സംസ്ഥാന ധനകാര്യ കമ്മീഷൻ ജില്ലയിൽ സന്ദർശനം നടത്തി
1576937
Friday, July 18, 2025 11:34 PM IST
ഇടുക്കി: ജില്ലയിലെ ധനവിന്യാസവും ധനനിർവഹണവും സംബന്ധിച്ച വിഷയങ്ങൾ സർക്കാരിന് കൃത്യമായി ശിപാർശ ചെയ്യുമെന്ന് ഏഴാം ധനകാര്യ കമ്മീഷൻ അധ്യക്ഷൻ കെ.എൻ. ഹരിലാൽ. ധനകാര്യ കമ്മീഷൻ ജില്ലയിൽ നടത്തിയ സന്ദർശനത്തോടനുബന്ധിച്ച് നടന്ന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ ആസൂത്രണസമിതി അംഗങ്ങളുടെ നിർദേശങ്ങളും അഭിപ്രായങ്ങളും അറിയുന്നതിനായാണ് ധനകാര്യ കമ്മീഷൻ ജില്ല സന്ദർശിച്ചത്. ജില്ലയിലെ വിവിധ പദ്ധതികളുടെ നടത്തിപ്പും പദ്ധതികളുടെ സാന്പത്തിക വിനിയോഗവും കമ്മീഷൻ അവലോകനം ചെയ്തു.
വനം, കൃഷി, പട്ടികജാതി, പട്ടികവർഗ വികസനം, പൊതുമരാമത്ത് തുടങ്ങി വിവിധ വകുപ്പുകളുടെ പദ്ധതികളും ഫണ്ടുകളുമായി ബന്ധപ്പെട്ട ധനവിനിയോഗ പ്രശ്നങ്ങൾ, ഓഡിറ്റിംഗ് സംബന്ധിച്ച പരാതികൾ തുടങ്ങി വിവിധ വിഷയങ്ങൾ ജനപ്രതിനിധികൾ കമ്മീഷന് മുന്നിൽ ഉന്നയിച്ചു. കർഷകരുടെ ഉത്പന്നങ്ങൾക്ക് മിനിമം വില ഉറപ്പാക്കാൻ കാർഷിക വിപണനകേന്ദ്രങ്ങൾ ബ്ലോക്ക് പഞ്ചായത്ത് തലങ്ങളിൽ ആരംഭിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.
സിഎസ്ആർ ഫണ്ട് വിനിയോഗം, മനുഷ്യ-വന്യജീവി സംഘർഷം, തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ അഭാവം, വിധവ പുനരധിവാസ പദ്ധതി, ഗോത്രവർഗ മേഖലകളിൽ പദ്ധതി നടത്തിപ്പിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ, മാർഗനിർദേശങ്ങളിൽ വരുത്തേണ്ട മാറ്റം തുടങ്ങി നിരവിധി വിഷയങ്ങൾ കമ്മീഷനു മുന്നിലെത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേൽ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ വി. വിഗ്നേശ്വരി, ധനകാര്യ കമ്മീഷൻ സെക്രട്ടറി അനിൽ പ്രസാദ്, ജോയിന്റ് സെക്രട്ടറി എം. പ്രശാന്ത്, ജില്ലാ പ്ലാനിംഗ് ഓഫീസർ ദീപ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.