നെടുങ്കണ്ടത്ത് മാലിന്യസംസ്കരണം നിലച്ചു, പകര്‍ച്ചവ്യാധിക്ക് സാധ്യത
1576945
Friday, July 18, 2025 11:34 PM IST
നെടുങ്കണ്ടം: പകര്‍ച്ചവ്യാധികള്‍ക്ക് വഴിയൊരുക്കി നെടുങ്കണ്ടം പഞ്ചായത്തിന്റെ മാലിന്യസംസ്കരണ പ്ലാന്റ്. ബേഡുമെട്ട് മാലിന്യ സംസ്കരണ പ്ലാന്റില്‍ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായതോടെ സംസ്കരിക്കാത്ത മാലിന്യങ്ങള്‍ പ്ലാന്റിന് ചുറ്റും കൂട്ടിയിട്ട നിലയിലാണ്. ജില്ലയിലെയും സംസ്ഥാനത്തെയും മികച്ച മാലിന്യ സംസ്കരണത്തിന് അവാര്‍ഡ് നേടിയ നെടുങ്കണ്ടം പഞ്ചായത്തിലാണ് അധികൃതരുടെ അനാസ്ഥമൂലം പ്രദേശവാസികള്‍ക്കു ദുരിതമായി മാലിന്യങ്ങള്‍ പഞ്ചായത്തുതന്നെ തള്ളുന്നത്.
പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍നിന്നും എത്തിക്കുന്ന മാലിന്യങ്ങള്‍ തരംതിരിച്ച് സംസ്കരിക്കുകയും ഇവ ജൈവവളമാക്കി സംസ്കരിക്കുകയും ചെയ്തിരുന്ന പ്ലാന്റിനാണ് ഈ ദുര്‍ഗതി. ഹരിതകര്‍മ സേനാംഗങ്ങള്‍ ശേഖരിക്കുന്ന മാലിന്യങ്ങള്‍ വാഹനത്തില്‍ എത്തിച്ച് പ്ലാന്റിന്റെ സമീപത്തെ റോഡില്‍ തള്ളിയ നിലയിലാണ്.
റോഡിലും കെട്ടിടത്തിന്റെ വശങ്ങളിലും ഉള്ളിലുമായി ടണ്‍കണക്കിന് മാലിന്യമാണ് കൂട്ടിയിട്ടിരിക്കുന്നത്. മഴക്കാലമായതോടെ ഇവ ചീഞ്ഞളിഞ്ഞ് പ്രദേശത്ത് ദുര്‍ഗന്ധം വ്യാപിച്ചിരിക്കുകയാണ്. മഴവെള്ളത്തോടൊപ്പം മാലിന്യം കലര്‍ന്ന വെള്ളം ജലസ്രോതസുകളിലേക്കും ഒഴുകിയെത്തുന്നുണ്ട്. അസഹനീയമായ ദുര്‍ഗന്ധംമൂലം വീടുകളില്‍ താമസിക്കാന്‍ സാധിക്കുന്നില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
പ്ലാസ്റ്റിക് റീസൈക്ലിംഗ് യൂണിറ്റ്, വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റം, വളം നിര്‍മാണ യൂണിറ്റ് ഉള്‍പ്പെടെ പ്ലാന്റിലെ സംവിധാനങ്ങളെല്ലാം നിശ്ചലമായ നിലയിലാണ്. പ്ലാന്റിനാവശ്യമായ ജലം ലഭ്യമാക്കുന്നതിനായി സ്ഥാപിച്ച മോട്ടോര്‍ വര്‍ഷങ്ങളായി പ്രവര്‍ത്തനരഹിതമാണ്.
ആറു ജീവനക്കാരാണ് ഇപ്പോള്‍ പ്ലാന്റിലുള്ളത്. ഇവര്‍ക്ക് സുരക്ഷിതമായി ജോലിചെയ്യുന്നതിന് ആവശ്യമായ സൗകര്യങ്ങളും പഞ്ചായത്ത് ഒരുക്കി നൽകിയിട്ടില്ല. അതിനാൽ ഇവരും രോഗഭീഷണിയിലാണ്. കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങള്‍ നായ്ക്കളുടെ വിഹാരകേന്ദ്രമായും മാറിയിട്ടുണ്ട്.
അഞ്ചു വര്‍ഷം മുമ്പ് പ്ലാന്റിലെ മുഴുവന്‍ മാലിന്യങ്ങളും യഥാസമയം സംസ്കരിച്ച് വളവും മറ്റ് ഉത്പന്നങ്ങളുമാക്കി മാറ്റിയിരുന്നു. പ്ലാന്റ് മനോഹരമാക്കുന്നതിനായി പൂച്ചെടികള്‍ ഉള്‍പ്പെടെ വച്ചുപിടിപ്പിച്ചിരുന്നു. ഇപ്പോൾ ഈ പൂന്തോട്ടത്തില്വരെ മാലിന്യങ്ങള്‍ തള്ളിയിരിക്കുകയാണ്.