പാറക്കടവിലെ മാലിന്യനീക്കം ഇഴയുന്നു
1576928
Friday, July 18, 2025 11:34 PM IST
തൊടുപുഴ: നഗരസഭയുടെ പാറക്കടവ് ഡംപിംഗ് യാർഡിലെ മാലിന്യനീക്കം വൈകുന്നു. ബയോ മൈനിംഗ് പ്രക്രിയയിലൂടെ മാലിന്യം വേർതിരിച്ച് ഇവ പുനരുപയോഗം നടത്തി നീക്കംചെയ്ത് ഭൂമി വീണ്ടെടുക്കാനാണ് നഗരസഭയുടെ പദ്ധതി. എന്നാൽ മാലിന്യനീക്കവുമായി ബന്ധപ്പെട്ട് സ്വകാര്യ കന്പനിയുമായി കരാർ ഒപ്പിട്ട് ഒരു വർഷത്തോളമെത്തിയിട്ടും പകുതിയോളം മാത്രമേ ഇവിടെനിന്നും നീക്കാൻ കഴിഞ്ഞിട്ടുള്ളൂ.
കരാർ കാലാവധി തീർന്നിട്ടും മാലിന്യത്തിന്റെ നല്ലൊരു ഭാഗവും ഇവിടെ കിടക്കുകയാണ്. വേഗത്തിൽ പൂർത്തിയാക്കേണ്ട മാലിന്യ നീക്കം ഇപ്പോൾ മന്ദഗതിയിലാണ് നടന്നുവരുന്നത്. മഴ മൂലമാണ് മാലിന്യനീക്കം തടസപ്പെട്ടതെന്നാണ് നഗരസഭാ അധികൃതർ പറയുന്നത്. ശുചിത്വ മിഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
മാലിന്യം ശാസ്ത്രീയമായി വേർതിരിച്ച് സംസ്കരിക്കുകയും ഭൂമി ഉപയോഗ്യമാക്കുകയുമാണ് നഗരസഭയുടെ ലക്ഷ്യം. നാൽപ്പത് വർഷത്തോളമായി തൊടുപുഴ നഗരസഭയിൽനിന്നുള്ള മാലിന്യങ്ങൾ പാറക്കടവിലെ ഡംപിംഗ് യാർഡിലാണ് നിക്ഷേപിക്കുന്നത്. വർഷങ്ങളോളം മാലിന്യം നിക്ഷേപിച്ച് ഇവിടെ മാലിന്യമലതന്നെ രൂപപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പദ്ധതിയുമായി നഗരസഭാധികൃതർ രംഗത്തെത്തിയത്. കോഴിക്കോട് ആസ്ഥാനമായ സ്വകാര്യ സ്ഥാപനത്തിനാണ് മാലിന്യം നീക്കാൻ കോടികളുടെ കരാർ നൽകിയത്.
ഇതുവരെ 18,000 ക്യൂബിക് മീറ്ററോളം മാലിന്യം ശാസ്ത്രീയമായി വേർതിരിച്ചെന്നാണ് നഗരസഭാ അധികൃതർ പറയുന്നത്.
ആദ്യഘട്ടത്തിൽ തരംതിരിച്ച മാലിന്യം ലോറിയിൽ കയറ്റിയയച്ചാണ് പദ്ധതിക്കു തുടക്കമിട്ടത്. എന്നാൽ പിന്നീട് തരം തിരിക്കുന്ന ജോലി നടക്കുന്നുണ്ടെങ്കിലും മാലിന്യം കൂടുതലായി ഇവിടെനിന്നും കയറിപ്പോകുന്നില്ലെന്നാണ് ആക്ഷേപം. ബയോ മൈനിംഗ് പ്രവർത്തനം നടക്കുന്നതിനാൽ ടൗണിൽനിന്നുള്ള മാലിന്യം ഇപ്പോൾ ഡംപിംഗ് യാർഡിൽ നിക്ഷേപിക്കപ്പെടുന്നില്ല.
നേരത്തെ വ്യാപാര സ്ഥാപനങ്ങളിൽനിന്നും മറ്റുമുള്ള ഭക്ഷ്യ മാലിന്യങ്ങൾ ഉൾപ്പെടെ നഗരസഭ ശേഖരിച്ചിരുന്നു. ഇത് നിലവിൽ നിർത്തിവച്ചിരിക്കുകയാണ്. പാറക്കടവിലെ മാലിന്യ നീക്കം വേഗത്തിലാക്കണമെന്നാണ് പാറക്കടവ് ആർവി റെസിഡന്റ്സ് അസോസിയേഷൻ ആവശ്യപ്പെടുന്നത്.
മാലിന്യനീക്കത്തിനു
തടസം മഴ:
ചെയർമാൻ
കനത്ത മഴ മൂലമാണ് പാറക്കടവിലെ മാലിന്യനീക്കം തടസപ്പെട്ടതെന്ന് മുനിസിപ്പൽ ചെയർമാൻ കെ. ദീപക് പറഞ്ഞു. നിലവിലുണ്ടായിരുന്നതിൽ 60 ശതമാനത്തോളം മാലിന്യം നീക്കംചെയ്തു. പിന്നീട് ശക്തമായ മഴയായതിനാൽ മാലിന്യം തരംതിരിന്നതിന് തടസം നേരിടുകയാണ്. സ്വകാര്യ കന്പനിയുമായുള്ള കരാർ അവസാനിച്ചെങ്കിലും ഇത് നീട്ടി നൽകിയിട്ടുണ്ട്.
മാലിന്യം പ്രദേശത്തുതന്നെ വേർതിരിച്ചെടുക്കാൻ മതിയായ സ്ഥല സൗകര്യമില്ലാത്തത് പ്രതിസന്ധിയാണ്. പരമാവധി വേഗത്തിൽ മാലിന്യം നീക്കം ചെയ്ത് ഭൂമി വീണ്ടെടുത്ത് ഉപയോഗ പ്രദമാക്കാനാണ് നഗരസഭ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.