ആയുര്‍വേദ ആശുപത്രിയുടെ ജനല്‍ച്ചില്ലുകള്‍ എറിഞ്ഞുതകര്‍ത്തു
1576679
Friday, July 18, 2025 3:54 AM IST
നെടുങ്കണ്ടം: മരുന്നു വാങ്ങാനെത്തിയ യുവാവ് ആശുപത്രി ആക്രമിക്കുകയും വനിതാ ജീവനക്കാരെ അസഭ്യം പറയുകയും ചെയ്തതായി പരാതി. സംഭവത്തില്‍ ചാറല്‍മേട് കല്ലേലുങ്കല് ബിജുമോന് ബാബു(29)വിനെ നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തു.
നെടുങ്കണ്ടം പഞ്ചായത്തിന്റെ ചാറല്മേട്ടിലുള്ള ഗവ.ആയുര്‍വേദ ആശുപത്രിയില്‍ ഇന്നലെ രാവിലെ 11 നാണ് സംഭവം. ശരീരവേദനയ്ക്ക് മരുന്നുവാങ്ങാനായി ആശുപത്രിയിലെത്തിയ യുവാവ് ഡോക്ടറെ കാണണമെന്ന് ആവശ്യപ്പെട്ടു. ഈ സമയം ഡോക്ടര്‍ മീറ്റിംഗില്‍ പങ്കെടുക്കാന്‍ പോയിരുന്നു. തുടർന്ന് തനിക്ക് മരുന്ന് നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിജുമോന് പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. ജീവനക്കാര്‍ ഇയാള്‍ക്ക് കുഴമ്പ് നല്കി. കുഴമ്പ് വാങ്ങി പുറത്തിറങ്ങിയ ബിജുമോന് വനിതാ ജീവനക്കാരെ അസഭ്യം പറയുകയും റോഡിൽനിന്നു വലിയ കല്ലുകള്‍ പെറുക്കി ജനല്‍ ചില്ലുകള്‍ എറിഞ്ഞുതകര്‍ക്കുകയും ചെയ്തു.
ആശുപത്രി കെട്ടിടത്തിന്റെ പത്തോളം ജനല്‍ച്ചില്ലുകളാണ് ഇയാള്‍ തകര്‍ത്തത്. മുകളിലത്തെ നിലയിലെ യോഗ ഹാളില്‍ കല്ലുകളും ചില്ലും നിരന്നുകിടക്കുകയാണ്. അക്രമം കണ്ട് ഭയന്ന ജീവനക്കാരും രോഗികളും ആശുപത്രിക്കുള്ളില്‍ കയറി വാതിലടച്ചു. തുടര്‍ന്ന് ഇവര്‍ പഞ്ചായത്തില്‍ വിളിച്ച് കാര്യം അറിയിച്ചു. പഞ്ചായത്ത് അധികൃതര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് ഇയാളെ പിടികൂടി.
മദ്യലഹരിയിലായിരുന്നു ആക്രമണമെന്നും ഇയാള്‍ മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്നത് പതിവാണെന്നും നാട്ടുകാര്‍ പറഞ്ഞു. സ്ഥിരം മദ്യപാനിയും ലഹരിക്ക് അടിമയുമായ ഇയാള്‍ മേഖലയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത് പതിവാണ്.
സ്ത്രീകള്‍ മാത്രമുള്ളപ്പോള്‍ വീടുകളിലെത്തി ബഹളം വയ്ക്കുകയും അസഭ്യം പറയുകയും ചെയ്യുന്നതിനാല്‍ സ്വയരക്ഷയ്ക്കായി മുളക് കലക്കിയ വെള്ളം വീടുകളില്‍ സൂക്ഷിക്കുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു.
സ്ത്രീകള്‍ക്കു നേരേ ഇയാള്‍ നഗ്നതാ പ്രദര്‍ശനവും നടത്താറുണ്ടെന്നും ആരോപണമുണ്ട്. സംഭവമറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് പ്രീമി ലാലിച്ചന്‍, പഞ്ചായത്തംഗങ്ങളായ ഡി. വിജയകുമാര്‍, എം.എസ്. മഹേശ്വരന് തുടങ്ങിയവര്‍ സ്ഥലത്തെത്തി.