മികവിന്റെ കേന്ദ്രങ്ങളാകാൻ കുടുംബശ്രീ സിഡിഎസുകൾ
1576674
Friday, July 18, 2025 3:54 AM IST
തൊടുപുഴ: ജില്ലയിൽ കുടുംബശ്രീ സിഡിഎസുകൾ മികവിന്റെ കേന്ദ്രങ്ങളാകാനൊരുങ്ങുന്നു. സംസ്ഥാന തലത്തിൽ കുടുംബശ്രീയും കിലയും ചേർന്ന് സിഡിഎസുകളെ ഐഎസ്ഒ നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി ജില്ലയിൽ പരിശീലനം തുടങ്ങി.
ആദ്യ ഘട്ടത്തിൽ ജില്ലയിലെ തെരഞ്ഞെടുത്ത 23 സിഡിഎസുകളെയാണ് ഐഎസ്ഒ നിലവാരത്തിലെത്തിക്കുകയെന്ന് അധികൃതർ പറഞ്ഞു. 22 ഗ്രാമ സിഡിഎസുകളും ഒരു നഗര സിഡിഎസുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. കില ഐഎസ്ഒ മാനേജർ ദീപ്തി ചന്ദ്രന്റെ മേൽനോട്ടത്തിൽ ജില്ലയിൽ മൂന്ന് ഘട്ടം പരിശീലനം പൂർത്തിയായി.
കരിമണ്ണൂർ, ഇരട്ടയാർ, ശാന്തൻപാറ എന്നിവിടങ്ങളിലാണ് പരിശീലനം നടത്തുന്നത്. ജില്ലയിലെ സിഡിഎസുകളെ മൂന്ന് ബാച്ചുകളായി തിരിച്ചാണ് പരിശീലനം. ഓരോ പരിശീലനത്തിന് ശേഷവും ഗുണനിലവാരം ഉയർത്താൻ ആവശ്യമായ ക്രമീകരണങ്ങൾ സിഡിഎസുകളിൽ നടപ്പാക്കുന്നുണ്ട്. ചെയർപേഴ്സണ്, മെംബർ സെക്രട്ടറി, വൈസ് ചെയർപേഴ്സണ്, അക്കൗണ്ടന്റ് എന്നിങ്ങനെ ഒരു സിഡിഎസിൽനിന്ന് നാലുപേർക്ക് വീതമാണ് പരിശീലനം നൽകുന്നത്.
ഗുണമേന്മാ നയം കൃത്യമായി നടപ്പാക്കിയാണ് ഐഎസ്ഒ സർട്ടിഫിക്കേഷൻ നൽകുന്നത്. സിഡിഎസ് ഓഫീസ് സംവിധാനത്തിന്റെയും വിഭവങ്ങളുടെയും കാര്യക്ഷമതയും ഫലപ്രാപ്തിയും ഗുണനിലവാരവും ഉറപ്പാക്കണം. തദ്ദേശ സ്വയംഭരണ വകുപ്പ് അംഗീകരിച്ച ബൈലോ പ്രകാരം ചെയ്യേണ്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കണം. സേവനങ്ങൾ സമയബന്ധിതമായി നൽകണം. പശ്ചാത്തല സൗകര്യങ്ങളുടെയും സംവിധാനങ്ങളുടെയും നിലവാരം നിർണയിച്ച് നിലനിർത്തണം. സ്ത്രീകൾ, ഭിന്നശേഷിയുള്ളവർ, കുട്ടികൾ, വയോജനങ്ങൾ, സാമൂഹ്യസാന്പത്തിക പിന്നാക്കാവസ്ഥയുള്ളവർ ഉൾപ്പെടെ എല്ലാ വിഭാഗങ്ങൾക്കും സമത്വം ഉറപ്പാക്കണം.
ഇവയ്ക്കു പുറമേ ജനങ്ങളിൽനിന്ന് അഭിപ്രായം ശേഖരിക്കാൻ സിറ്റിസണ് സർവേയും പുരോഗമിക്കുകയാണ്. സിഡിഎസിനെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും മികവും പോരായ്മകളും ചോദിച്ചറിയും. പോരായ്മകൾ പരിഹരിക്കും. സർട്ടിഫിക്കേഷൻ ലഭിച്ചാൽ അതാത് കാലാകാലങ്ങളിൽ പുതുക്കുകയും വേണമെന്നും അധികൃതർ പറഞ്ഞു.