പാലത്തിനു വീതിയില്ല; മൂലമറ്റം-ഇലപ്പള്ളി റോഡിൽ ദുരിതയാത്ര
1576664
Friday, July 18, 2025 3:53 AM IST
മൂലമറ്റം: കെഎസ്ആർടിസിക്കു സമീപം മൂലമറ്റം - ഇലപ്പള്ളി റോഡിൽ വൈദ്യുതിബോർഡ് ജനറേഷൻ സർക്കിളിന്റെ മുന്നിലുള്ള പാലം വീതി കൂട്ടി നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പാലത്തിലൂടെ ഒരു വാഹനം കടന്നുപോയ ശേഷമേ എതിർവശത്തുനിന്നുള്ള വാഹനത്തിനു പോകാൻ കഴിയൂ.
പതിറ്റാണ്ടുകൾക്കു മുന്‍പ് ഇടുക്കി പദ്ധതിയുടെയും മൂലമറ്റം പവർ ഹൗസിന്റെയും നിർമാണം നടന്ന സമയത്ത് ജീവനക്കാർക്ക് താമസിക്കാനായി വനംവകുപ്പിൽനിന്ന് ഏറ്റെടുത്ത സ്ഥലത്താണ് ക്വാർട്ടേഴ്സും സർക്കിൾ ഓഫീസും നിർമിച്ചത്. അന്ന് വൈദ്യുതി ബോർഡിന്റെ ആവശ്യത്തിനായി നിർമിച്ച പാലമാണിത്. വീതി കുറച്ചാണ് പാലം നിർമിച്ചത്.
വർഷങ്ങൾക്കു ശേഷം മണപ്പാടി, ഇലപ്പള്ളി, കണ്ണിക്കൽ, പുത്തേട്, മൂന്നുങ്കവയൽ, ഇടാട് തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള റോഡ് മുറിച്ച് കനാൽ നിർമിച്ചതോടെ മറ്റു യാത്രാമാർഗങ്ങൾ ഇല്ലാതായി. ഇതോടെ ഈ പാലത്തിലൂടെയാണ് വാഗമണ്‍, പതിപ്പള്ളി, കണ്ണിക്കൽ, പുത്തേട്, ഇലപ്പള്ളി തുടങ്ങിയ മേഖലകളിലേക്കുള്ള യാത്രക്കാർ സഞ്ചരിക്കുന്നത്. ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളും ഇതുവഴിയാണ് കടന്നുപോകുന്നത്. ഇപ്പോൾ എറണാകുളം - തേക്കടി സംസ്ഥാന പാതയുടെ ഭാഗമാണ് പാലം.
പതിപ്പള്ളി ആദിവാസി മേഖലയിലേക്കും വാഗമണ്‍ റൂട്ടിലേക്കും ബസ് സർവീസുകൾ നടത്തിവരുന്നുണ്ട്. ഇതിനു പുറമേ കുമളി, തേക്കടി, വാഗമണ്‍ തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള നൂറു കണക്കിന് വിനോദ സഞ്ചാരികളുടെ വാഹനങ്ങളും ഇതു വഴിയാണ് സഞ്ചരിക്കുന്നത്. പാലത്തിന്റെ വീതി കുറവ് വാഹന ഗതാഗതത്തിനു തടസമുണ്ടാക്കുന്നു.
വാഹനങ്ങൾ വർധിച്ചപ്പോഴും പാലത്തിന് വീതിയില്ലാത്തതാണ് ദുരിതം സൃഷ്ടിക്കുന്നത്. പഴയ റോഡ് വൈദ്യുതിബോർഡ് മുറിച്ചെടുത്തതോടെ പാലം വീതി കൂട്ടി നിർമിക്കേണ്ടത് വൈദ്യുതി ബോർഡിന്റെ ഉത്തരവാദിത്വമാണെന്ന് നാട്ടുകാർ പറയുന്നു. അടിയന്തരമായി പാലം വീതികൂട്ടി നിർമിക്കണമെന്നാണ് ആവശ്യം.