പുരസ്കാര നിറവിൽ ജില്ലയിലെ ആയുഷ് കേന്ദ്രങ്ങൾ
1576341
Thursday, July 17, 2025 12:03 AM IST
ഇടുക്കി: പ്രഥമ സംസ്ഥാന ആയുഷ്, കായകൽപ് അവാർഡിന്റെ നിറവിൽ ജില്ലയിലെ പത്ത് ആയുഷ് സ്ഥാപനങ്ങൾ. ആയുഷ് ഹെൽത്ത് ആന്‍ഡ് വെൽനസ് സെന്ററുകളിൽ കുടയത്തൂർ ഗവ. ആയുർവേദ ഡിസ്പെൻസറിയും ഹോമിയോപ്പതി വിഭാഗത്തിൽ പഴയരിക്കണ്ടം ഗവ. ഹോമിയോപതി ഡിസ്പെൻസറിയും ജില്ലയിൽ ഒന്നാം സ്ഥാനം നേടി.
ആലക്കോട്, വഴിത്തല, കോടിക്കുളം ആയുർവേദ ഡിസ്പെൻസറികൾക്കും ചുരുളി, ചില്ലിത്തോട്, കൊന്നത്തടി ഹോമിയോപതി ഡിസ്പെൻസറികൾക്കും 30,000 രൂപ വീതവും ജില്ലാ ഹോമിയോപ്പതി ആശുപത്രിക്ക് 1.5 ലക്ഷം രൂപയും പുഷ്പകണ്ടം സബ് ജില്ലാ ഹോമിയോപ്പതി ആശുപത്രിക്ക് ഒരു ലക്ഷം രൂപയും കമാൻഡേഷനായി പ്രഖ്യാപിച്ചു.
ജില്ലയിലെ 18 ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സ്ഥാപനങ്ങൾക്ക് എൻഎബിഎച്ച് അംഗീകാരം ലഭിക്കാനായി പ്രയത്നിച്ച 150 ജീവനക്കാരെ ആദരിച്ചു. ജില്ലാ കളക്ടർ വി. വിഗ്നേശ്വരി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ ഹോമിയോപ്പതി വകുപ്പ് മേധാവി ഡോ. വിനീത ആർ.പുഷ്കരൻ അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ.എസ്. ശ്രീദർശൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ. ജി.സത്യൻ, എം. ഭവ്യ, ഡോ. കെ.കെ. ജീന, ഡോ.ഇ.കെ. ഖയസ്, ഡോ. എം.എസ്. നൗഷാദ് , വി.എസ്. പ്രവീണ്‍ വി.എസ് എന്നിവർ പ്രസംഗിച്ചു.