പി. പളനിവേൽ തൊഴിലാളികൾക്കായി നിലയുറപ്പിച്ച നേതാവ്
1576669
Friday, July 18, 2025 3:54 AM IST
മൂന്നാർ: അന്തരിച്ച മുതിർന്ന സിപിഐ നേതാവ് പി. പളനിവേലിന്റെ വിയോഗത്തോടെ തൊഴിലാളികൾക്കുവേണ്ടി നിരന്തരം ഉയർന്നിരുന്ന ശബ്ദമാണ് നിലച്ചത്. ഹൈറേഞ്ചിലെ തോട്ടം മേഖലയിൽ പ്രത്യേകിച്ച് തേയിലത്തോട്ടത്തിൽ പണിയെടുക്കുന്ന ആയിരക്കണക്കിന് തൊഴിലാളികൾക്ക് ഏതു സമയത്തും സമീപിക്കാവുന്ന സൗമ്യ മുഖമായിരുന്നു. ദേവികുളത്തെ ട്രേഡ് യൂണിയനുകളിൽ ഏറ്റവും പ്രബലമായ എഐടിയുസിയുടെ ഭാഗമായി എന്നും സമരമുഖത്ത് ഉണ്ടായിരുന്ന പളനിവേൽ ഹൈറേഞ്ചിന്റെ കമ്യൂണിസ്റ്റ് മുഖമായിരുന്നു.
തൊഴിലാളികളുടെ അവകാശ സമരങ്ങളിൽ എന്നും മുൻപന്തിയിൽ ഉണ്ടായിരുന്ന അദ്ദേഹം അവസാന സമയം വരെയും രാഷ്ട്രീയ മേഖലയിൽ സജീവമായിരുന്നു. വി.എസ്.അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് മൂന്നാർ ഒഴിപ്പിക്കൽ നടപടിക്കെതിരേ ശക്തമായി രംഗത്തുവന്നിരുന്നു.
സിപിഐ യുടെ ഓഫീസ് കെട്ടിടം അനധികൃതമായി നിർമിച്ചതാണെന്ന് ചൂണ്ടിക്കാണിച്ച് കെട്ടിടത്തിനെതിരേ നടപടി എടുത്തതോടെ ശക്തമായ പ്രതിരോധം ഒരുക്കുന്നതിൽ അദ്ദേഹം നേതൃത്വം നൽകി. പൊന്പുള ഒരുമൈ സമരത്തിലും തൊഴിലാളികൾക്കൊപ്പം നിലകൊണ്ടു. സമരമുഖങ്ങളിൽ അണിയറ നീക്കങ്ങൾ നടത്തുന്നതിൽ പ്രാഗത്ഭ്യം പുലർത്തിയിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും മികവ് തെളിയിച്ചു.