ചിലവ്-മാരാന്പാറ റോഡ്: ആരോപണം അടിസ്ഥാനരഹിതമെന്ന്
1576661
Friday, July 18, 2025 3:53 AM IST
തൊടുപുഴ: ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ആലക്കോട് പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിലുള്ള ചിലവ്-മാരാന്പാറ റോഡ് നിർമാണത്തിൽ ത്രിതല പഞ്ചായത്തുകൾ അനാസ്ഥ കാണിക്കുന്നതായ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം, ബ്ലോക്ക് ഡിവിഷനംഗം മാത്യു കെ. ജോണ്, വാർഡംഗം ജാൻസി മാത്യു എന്നിവർ അറിയിച്ചു.
റോഡ് സഞ്ചാരയോഗ്യമല്ലാതായതോടെ ത്രിതല പഞ്ചായത്തംഗങ്ങൾ ഇടപെട്ട് നിർമാണത്തിന് ഫണ്ട് അനുവദിച്ചിരുന്നു. പി.ജെ. ജോസഫ് എംഎൽഎ 20 ലക്ഷവും ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷവും ആലക്കോട് പഞ്ചായത്ത് 13 ലക്ഷവും വീതം അനുവദിച്ച തുക ഉപയോഗിച്ച് റോഡിന്റെ ഭൂരിഭാഗം ജോലികളും പൂർത്തിയാക്കിയിരുന്നു. ശേഷിക്കുന്ന ഭാഗത്തെ നിർമാണത്തിനായി ജില്ലാ പഞ്ചായത്തംഗം പ്രഫ. എം.ജെ. ജേക്കബ് 10 ലക്ഷവുംകൂടി അനുവദിച്ച് പ്രവൃത്തി ടെൻഡർ ചെയ്തിട്ടുള്ളതാണ്.
കാലാവസ്ഥ പ്രതികൂലമായതിനാലാണ് കരാറുകാരൻ നിർമാണം തുടങ്ങാൻ താമസിക്കുന്നത്. റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കി പൊതുമരാമത്ത് മന്ത്രിക്കും തദ്ദേശവകുപ്പ് മന്ത്രിക്കും എംപി, എംഎൽഎ, പൊതുമരാമത്ത് വകുപ്പ് അസി. എക്സിക്യൂട്ടീവ് എൻജിനിയർ എന്നിവർക്കും കത്ത് നൽകിയിട്ടുള്ളതാണ്. കാലാവസ്ഥ അനുകൂലമാകുന്നതോടെ റോഡിന്റെ നിർമാണ ജോലി ആരംഭിക്കുമെന്ന് ബ്ലോക്ക് ഡിവിഷൻ മെംബർ മാത്യു കെ. ജോണ് അറിയിച്ചു.