും ഇടവിട്ട് ശക്തമായ മഴ ലഭിച്ചു. കാര്യമായ കെടുതികൾ ഇന്നലെ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കനത്ത മഴ തുടരുന്നതിനാൽ പല പ്രദേശങ്ങളിലും ആശങ്ക നിലനിൽക്കുന്നുണ്ട്.
ജില്ലയിൽ ഇന്നു മുതൽ 19 വരെ യെലോ അലർട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. മഴയ്ക്കൊപ്പം കാറ്റിനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. ജൂണ് ഒന്നു മുതൽ ഇന്നലെ രാവിലെ വരെ ജില്ലയിൽ 738.6 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. സാധാരണ ലഭിക്കാറുള്ളത് 1149 മില്ലിമീറ്ററാണ്. കാലവർഷത്തിൽ നിലവിൽ 36 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്.
കാറ്റും മഴയും ശക്തമായതോടെ വൈദ്യുതി മുടക്കവും പതിവായിട്ടുണ്ട്. മരങ്ങൾ ലൈനിൽ വീണാണ് കൂടുതലായും വൈദ്യുതിത്തകരാറുകൾ സംഭവിക്കുന്നത്. കഴിഞ്ഞ ദിവസം വിവിധ മേഖലകളിൽ വൈദ്യുതി മുടങ്ങിയിരുന്നു. എന്നാൽ വൈദ്യുതി മുടങ്ങുന്നതോടെ ഉപഭോക്താക്കൾ കെഎസ്ഇബി ഓഫീസിൽ വിളിച്ചു പറയുമെങ്കിലും സമയബന്ധിതമായി തകരാർ പരിഹരിക്കുന്നില്ലെന്ന് പരാതി ഉയരുന്നുണ്ട്. പരാതി ലഭിച്ചാലും കെഎസ്ഇബി അധികൃതർ എത്തുന്നത് ഏറെ സമയം കഴിഞ്ഞായിരിക്കും. ചിലപ്പോൾ അടുത്ത ദിവസമായിരിക്കും ഇവർ എത്തുക. എന്നാൽ ജീവനക്കാരുടെ കുറവു മൂലമാണ് തകരാർ പരിഹരിക്കൽ വൈകുന്നതെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.