കെണിയായി വൈദ്യുതി ട്രാൻസ്ഫോർമർ
1576938
Friday, July 18, 2025 11:34 PM IST
കുമളി: പഞ്ചായത്ത്, ആരോഗ്യ വകുപ്പുകളുടെ മൂക്കിനു കീഴെയാണ് കെഎസ്ഇബി മനുഷ്യ ജീവന് കെണിയൊരുക്കിയിരിക്കുന്നത്. ഇരുപത് വർഷങ്ങൾക്ക് മുൻപ് തേക്കടിക്കവലയിലെ ഈ ട്രാൻസ്ഫോർമറിന് തൊട്ടടുത്തായി ഏകദേശം 30 മീറ്റർ അകലെ കെട്ടിട നിർമാണത്തിനിടയിൽ തൊഴിലാളിക്ക് 11 കെവി ലൈനിൽ തട്ടി ജീവൻ നഷ്ടമായിരുന്നു. വൈദ്യുതി ലൈനിന്റെ കീഴെ ബഹുനില കെട്ടിടം അപകടകരമാംവിധം ഉയർന്നിട്ടും അന്ന് കെഎസ്ഇബി ഒരു സ്റ്റോപ്പ് മെമ്മോപോലും നൽകുവാൻ തയാറായില്ല. കെഎസ്ഇബി ഓഫീസിന്റെ ഏതാനും വാര അകലെയാണ് ഈ കെട്ടിടം ഉയർത്തിയത്.
റോഡരികിനോടു ചേർന്ന് വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച ട്രാൻസ്ഫോർമറിന് സമീപം നടപ്പാതയ്ക്കുപോലും സ്ഥലമില്ല. റോഡിന്റെ വശത്തെ വെള്ള വരയിൽ നിന്നും ഏതാനും അടി ദൂരം മാത്രമാണുള്ളത്. പണ്ട് കരിങ്കൽ കെട്ടിൽ സ്ഥാപിച്ച ട്രാൻസ്ഫോർമർ ഉയർത്തി സ്ഥാപിക്കാനോ അല്ലെങ്കിൽ മതിയായ സ്ഥലം കണ്ടെത്തി മാറ്റിസ്ഥാപിക്കാനോ നടപടിയില്ല.
നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ദേശീയ പാതയോരത്താണ് അപകടക്കെണിയായ ട്രാൻസ്ഫോർമർ ഉള്ളത്. ആളുകൾക്ക് കൈയെത്താവുന്ന ദൂരത്തിലും പൊക്കത്തിലുമാണ് ട്രാൻസ് ഫോമറിന്റെ സ്ഥാനം. റോഡിന്റെ വശത്തെ വെള്ള വരയോട് ചേർന്ന് ഓടയും തൊട്ടടുത്തായി ട്രാൻസ്ഫോർമറുമാണുള്ളത്. വഴിയാത്രക്കാരന് കാലൊന്ന് പിഴച്ചാലും അപകടമുണ്ടാകാം.